അബ്രഹാം ഓസ്ലര്‍; കുടുംബ പ്രേക്ഷകര്‍ക്ക് കാണേണ്ടത് എന്നെ; യൂത്ത് തിയേറ്ററിലെത്തിയത് മറ്റൊരു മുഖം കാണാന്‍: ജയറാം
Film News
അബ്രഹാം ഓസ്ലര്‍; കുടുംബ പ്രേക്ഷകര്‍ക്ക് കാണേണ്ടത് എന്നെ; യൂത്ത് തിയേറ്ററിലെത്തിയത് മറ്റൊരു മുഖം കാണാന്‍: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th January 2024, 10:37 pm

മലയാള സിനിമയില്‍ ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച താരമായിരുന്നു ജയറാം. എന്നാല്‍ താരം കുറച്ചധികം നാളായി സ്വന്തം താത്പര്യ പ്രകാരം മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഒരു വലിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയായിരുന്നു.

ഇപ്പോള്‍ ജയറാമിന്റേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ചിത്രത്തിന് വളരെ വലിയ ഹൈപ്പ് തന്നെയായിരുന്നു ലഭിച്ചത്. ചിത്രം തിയേറ്ററിലെത്തിയതിന് ശേഷവും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജയറാം.

‘ഓസ്ലര്‍ എന്ന സിനിമയുടെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ, അതായത് എന്റെ അതിലെ ലുക്ക് പുറത്ത് വന്നപ്പോള്‍ തന്നെ എനിക്ക് സ്ഥിരമായി മെസേജ് ചെയ്യുന്നവരും മറ്റുള്ളവരും ഈ സിനിമക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു.

ഏകദേശം പത്ത് മാസത്തോളം ഈ മെസേജുകള്‍ ഉണ്ടായിരുന്നു. ആ സിനിമക്ക് കാത്തിരിക്കണമെന്നും അത് വലിയ വിജയമാകുമെന്നും എല്ലാവര്‍ക്കും തോന്നിയിരിക്കാം. പിന്നെ ഇതിനകത്ത് മറ്റൊരു മുഖം കൂടെ ഉണ്ടെന്നകാര്യം മനസിലായപ്പോള്‍ യൂത്ത് കൂടെ ഈ സിനിമ കാണാന്‍ എത്തി. കുടുംബ പ്രേക്ഷകര്‍ എന്നെ കാണാന്‍ വന്നപ്പോള്‍ യൂത്ത് ആ വ്യക്തിയെ കാണാനാണ് എത്തിയത്,’ ജയറാം പറഞ്ഞു.

അബ്രഹാം ഓസ്ലര്‍ എന്ന ത്രില്ലര്‍ ചിത്രത്തോടെ മമ്മൂട്ടി – മോഹന്‍ലാല്‍ – സുരേഷ് ഗോപി എന്ന മൂന്ന് പേരുകളുടെ കൂടെ ജയറാം എന്ന പേര് വീണ്ടും ചേര്‍ത്തുവെക്കുമ്പോള്‍ ഇനി പ്രേക്ഷകരെ നിരാശപെടുത്തില്ലെന്ന് ഉറപ്പിക്കാമോ എന്ന ചോദ്യത്തിനും താരം മറുപടി നല്‍കി.

‘പ്രേക്ഷകരെ ഇനി ഞാന്‍ നിരാശപെടുത്തില്ലെന്ന് നൂറ് ശതമാനവും ഉറപ്പിക്കാം. ഇനി ഞാന്‍ അത് കൈവിടില്ല. കാരണം ഇന്നലെ ഞാന്‍ കുറേ തിയേറ്ററുകളില്‍ പോയിരുന്നു. അവിടെയൊക്കെ എക്സ്ട്രാ ഷോ കൊണ്ടുവരണമെങ്കില്‍ എന്തായാലും കുടുംബ പ്രേക്ഷകര്‍ തന്നെ വേണം.

അമ്മമാരും കുട്ടികളും മരുമക്കളും എല്ലാം ചേര്‍ന്ന് വന്ന് കുടുംബത്തോടെ ടിക്കറ്റ് എടുക്കുന്നത് ഇന്നലെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നു. അത് മുപ്പത്തിയഞ്ച് വര്‍ഷം കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത സ്നേഹമാണ്. അത് ഞാന്‍ ഇനി മിസ്സാക്കില്ല,’ ജയറാം പറയുന്നു.


Content Highlight: Jayaram Talks About Abraham Ozler And Mammootty