2009ൽ ദീപു കരുണാകരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് വിന്റർ. ജയറാം, ഭാവന എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രം ഒരു സൈക്കോ ത്രില്ലർ സിനിമയായിരുന്നു. കാലങ്ങൾക്കിപ്പുറം ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്ന സിനിമയാണ് വിന്റർ.
ഇതിനിടയിൽ വിന്ററിന്റെ രണ്ടാംഭാഗം വരുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. വിന്ററിനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. പ്രതീക്ഷിച്ച വിജയം നേടാതെ പോയ ഒരു ചിത്രമാണ് വിന്ററെന്നും എന്നാൽ അന്നത്തെ കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഇന്ന് ചർച്ചയായെന്നും ജയറാം പറയുന്നു.
നല്ല രസമായി എടുത്ത ചിത്രമായിരുന്നിട്ടും റിലീസിങ്ങിൽ വന്ന പ്രശ്നങ്ങൾ കാരണം പരാജയപ്പെട്ട സിനിമയാണ് വിന്ററെന്നും ജയറാം പറഞ്ഞു. അൺഫിൽറ്റേർഡ് ബൈ അപർണയോട് സംസാരിക്കുകയായിരുന്നു ജയറാം.
‘ഒരുപാട് സിനിമകൾ പ്രതീക്ഷിച്ച വിജയം നേടാതെ പോയിട്ടുണ്ട്. ആ കൂട്ടത്തിൽ ഒന്നാണ് വിന്റർ. അന്നത്തെ കാലത്ത് വർക്ക് ആവാതെ ഇരിക്കുകയും പിൽക്കാലത്ത് ശ്രദ്ധിക്കപ്പെടുകയും ചെയ്ത ചിത്രമാണ് വിന്റർ.
വിന്റർ നല്ല സിനിമയായിരുന്നു. വളരെ രസകരമായി ചെയ്ത ചിത്രമായിരുന്നു. പക്ഷെ പ്രോപ്പർ റിലീസ് അല്ലാത്തത് കൊണ്ട് മാത്രം പരാജയപ്പെട്ട സിനിമയാണത്.
സിനിമയ്ക്ക് ഒരുപാട് ഘടകളുണ്ട്. സിനിമ നന്നായി എടുത്താൽ മാത്രം പോര അത് കറക്റ്റായി ജനങ്ങളിലേക്ക് എത്തുകയും വേണം. നല്ല രീതിയിൽ റീച്ച് ഉണ്ടാവണം, തിയേറ്റർ റിലീസ് ശരിയാവണം,പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ കഴിയണം.
ഇന്നത്തെ കാലത്ത് അത് വലിയൊരു ചലഞ്ചാണ്. ഒരു സിനിമ എടുക്കുന്നത് വളരെ ഈസിയാണ്. പക്ഷെ എടുത്ത് തിയേറ്ററിലേക്ക് എത്തിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഇപ്പോൾ പ്ലാറ്റഫോമുകൾ കൂടിയപ്പോൾ അത് കുറച്ചുകൂടെ എളുപ്പമായിട്ടുണ്ട്. എന്നാലും ആളുകളെ ആകർഷിക്കുന്ന എന്തെങ്കിലും ഒരു ഘടകം സിനിമയ്ക്ക് വേണം,’ജയറാം പറയുന്നു.
Content Highlight: jayaram talk About winter Movie