ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മുഴുനീള വേഷത്തിൽ എത്തിയ മലയാള സിനിമയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ.
അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ ഒരുക്കുന്ന ഇമോഷണൽ ത്രില്ലർ ചിത്രമാണ് ഓസ്ലർ. ചിത്രത്തിൽ മമ്മൂട്ടിയും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായാണ് ചിത്രത്തെ എല്ലാവരും കാണുന്നത്.
മലയാളികൾ തന്നെ കൈവിടില്ലെന്ന് ഉറപ്പായിരുന്നുവെന്നും ഓസ്‌ലർ പോലൊരു വിജയം ഏറെ നാളായി താൻ ആഗ്രഹിക്കുന്നതാണ് എന്നും ജയറാം പറയുന്നു. നല്ല സിനിമകൾ കിട്ടിയാൽ പഴയതിനേക്കാൾ ശക്തമായി താൻ ഇവിടെ ഉണ്ടാകുമെന്നും ജയറാം മാതൃഭൂമിയോട് പറഞ്ഞു.
‘എന്റെ മലയാളികൾ എന്നെ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. എപ്പോഴായാലും എവിടെ വീണുപോയാലും അവരെനിക്ക് ഒരു കച്ചിത്തുരുമ്പ് ഇട്ടുതന്ന് ‘കേറിവാ മക്കളേ’ എന്നുപറയും. ഓസ്‌ലറിൻ്റെ വിജയം ഏറെ മധുരമേറിയതാണ്. ഈ ജോലി ചെയ്യുന്ന ഏതൊരാളെ സംബന്ധിച്ചും ഇത്തരമൊരു വിജയമുണ്ടാക്കുന്ന സന്തോഷം വളരെ വളരെ വലുതാണ്.
ഒരിടവേളയ്ക്കു ശേഷം മലയാളസിനിമയിൽ ഓസ്റിലൂടെ വലിയൊരു എൻട്രി ലഭിച്ചു, സിനിമ പുതുവർഷത്തെ ആദ്യ സൂപ്പർഹിറ്റായും മാറി. ഞാൻ ഏറെനാളായി കാത്തിരുന്ന വിജയമാണിത്. അതിലുപരി ഇത്രയും ഇടവേളയ്ക്കു ശേഷവും എന്നെ ഇഷ്ടപ്പെടുന്ന അമ്മമാരും കുട്ടികളുമൊക്കെ അടങ്ങുന്ന കുടുംബ പ്രേക്ഷകർ മുഴുവൻ തിയേറ്ററിലേക്ക് വന്ന് സിനിമ കണ്ടതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്.
തിയേറ്റർവിസിറ്റിന് ചെല്ലുമ്പോൾ എല്ലായിടങ്ങളിൽനിന്നും ആ സ്നേഹം ഞാൻ അനുഭവിച്ചറിയുന്നുണ്ട്. അവർക്കെല്ലാം ഞാൻ എത്ര മേൽ പ്രിയപ്പെട്ടതാണെന്ന് വീണ്ടും തിരിച്ചറിയുന്നു. ഇനിയും നല്ലസിനിമകളുമായി മലയാളികളിലേക്ക് എത്തിയാൽ പഴയതിനെക്കാൾ ശക്തമായി ഞാൻ ഇവിടെയുണ്ടാകും എന്ന കാര്യം ഉറപ്പാണ്. അത്തരത്തിൽ നല്ല സിനിമകൾ മാത്രമേ ഇനി മലയാളത്തിൽ ചെയ്യുകയുള്ളൂവെന്ന് ഉറപ്പ് നൽകുന്നു,’ജയറാം പറയുന്നു
Content Highlight: Jayaram Talk About Success Of Ozler Movie