| Saturday, 13th January 2024, 7:35 pm

ജീവിതത്തിൽ അവരെ വിളിക്കാതിരിക്കുക എന്നതാണ് കാര്യം, ഞാൻ വിളിച്ച് ശല്യപ്പെടുത്താറില്ല: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട നടനാണ് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ മലയാള സിനിമയിൽ എത്തിയ അദ്ദേഹം അന്യഭാഷകളിലടക്കം നിരവധി വേഷങ്ങളിൽ ഇതിനോടകം ഭാഗമായിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അബ്രഹാം ഓസ്‌ലറാണ് ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ മമ്മൂട്ടിയും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ബോക്സ്‌ ഓഫീസിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ജയറാമിന് മറ്റ് അഭിനേതാക്കളോടുള്ള ആത്മബന്ധമെല്ലാം മലയാളികൾക്ക് സുപരിചിതമായ കാര്യമാണ്. എന്നാൽ താൻ മറ്റ് താരങ്ങളെയൊന്നും അങ്ങോട്ട് വിളിക്കാറില്ല എന്നാണ് ജയറാം പറയുന്നത്.

ഒരു വട്ടം വിളിച്ചെന്ന് കരുതി അടുത്ത ദിവസവും അത് തന്നെ ആവർത്തിക്കരുതെന്നും അതവരെ ശല്യപെടുത്തുന്നതിന് തുല്യമാണെന്നും ജയറാം പറയുന്നു. ചില ബന്ധങ്ങൾ നിലനിൽക്കുന്നത് അത് കൊണ്ടാണെന്നും സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ജീവിതത്തിൽ അവരെ വിളിക്കാതിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഒരു ഫോൺ കോൾ മാത്രമാണെങ്കിൽ കുഴപ്പമില്ല. അതിനെ തുടർന്ന് അടുത്ത ദിവസവും അവരെ വിളിക്കാൻ പോവരുത്.

കമൽ സാർ ഇടയ്ക്ക് വിളിക്കും. അതുപോലെ മമ്മൂക്കയൊക്കെ ഇടയ്ക്ക് വിളിച്ചാൽ ശബ്‌ദം കേട്ടാൽ തന്നെ നമുക്ക് മനസിലാവും അദ്ദേഹമാണെന്ന്. അങ്ങനെ അവർ ഇങ്ങോട്ട് വിളിക്കുകയെന്നല്ലാതെ ഞാനായിട്ട് അവരെ അങ്ങോട്ട് വിളിച്ച് ശല്യപ്പെടുത്താറില്ല.

അതുകൊണ്ടായിരിക്കും ചിലപ്പോൾ എന്നും നല്ല ബന്ധങ്ങൾ നിലനിൽക്കുന്നത്,’ജയറാം പറയുന്നു.

Content Highlight: Jayaram Talk About Relation With Other Actors

We use cookies to give you the best possible experience. Learn more