അന്നെനിക്ക് റീ ലൈഫ് തന്നത് ആ സംവിധായകനാണ്, ഞങ്ങളുടെ സിനിമ കേരളത്തിന്റെ അതിർത്തിയും കടന്ന് മുന്നേറി: ജയറാം
Entertainment
അന്നെനിക്ക് റീ ലൈഫ് തന്നത് ആ സംവിധായകനാണ്, ഞങ്ങളുടെ സിനിമ കേരളത്തിന്റെ അതിർത്തിയും കടന്ന് മുന്നേറി: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th January 2024, 9:55 pm

ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മുഴുനീള വേഷത്തിൽ എത്തിയ മലയാള സിനിമയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലർ. അഞ്ചാം പാതിരാ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനുശേഷം മിഥുൻ ഒരുക്കുന്ന ഇമോഷണൽ ത്രില്ലർ ചിത്രമാണ് ഓസ്ലർ.

ചിത്രത്തിൽ മമ്മൂട്ടിയും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായാണ് ചിത്രത്തെ എല്ലാവരും കാണുന്നത്.

ഒരുകാലത്ത് മലയാളത്തിൽ തുടരെത്തുടരെ ഹിറ്റുകൾ സമ്മാനിച്ച നായകനാണ് ജയറാം. ഒരുപാട് സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുള്ള ജയറാം രാജസേനനെ കുറിച്ച് സംസാരിക്കുകയാണ്.

നിരവധി ഹിറ്റ്‌ ചിത്രങ്ങൾ പിറന്ന ഹിറ്റ്‌ കോമ്പോയാണ് ജയറാം – രാജസേനൻ. ഒരു ഘട്ടത്തിൽ തനിക്ക് റീ ലൈഫ് തന്ന സംവിധായകനാണ് രാജസേനനെന്നും മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം കേരളത്തിന്റെ അതിർത്തി കടന്നുവരെ സഞ്ചരിച്ചിരുന്നുവെന്നും ജയറാം പറയുന്നു.

ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വളരെ ദുർഘടമായ ഒരു ഘട്ടത്തിൽ എനിക്കൊരു റീ ലൈഫ് തന്ന സംവിധായകനാണ് രാജസേനൻ. സേനന്റെ കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം തുടങ്ങിയ സിനിമകളെല്ലാം കുടുംബ പ്രേക്ഷകർക്കിടയിലേക്ക് എന്നെ സ്വീകാര്യനാക്കാൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അങ്ങനെ വന്ന് വന്ന് എനിക്ക് വാലിയൊരു ഉയർച്ച തന്ന സിനിമയാണ് മേലെപ്പറമ്പിൽ ആൺവീട്.

അന്ന് കേരളത്തിന്റെ അതിർത്തി വിട്ട് വരെ ആ സിനിമ സഞ്ചരിച്ചു എന്നത് വലിയൊരു കാര്യമാണ്.

അവിടുന്ന് അങ്ങോട്ട് അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ എന്റെ താരപദവിയെ തുടർച്ചയായി ഉയരാൻ സഹായിച്ച സിനിമകളാണ്,’ ജയറാം പറയുന്നു.

Content Highlight: Jayaram Talk About Rajasenan