മലയാളികളുടെ പ്രിയ നടനാണ് ജയറാം. കാലങ്ങളായി മലയാള സിനിമയിൽ വ്യത്യസ്ത വേഷങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അദ്ദേഹം പത്മരാജൻ തന്നോട് പറഞ്ഞ ഒരു കഥയെ കുറിച്ച് പറയുകയാണ് ഇപ്പോൾ.
അന്ന് തനിക്കൊരു വിഷമം വന്നാൽ തുറന്നു പറഞ്ഞിരുന്നത് പത്മരാജനോടായിരുന്നുവെന്നും അന്നദ്ദേഹം ഇന്നത്തെ പാൻ ഇന്ത്യൻ സിനിമ പോലൊരു ചിത്രത്തിന്റെ കഥ തന്നോട് പറഞ്ഞിരുന്നെന്നും പറയുകയാണ് ജയറാം. ആ സിനിമ നടന്നിരുന്നുവെങ്കിൽ തന്റെ കരിയറിൽ തന്നെ വലിയ മാറ്റമുണ്ടായേനെയെന്നും ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘അന്നത്തെ കാലത്ത് എനിക്കൊരു വിഷമം വന്ന് കഴിഞ്ഞാൽ എനിക്ക് ചെന്ന് പറയാൻ കഴിയുന്ന ഒരാളായിരുന്നു പത്മരാജേട്ടൻ. എനിക്കെന്റെ വളർത്തച്ചനെ പോലെയായിരുന്നു. ഞാൻ അഭിനയിച്ച കേളിയെന്ന സിനിമയുടെ ഷൂട്ട് ഒറ്റപ്പാലത്ത് വെച്ച് നടക്കുമ്പോൾ പപ്പേട്ടൻ എന്നെ കാണാൻ വിളിച്ചിരുന്നു.
അന്നെന്റെ കുറേ സിനിമകൾ പരാജയപ്പെട്ടിരിക്കുന്ന സമയമായിരുന്നു. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്,വിഷമിക്കേണ്ടെടാ ഞാൻ അടുത്ത പടം ചെയ്യുന്നത് നിനക്ക് വേണ്ടിയാണ് എന്നായിരുന്നു. അന്ന് കുറേ നേരം അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു. എന്റെ കണ്ണൊക്കെ നിറഞ്ഞ് പോയി.
അദ്ദേഹം എനിക്കൊരു ഭയങ്കര കഥ പറഞ്ഞു തന്നു. ചിലപ്പോൾ ആ സിനിമ നടന്നിരുന്നെങ്കിൽ എന്റെ കരിയർ വേറേ വഴിയിലേക്ക് പോവുമായിരുന്നു. അന്നത്തെ കാലത്ത് തന്നെ ഇന്നത്തെ പാൻ ഇന്ത്യയെന്ന് പറയുന്ന പോലെ പല ഭാഷയിലുള്ള പല ഭാഗത്തുള്ള ആളുകൾ അതിനകത്ത് ഉണ്ടായേനെ.
തിരുവനന്തപുരത്ത് നിന്ന് ദൽഹിയിലേക്ക് പോവുന്ന ഒരു കൂട്ടം കായിക താരങ്ങളുടെ കഥയായിരുന്നു അത്. ഞാൻ അവരുടെ മാനേജറാണ്. കേൾവി ശക്തി നഷ്ടമായ ഒരു സ്വിമ്മറാണ് ഞാൻ. അങ്ങനെ ഒരു ഭയങ്കര കഥയായിരുന്നു അത്.