ഏറെ നാളുകൾക്ക് ശേഷമുള്ള ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് മിഥുൻ മാനുവൽ തോമസിന്റെ അബ്രഹാം ഓസ്‌ലർ.
ഏറെ നാളുകൾക്ക് ശേഷമുള്ള ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവായി പരിഗണിക്കപ്പെടുന്ന ചിത്രമാണ് മിഥുൻ മാനുവൽ തോമസിന്റെ അബ്രഹാം ഓസ്‌ലർ.
അഞ്ചാം പാതിരയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ ഒരുക്കിയ ഓസ്‌ലർ ഒരു ഇമോഷണൽ ത്രില്ലറാണ്. ചിത്രത്തിൽ മമ്മൂട്ടിയും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു. ഓസ്‌ലറിലേക്ക് മമ്മൂട്ടി വരാനുണ്ടായ സാഹചര്യത്തെ കുറിച്ച് പറയുകയാണ് ജയറാം.
ഓസ്ലറിലെ വേഷം മമ്മൂട്ടി ചോദിച്ച് വാങ്ങിയതാണ് എന്നാണ് ജയറാം പറയുന്നത്. ഒരിക്കൽ മിഥുൻ മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ ചിത്രത്തിലെ അലക്സാണ്ടർ എന്ന കഥാപാത്രം തനിക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞെന്നും ജയറാം പറയുന്നു. മമ്മൂട്ടിയുടെ എൻട്രി സിനിമയ്ക്ക് വലിയ ഗുണമായെന്നും ജയറാം മാതൃഭൂമിയോട് പറഞ്ഞു.
‘ഇപ്പോഴും അഭിനയത്തോട് അടങ്ങാത്ത ദാഹമുള്ള നടനാണ് മമ്മൂക്ക. വ്യത്യസ്തമായ കഥാപാത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അദ്ദേഹം ചോദിച്ചുവാങ്ങും. ഓസ്‌ലറിലെ കഥാപാത്രമായും അദ്ദേഹമെത്തിയത് അങ്ങനെയാണ്.
ഓസ്‌ലറിലെ ആ പ്രധാന കഥാപാത്രം വലിയൊരു താരം ചെയ്യണമെന്ന് ആദ്യമേതന്നെ ഞങ്ങളുറപ്പിച്ചിരുന്നു. പല ഓപ്ഷനുകൾ അതിനായി നോക്കുകയുംചെയ്തു. അതിനിടെ യാദൃച്ഛികമായാണ് മമ്മൂക്കയുമായുള്ള ഒരു മീറ്റിങ്ങിനിടെ മിഥുൻ, ഓസ്‌ലറിൻ്റെ കഥ അദ്ദേഹത്തോട് പറയുന്നത്.
കഥ പറഞ്ഞുതീർന്നപ്പോൾ അലക്സാണ്ടർ എന്ന കഥാപാത്രം ആരാണു ചെയ്യുന്നതെന്ന് മമ്മൂക്ക ചോദിച്ചു. ഇതുവരെ തീരുമാനമായില്ലെന്ന് മിഥുൻ പറഞ്ഞപ്പോൾ ഞാൻ ചെയ്യട്ടെയെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. ആദ്യം മിഥുനൊന്ന് ഞെട്ടി. ‘അതുവേണ്ട മമ്മൂക്ക, നിങ്ങളൊക്കെ വന്നാൽ അത് വലിയ പണിയാകും’ എന്നു പറഞ്ഞ് മിഥുൻ ഒഴിഞ്ഞു. താൻ തമാശ പറഞ്ഞതല്ലെന്നും അലക്സാണ്ടർ എന്ന കഥാപാത്രം തനിക്ക് ഏറെ ഇഷ്ടമായെന്നും പറ്റുമെങ്കിൽ തരണമെന്നും മമ്മൂക്ക ആവർത്തിച്ചു.
മറുപടിപറയാതെ മിഥുൻ ഈ കാര്യം ഞങ്ങളോട് വന്നുപറഞ്ഞു. മമ്മൂക്ക തമാശയ്ക്ക് പറഞ്ഞതല്ലെങ്കിൽ നമുക്കൊന്ന് ആലോചിച്ചുടെ എന്നായി ഞങ്ങൾ. അങ്ങനെ വീണ്ടും മിഥുൻ ചെന്ന് മമ്മൂക്കയോട് താത്പര്യമറിയിച്ചതോടെയാണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയത്. മമ്മൂക്കയുടെ എൻട്രി ഈ സിനിമയ്ക്ക് തിയേറ്ററിൽ വലിയ ഗുണംചെയ്തു,’ജയറാം പറയുന്നു.
Content Highlight: Jayaram Talk About Mammooty And Ozler Movie