അവന്റെ ഏറ്റവും വലിയ നഷ്ടമാണത്, എന്റെ ഭാഗ്യവും: ജയറാം
Entertainment
അവന്റെ ഏറ്റവും വലിയ നഷ്ടമാണത്, എന്റെ ഭാഗ്യവും: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2024, 3:31 pm

മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച നടനാണ് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ നായകനായി കടന്നുവന്ന അദ്ദേഹം കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇന്ന് ജീവിച്ചിരിക്കാത്ത ഒരുപാട് അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ ജയറാമിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

തിരിഞ്ഞു നോക്കുമ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് അതെന്നാണ് ജയറാം പറയുന്നത്. വർഷങ്ങൾക്കു മുമ്പ് തന്നെ സംവിധായകൻ മണിരത്നം ഇതിനെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു ജയറാം.

‘മണിരത്നം എന്നോട് ഒരു പത്തിരുപത്തഞ്ചു വർഷം മുന്നെ  പറഞ്ഞിട്ടുണ്ട് മലയാള സിനിമയെ കുറിച്ച്. മലയാളം പോലെ ഇത്രയും അനുഗ്രഹീതമായ ഒരു ഭാഷ ലോകത്ത് ഇല്ലായെന്ന്. ലോകത്ത് ഇങ്ങനെ വേറെയൊരു ഭാഷയില്ലെന്നാണ് പറഞ്ഞത്. കാരണം ഒന്ന് കഴിഞ്ഞാൽ വേറേ ഒരാൾ. അയാൾ കഴിഞ്ഞാൽ വേറേ ഒരാൾ അങ്ങനെ എത്ര അഭിനേതാക്കളാണ് മലയാളത്തിൽ.

ഓപ്ഷൻസ് ഇങ്ങനെ ഇരിക്കുകയാണ്. ഒരു വേഷം ചെയ്യണമെങ്കിൽ അമ്പത് പേരുണ്ട്. മലയാളത്തിൽ അല്ലാതെ ലോക സിനിമയിൽ വേറെയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയുള്ള വലിയ അഭിനേതാക്കളോടൊപ്പം അഭിനയിക്കാൻ പറ്റിയതാണ് ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോൾ എന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഞാൻ വിശ്വസിക്കുന്നു,’ജയറാം പറയുന്നു.

അന്നത്തെ അഭിനേതാക്കളോടൊപ്പം സിനിമകൾ ചെയ്യാൻ കഴിയാഞ്ഞത് വലിയ നഷ്ടമാണെന്ന് മകൻ കാളിദാസ് ജയറാം പറയാറുണ്ടെന്നും ജയറാം കൂട്ടിച്ചേർത്തു.

‘എന്റെ മകൻ ഏറ്റവും വലിയ നഷ്ടമായി പറയുന്ന കാര്യമാണത്. പഴയ സിനിമകളൊക്കെ കാണുമ്പോൾ അവൻ പറയും അവരുടെ കൂടെയൊന്നും അഭിനയിക്കാൻ ഒരു അവസരം എനിക്ക് കിട്ടിയില്ലായെന്ന്,’ജയറാം പറഞ്ഞു.

Content Highlight: Jayaram Talk About Kalidas Jayaram