മലയാളികളുടെ പ്രിയ നടനാണ് ജയറാം. പത്മരാജൻ ഒരുക്കിയ അപരനിലൂടെ തന്റെ സിനിമാകരിയർ ആരംഭിച്ച ജയറാം അന്യഭാഷയിൽ അടക്കം നിരവധി വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഒരു സമയത്ത് തുടർച്ചയായി വിജയ ചിത്രങ്ങൾ സമ്മാനിച്ച ജയറാം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ്.
പിന്നീട് തുടർപരാജയങ്ങൾക്ക് ശേഷം മലയാളത്തിൽ ഒരു ഇടവേള എടുക്കുകയും അന്യഭാഷയിൽ കൂടുതൽ സജീവമാവുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ മിഥുൻ മാനുവൽ ചിത്രം അബ്രഹാം ഓസ്ലറിലൂടെ ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് ജയറാം.
പണ്ടത്തെ ജയറാം ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്ന താരങ്ങൾ ആയിരുന്നു ജഗദീഷും ഇന്ദ്രൻസുമെല്ലാം. ഇരുവരും ഇപ്പോൾ മറ്റൊരു തലത്തിൽ അഭിനയിക്കുന്ന താരങ്ങളാണ്. അവരെ കുറിച്ച് സംസാരിക്കുകയാണ് ജയറാം.
അടുത്ത കാലത്ത് വലിയ മാറ്റം വന്ന താരങ്ങളാണ് ജഗദീഷും ഇന്ദ്രൻസുമെന്നും അവരുടെ മാറ്റം ഒരു അത്ഭുതമാണെന്നും ജയറാം പറയുന്നു. ഇരുവരും ഇപ്പോൾ വേറെ ലെവലിലേക്ക് എത്തിയെന്നും മൂവി വേൾഡ് മീഡിയയക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ഓസ്ലറിൽ ജഗദീഷ് എന്നെ ഞെട്ടിച്ചു കളഞ്ഞു. അടുത്തകാലത്ത് ഭയങ്കര മാറ്റം വന്ന രണ്ട് അഭിനേതാക്കളാണ് ഇന്ദ്രൻസും ജഗദീഷും. എങ്ങനെ ട്രാൻസിഷൻ കറക്റ്റ് കൊണ്ട് ഇപ്പോൾ ഉള്ളതിലേക്ക് എത്തിച്ചു എന്നതാണ് അത്ഭുതം. ആ തമാശ ക്യാരക്ടറിൽ നിന്ന് മാറി മാറി ഇവിടെ വരെയെത്തി. ജഗദീഷിനൊക്കെ എന്തൊരു മാറ്റമാണ്.
ആ കാക്ക തൂറിയെന്ന് പറയുന്നിടത്ത് നിന്നെല്ലാം മാറി വന്ന് വേറേ ലെവലിലേക്ക് എത്തിയില്ലേ. ഇന്ദ്രൻസും അതുപോലെയാണ്. ഒരുപാട് മുന്നിലേക്ക് വന്ന നടനാണ്,’ ജയറാം പറയുന്നു.
Content Highlight: Jayaram Talk About Indrans And Jagadheesh