മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച നടനാണ് ജയറാം.
മലയാള സിനിമയിൽ മികച്ച തുടക്കം ലഭിച്ച നടനാണ് ജയറാം.
പത്മരാജൻ ഒരുക്കിയ അപരനിലൂടെ നായകനായി കടന്നുവന്ന അദ്ദേഹം കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. സത്യൻ അന്തിക്കാട്, കമൽ, രാജസേനൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലൂടെ മലയാളികൾക്കിടയിൽ വലിയ സ്ഥാനം നേടാൻ ജയറാമിന് കഴിഞ്ഞിരുന്നു.
എന്നാൽ പിന്നീട് തുടർ പരാജയങ്ങളിലേക്ക് വീണുപോയ ജയറാമിനെയായിരുന്നു പ്രേക്ഷകർ കണ്ടത്. മലയാളത്തേക്കാൾ അന്യഭാഷകളിൽ തിരക്കുള്ള നടനാണ് ജയറാമിപ്പോൾ. ഈ വർഷം തുടക്കത്തിൽ റിലീസായ അബ്രഹാം ഓസ്‌ലർ എന്ന മിഥുൻ മാനുവൽ തോമസ് ചിത്രത്തിലൂടെ ജയറാം മലയാളത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരുന്നു.
തന്റെ അടുത്ത മലയാള ചിത്രം ഓസ്‌ലറിന്റെ രണ്ടാം ഭാഗമായിരിക്കുമെന്നാണ് ജയറാം പറയുന്നത്. മലയാള മനോരമ ദിനപത്രത്തോട് പുതിയ സിനിമ വിശേഷങ്ങൾ പറയുകയായിരുന്നു അദ്ദേഹം. വിജയ് ചിത്രം ഗോട്ട്, രാംചാരൺ ചിത്രം ഗെയിം ചേഞ്ചർ തുടങ്ങി വമ്പൻ പ്രോജക്ടുകളാണ് ജയറാമിന്റേതായി ഇനി വരാനുള്ളത്.
‘എല്ലാക്കാലത്തും നായകനായി സിനിമയിൽ നിറഞ്ഞു നിൽക്കാമെന്ന് ഒരിക്കലും വിചാരിച്ചിട്ടുള്ള ആളല്ല ഞാൻ. അതു കൊണ്ടാണു മറ്റു ഭാഷകളിൽ നിന്നു ലഭിച്ച വ്യത്യസ്‌തമായ വേഷങ്ങളെല്ലാം ചെയ്യുന്നത്.
പൊന്നിയിൻ സെൽവനിലെ കഥാപാത്രത്തിനു വേണ്ടി തടിവച്ച ശരീരം കഷ്ടപ്പെട്ട് വർക്ക് ഔട്ട് ചെയ്തത് പഴയ രൂപത്തിലേക്കെത്തിയപ്പോഴാണ് മിഥുൻ മാനുവൽ തോമസ് ഓസ്‌ലറുമായെത്തുന്നത്. ഡയറ്റെല്ലാം വിട്ട് ഇഷ്ടമുള്ളതെല്ലാം ആവ ശ്യത്തിനു കഴിച്ചു. ഒരു മാസം കഴിഞ്ഞ് കണ്ണാടിയുടെ മുന്നിലെത്തിയപ്പോൾ കുടവയറും ഓസ്‌ലറും റെഡി.
2024 മലയാള സിനിമയ്ക്ക് ഐശ്വര്യമുള്ള തുടക്കം നൽകാൻ എനിക്കും ഓസ്‌ലറിനും കഴിഞ്ഞതിൽ സന്തോഷം. ഓസ്‌ലർ രണ്ടാം ഭാഗമുണ്ട്. അതായിരിക്കും അടുത്ത മലയാള ചിത്രം. ഇതിനൊപ്പം വിജയ്ടെ ‘GOAT’, രാംചരണിന്റെ ഗെയിം ചേഞ്ചർ, കാന്താര-2 ഇവയെല്ലാം ഉടൻ വരുന്ന പ്രോജക്ടുകളാണ്,’ജയറാം പറയുന്നു.
Content Highlight: Jayaram Talk About His New Movies