| Friday, 21st June 2024, 1:19 pm

ഉർവശി ഒരു അപാര ജന്മം തന്നെയാണ്, ആ സീനുകളൊക്കെ കണ്ട് ഞാൻ ഞെട്ടി പോയിട്ടുണ്ട്: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ടജോഡിയാണ് ജയറാം – ഉർവശി. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മാളൂട്ടി, മഴവിൽകാവടി, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളെല്ലാം അത്തരത്തിൽ പ്രേക്ഷകർ ഇന്നും റിപീറ്റ് അടിച്ച് കാണുന്നവയാണ്.

ഉർവശി ഒരു അപാര ജന്മമാണെന്ന് പറയുകയാണ് ജയറാം. ഒരു സീനിൽ എന്താണ് ചെയ്യാൻ പോവുന്നതെന്ന് നമുക്ക് പറയാൻ കഴിയില്ലെന്നും പലപ്പോഴും ഉർവശിയുടെ പ്രകടനം കണ്ട് ഞെട്ടിയിട്ടുണ്ടെന്നും ജയറാം പറയുന്നു.

മഴവിൽകാവടിയെന്ന ചിത്രത്തിലെ ഉർവശിയുടെ പ്രകടനം കണ്ട് തീർച്ചയായും ഉർവശിക്ക് സംസ്ഥാന അവാർഡ് ലഭിക്കുമെന്ന് താൻ പറഞ്ഞെന്നും ജയറാം കൂട്ടിച്ചേർത്തു ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു ജയറാം.

‘ഉർവശി ഒരു അപാര ജന്മം തന്നെയാണ്. ടേക്കിൽ എന്താണ് ചെയ്യാൻ പോവുന്നതെന്ന് നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ല. ഉർവശിയുടെ പ്രകടനം കണ്ട് ഞാൻ അങ്ങനെ ഞെട്ടി പോയ എത്രയോ സീനുകൾ ഉണ്ട്.

പൊന്മുട്ട ഇടുന്ന താറാവിൽ പവിത്രനായ എന്നെയും, തട്ടാൻ ഭാസ്കരനെയും പറ്റിച്ച് എല്ലാം കഴിഞ്ഞിട്ട് സകല കള്ളത്തരവും ചെയ്തിട്ട് അവസാനം വീട്ടിലുള്ളപ്പോൾ ഞാൻ വിളിച്ച് കൊണ്ട് പോവാൻ വരുന്ന സീനുണ്ട്. ഞാൻ ചെന്ന് വിളിക്കാനായി അടുത്ത് ഇങ്ങനെ നിൽക്കുമ്പോൾ എന്റെ കൈയിൽ നിന്ന് ഒരു അടി കിട്ടുമോയെന്ന് ഉർവശി നോക്കുന്നുണ്ട്. ഞാൻ തന്നെ ചോദിച്ചുപോയി, ഉർവശി എന്താണ് ചെയ്യുന്നതെന്ന്.

അതുപോലെ മഴവിൽ കാവടിയിൽ, ഉന്നെ റൊമ്പ പുടിക്കിതെന്ന് പറഞ്ഞ് ഉർവശി അകത്തേക്ക് ഓടുന്നുണ്ട്. അപ്പോൾ തന്നെ ഞാൻ ഉർവശിയോട് പറഞ്ഞു, ഈ സിനിമയ്ക്ക് നിനക്ക് സംസ്ഥാന അവാർഡ് കിട്ടിയില്ലെങ്കിൽ നോക്കിക്കോയെന്ന്. അതിന് കിട്ടുകയും ചെയ്തു,’ജയറാം പറയുന്നു.

അതേസമയം ഉർവശിയും പാർവതിയും പ്രധാന വേഷത്തിൽ എത്തുന്ന ഉള്ളൊഴുക്ക് എന്ന ഏറ്റവും പുതിയ ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കറി ആൻഡ്‌ സൈനയ്ഡ് എന്ന ഡോക്യൂമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്.

Content Highlight: Jayaram Talk About Acting Of Urvashi

We use cookies to give you the best possible experience. Learn more