മലയാളികൾ ഇന്നും കണ്ടാസ്വദിക്കുന്ന ചിത്രമാണ് സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്.ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം വലിയ വിജയമായിരുന്നു. ഒരുപാട് കോമഡി രംഗങ്ങൾ നിറഞ്ഞ് നിൽക്കുന്ന ചിത്രത്തിൽ ജഗതി ശ്രീകുമാറും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ചിത്രത്തിലെ ഒരു സീനിൽ ജഗതിയുടെ കഥാപാത്രത്തിന്റെ തലയിൽ ചുറ്റിക വീഴുന്നുണ്ട്. ഇന്നും പ്രേക്ഷകർ ഓർത്തോർത്ത് ചിരിക്കുന്ന ഈ സീൻ തന്റെ നിർബന്ധം കാരണമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയത് എന്നാണ് ജയറാം പറയുന്നത്.ആ സീൻ എടുത്ത് കളഞ്ഞതായിരുന്നുവെന്നും തനിക്ക് അത്രയും ആഗ്രഹമുള്ളത് കൊണ്ട് സിദ്ദിഖിനോട് പറഞ്ഞെടുപ്പിച്ചതാണ് ആ രംഗമെന്നും ജയറാം പറയുന്നു. ആ ദിവസം താന്നൊരു തമിഴ് സിനിമയുടെ ഷൂട്ടിൽ ആയിരുന്നുവെന്നും ജയറാം പറഞ്ഞു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആ സീനിൽ ഞാൻ ഇല്ല. പക്ഷെ ആ സീൻ എടുക്കണമെന്ന് നിർബന്ധിച്ചത് ഞാനാണ്. ആ രംഗം വേണ്ടായെന്ന് തീരുമാനിച്ച് സിദ്ദിഖ് എടുത്ത് കളഞ്ഞതാണ്. തലയിൽ ചുറ്റിക വീഴുന്ന സീൻ. ഫ്രണ്ട്സ് എന്ന ചിത്രത്തിന്റെ നീളം ഒരുപാട് കൂടിയപ്പോൾ ആ ഒരു സീനിന്റെ ഭാഗം തന്നെ അവർ എടുത്ത് കളഞ്ഞതാണ്. അന്നെനിക്കൊരു തമിഴ് പടത്തിന്റെ ഷൂട്ടിന് പോണം. എനിക്കന്ന് ഇവിടെ ഷൂട്ടിങ് ഇല്ല. എന്ത് ചെയ്യുമെന്ന് കൺഫ്യൂഷൻ അടിച്ചിരിക്കുമ്പോൾ ഞാനാണ് സിദ്ദിക്കിനോട് എനിക്ക് വേണ്ടി ആ സീൻ ഷൂട്ട് ചെയ്യാൻ നിർബന്ധിച്ചത്.
അതിന് എന്ത് ചെലവ് വരുമെങ്കിലും ഞാൻ എടുക്കാമെന്ന് പറഞ്ഞു. തലയിൽ ചുറ്റിക വീഴുന്ന എപ്പിസോഡ് കളയരുതെന്ന് ഞാൻ പറഞ്ഞു. കാരണം ജഗതി ചേട്ടന്റെ വമ്പൻ പ്രകടനമായിരിക്കുമെന്ന് ഉറപ്പാണ്. ആ സീനിൽ ഞാനില്ല. എന്നെ ചോദിക്കുമ്പോൾ അതിൽ പറയുന്നുണ്ട്, അവൻ അപ്പുറത്ത് ഉരച്ചു കൊണ്ടിരിക്കുകയാണെന്ന്. സത്യത്തിൽ ഞാൻ അവിടെയില്ല. ഞാൻ തമിഴ് സിനിമയുടെ ഷൂട്ടിന് പോയതാണ്.
അതുകൊണ്ടാണ് ഞാൻ ആ സീനിൽ ഇല്ലാത്തത്. മുകേഷും ശ്രീനിയേട്ടനും മാത്രമേയുള്ളൂ. അന്ന് ആ സീൻ മിസ് ചെയ്തിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക്. എത്ര നല്ല സീനാണ്. ഇപ്പോഴും അത് ടി.വിയിൽ കണ്ട് കഴിഞ്ഞാൽ ചിരിച്ച് തലകുത്തി വീഴും ഞാൻ,’ജയറാം പറയുന്നു.