മേഘമല്‍ഹാറില്‍ ബിജുമേനോന് പകരം അഭിനയിക്കേണ്ടിയിരുന്നത് ജയറാമായിരുന്നു എന്ന് സംവിധായകന്‍ കമല്‍. ജയറാമിന് ഡേറ്റില്ലാത്തത് കൊണ്ടും ആ സിനിമ തിയേറ്ററുകളെ ഉദ്ദേശിച്ചല്ല നിര്‍മിക്കുന്നത് എന്ന കാരണത്താല്‍ അദ്ദേഹം പിന്‍മാറിയത് കൊണ്ടുമാണ് ബിജുമേനോനെ കൊണ്ടു വന്നതെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ടെലി സിനിമ എന്നത് കൊണ്ട് തന്നെ 60 എം.എം ക്യാമറയില്‍ ഷൂട്ട് ചെയ്യാനാണ് ആദ്യം തീരുമാനിച്ചത്. എന്റെ സ്ഥിരം ക്യാമറാമാനായ പി. സുകുമാറിനെയാണ് ആദ്യം വിളിച്ചത്. അദ്ദേഹമപ്പോള്‍ രാവണപ്രഭുവിന്റെ ഷൂട്ടിലായിരുന്നു. അത് തുടങ്ങിയിരുന്നു. അത് തീരാനായി കുറേ ദിവസമെടുക്കുമായിരുന്നു.
ഞാന്‍ കോഴിക്കോട് നിന്ന് കൊടുങ്ങല്ലൂരിലേക്ക് വരുന്ന വഴി സുകുവിനെ കാണാനായി ഒറ്റപ്പാലത്ത് രാവണപ്രഭുവിന്റെ സെറ്റില്‍ വരികയും ചെയ്തു. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്നതാണെന്നും സുകുവിനെ വിട്ടുതരില്ലെന്നും രഞ്ജിത് പറഞ്ഞു. എനിക്ക് പെട്ടെന്ന് തുടങ്ങുകയും വേണമായിരുന്നു.
ആദ്യം സിനിമയിലേക്ക് ആലോചിച്ചിരുന്നത് ജയറാമിനെയായിരുന്നു. ജയറാം-സംയുക്ത വര്‍മ എന്ന രീതിയിലായിരുന്നു ഈ കഥ ആദ്യമായി ആലോചിച്ചത്. പക്ഷെ ജയറാമിന് മറ്റൊരു സിനിമയുടെ തിരക്കുകളുണ്ടായിരുന്നു. മാത്രവുമല്ല ടെലി സിനിമ എന്നതിനാല്‍ അദ്ദേഹം ഒന്ന് മടിക്കുകയും ചെയ്തു. അത് അദ്ദേഹം പിന്നീടാണ് പറഞ്ഞത്. അങ്ങനെ ജയറാം വന്നില്ല.
ആര്‍ടിസ്റ്റിനെ പ്രശ്‌നമല്ലെന്ന് അവരും (നിര്‍മാതാക്കള്‍) പറഞ്ഞു. എനിക്ക് അന്ന് ഏറ്റവും ഇഷ്ടമുള്ള ആക്ടര്‍ എന്ന് പറയുന്നത് ബിജുമേനോനായിരുന്നു. ഞാന്‍ ശ്രേയാംസിനോട് ബിജു പോരേയെന്ന് ചോദിച്ചു. അദ്ദേഹവും ഒകെ പറഞ്ഞു. അങ്ങനെയാണ് ബിജുമേനോനും സംയുക്ത വര്‍മയും എത്തുന്നത്. തൊട്ടുമുമ്പുള്ള സിനിമ മധുരനൊമ്പരക്കാറ്റായിരുന്നു. അതിലും ബിജുവും സംയുക്തയും തന്നെയായിരുന്നു. അങ്ങനെയാണ് ആ ജോഡി തന്നെ മതിയെന്ന് തീരുമാനിക്കുന്നത്,’ കമല്‍ പറഞ്ഞു.
content highlights: Jayaram should have replaced Bijumenon in Meghamalhar: Kamal