ആ പയ്യന്‍ കാരണം അന്ന് സെറ്റിലുണ്ടായിരുന്ന എല്ലാരും അത് അറിഞ്ഞു; ജയറാം
Entertainment
ആ പയ്യന്‍ കാരണം അന്ന് സെറ്റിലുണ്ടായിരുന്ന എല്ലാരും അത് അറിഞ്ഞു; ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th January 2024, 5:37 pm

മലയാള സിനിമയില്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. മിമിക്രിയിലൂടെ സിനിമയിലേക്കെത്തി 40 വര്‍ഷ കരിയറില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു. കുറച്ചു കാലം മലയാളത്തില്‍ നിന്ന് ജയറാം ബ്രേക്ക് എടുത്തിരുന്നു. ഇടവേളക്ക് ശേഷം താരം മലയാളത്തില്‍ നായകനായെത്തിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. മെഡിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഫാന്‍സ് മീറ്റില്‍ ഭാര്യ പാര്‍വതിയുമായുള്ള തന്റെ പ്രണയകാലത്തെ ഓര്‍മകള്‍ പങ്കുവെച്ചു.

‘അര്‍ത്ഥം എന്ന സിനിമയുടെ ഷൂട്ടിങ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടക്കുന്നു. സത്യന്‍ അന്തിക്കാടും മമ്മൂക്കയും ഒക്കെ സെറ്റിലുണ്ട്. അന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു, ജയറാമും പാര്‍വതിയും തമ്മില്‍ എന്തെങ്കിലും ഉണ്ടോന്ന്. അങ്ങനെ ജയിലിനകത്ത് ഷൂട്ടിങ് നടക്കുന്ന സമയം. അപ്പോ ജയിലിന് പുറത്ത് ഒരു പയ്യന്‍ കറങ്ങി നടക്കുന്നുണ്ടായിരുന്നു. പൊലീസ് അവനെ പിടിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ അവന്‍ പറഞ്ഞു പാര്‍വതി ജയറാമിന് കൊടുക്കാന്‍ ഒരു കത്ത് തന്നുവിട്ടിട്ടുണ്ട്, അത് കൊടുക്കാന്‍ വന്നതാണെന്ന്.

അവര് ഉടനെ വയര്‍ലെസ്സിലൂടെ അകത്തേക്ക് വിളിച്ചു പറഞ്ഞു, ജയറാമിന് കൊടുക്കാന്‍ പാര്‍വതി കത്തുകൊടുത്തു വിട്ട പയ്യന്‍ പുറത്തു വന്നിട്ടുണ്ടെന്ന്. ആരും അറിയാതെ പാര്‍വതി കൊടുത്തുവിട്ട കത്തിന്റെ കാര്യം ഒരു മിനിട്ട് കൊണ്ട് ആ സെറ്റിലെ എല്ലാരും അറിഞ്ഞു. മമ്മൂക്ക എന്നോട് ആ കത്ത് ഉറക്കെ വായിക്ക്, എല്ലാരും കേള്‍ക്കട്ടെയെന്ന് പറഞ്ഞു’ ജയറാം അനുഭവം പങ്കുവെച്ചു.

അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലറില്‍ മമ്മൂട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗദീഷ്, അനശ്വര രാജന്‍, സൈജു കുറുപ്പ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. തേനി ഈശ്വറാണ് ഛായാഗ്രഹണം. മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ.രണ്‍ധീര്‍ കൃഷ്ണനാണ്.

Content Highlight: Jayaram sharing his old memories about Parvathy