ഷൂട്ടിങ് തുടങ്ങിയശേഷം മണിരത്‌നം എന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല: ജയറാം
മണിരത്നത്തിന്റെ സംവിധാനത്തില്‍ വമ്പന്‍ താരനിര അണിനിരക്കുന്ന പൊന്നിയിന്‍ സെല്‍വന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.
ചിത്രത്തില്‍ ആഴ്വാര്‍ കടിയന്‍ നമ്പിയെന്ന കഥാപാത്രമായി ജയറാമും എത്തുന്നുണ്ട്. ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലോഞ്ചിങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് നടന്നിരുന്നു. ഈ വേദയില്‍ ചിത്രത്തില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ചും സംവിധായകന്‍ മണിരത്‌നത്തെ പറ്റിയും പറയുകയാണ് ജയറാം.
ഒരു വിഷയത്തില്‍ പൂര്‍ണ ഫലം ലഭിക്കുന്നത് വരെ മണിരത്‌നം അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ജയറാം പറയുന്നത്. ആദ്യമായി കഥാപാത്രത്തെക്കുറിച്ച് തന്നോട് പറയുമ്പോള്‍ വലിയ വയറ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവെന്നും പിന്നീട് ചിത്രീകരണ സമയത്ത് അദ്ദേഹം തന്റെ മുഖത്ത് നോക്കില്ലായിരുന്നുവെന്നും വയറിന് വ്യത്യാസം വന്നോ എന്ന് മാത്രമാണ് ശ്രദ്ധിക്കുക എന്നും ജയറാം പറയുന്നു.
‘അദ്ദേഹം ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നൂറ് ശതമാനം ഫലം ലഭിക്കുന്നത് വരെ അതില്‍ തന്നെയായിരിക്കും ഉണ്ടാകുക. അദ്ദേഹം എന്നെ ചിത്രത്തിലെ കഥാപാത്രത്തെ പറ്റി പറയാന്‍ ഓഫീസില്‍ വിളിച്ചപ്പോള്‍ ആവശ്യപ്പെട്ടത് വലിയ വയറ് വേണമെന്നാണ്.
ജയറാം ഇപ്പോള്‍ മെലിഞ്ഞിരിക്കുകയാണ്, നാല് മാസമുണ്ട് ഷൂട്ട് തുടങ്ങാന്‍. അതിന് മുമ്പ് ശരിയാക്കണം എന്ന് പറഞ്ഞു. ഞാന്‍ അതിനായി ഏറെ കഷ്ടപ്പെട്ടു. ഒന്നര വര്‍ഷത്തോളം ഷൂട്ടിങ്ങ് ഉണ്ടായിരുന്നു.
ആ ഒന്നര വര്‍ഷവും അദ്ദേഹം എന്റെ മുഖത്ത് നോക്കിയിട്ടില്ല. രാവിലെ വന്നു വയറിന് വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടോ എന്നാണ് ദിവസവും നോക്കുക. ഷൂട്ടിങ്ങ് കഴിഞ്ഞ ശേഷമാണ് അദ്ദേഹം എന്റെ മുഖത്ത് പോലും നോക്കിയത്. ഒരു കാര്യത്തിന്റെ ഫലം കിട്ടാന്‍ എത്ര ദൂരം വേണമെങ്കിലും അദ്ദേഹം പോകും. അതാണ് മണിരത്നം, മണിരത്‌നത്തിന് മാത്രമേ അത് സാധിക്കൂ,’ ജയറാം പറയുന്നു.
രണ്ട് ഭാഗങ്ങളിലായി എത്തുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം ഈ വര്‍ഷം സെപ്റ്റംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയത്.
തമിഴിലെ ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധ ചരിത്ര നോവലായ പൊന്നിയിന്‍ സെല്‍വനെ ആധാരമാക്കിയാണ് അതേപേരില്‍ മണിരത്നം ചിത്രം അണിയിച്ചൊരുക്കുന്നത്.
തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയിന്‍ സെല്‍വനെ കരുതുന്നത്. കല്‍ക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്‌ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോള്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.
വിക്രം, ഐശ്വര്യ റായി ബച്ചന്‍, തൃഷ, പ്രകാശ് രാജ്, ജയറാം, ലാല്‍, റഹ്മാന്‍, റിയാസ്, ഖാന്‍, ഖിഷോര്‍, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, കാര്‍ത്തി തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മണിരത്നത്തിന്റെ തന്നെ മഡ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് രണ്ടു ഭാഗങ്ങള്‍ ഉള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight : Jayaram shares the experience of his in the Movie Ponniyan selvan