പദ്മരാജന്‍ മലയാളത്തിന് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. 90കളില്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ജയറാം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ഇടക്ക് മലയാളത്തില്‍ നിന്ന് വലിയൊരു ഇടവേളയെടുത്ത താരം ഈ വര്‍ഷം പുറത്തിറങ്ങിയ ഒസ്‌ലറിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു.
തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും ജയറാമിന്റെ സാന്നിധ്യമുണ്ടായിരുന്നു.90കളില്‍ തമിഴിലും നായകനായി അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജയറാം. മലയാളത്തില്‍ കുടുംബനായകന്‍ എന്ന ലേബലിലുള്ള വേഷങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്നപ്പോള്‍ തമിഴില്‍ വ്യത്യസ്ത തരത്തിലുള്ള വേഷങ്ങളാണ് ലഭിച്ചിരുന്നതെന്ന് ജയറാം പറഞ്ഞു.
എന്നാല്‍ ഒരു ഘട്ടത്തില്‍ രണ്ട് ഇന്‍ഡസ്ട്രിയിലെയും വേഷങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകാന്‍ കുറച്ചു പാടുപെട്ടിരുന്നുവെന്ന് ജയറാം കൂട്ടിച്ചേര്‍ത്തു. ആ ഒരു കാരണം കൊണ്ട് താന്‍ മലയാളത്തില്‍ മാത്രം ശ്രദ്ധ കൊടുത്തെന്നും കുറച്ച് കാലത്തിന് ശേഷം വീണ്ടും തമിഴിലേക്ക് പോയെന്നും ജയറാം പറഞ്ഞു.
2000ത്തിന് ശേഷം വീണ്ടു തമിഴിലേക്ക് പോയെന്നും കെ.എസ്. രവികുമാര്‍, കമല്‍ ഹാസന്‍ എന്നിവരുമായുള്ള സൗഹൃദമാണ് തമിഴില്‍ കൂടുതല്‍ ഗുണം ചെയ്തതെന്ന് ജയറാം കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ജഗദീഷ്, ഇന്നസെന്റ്, ജഗതി എന്നിവരെപ്പോലെ തമിഴില്‍ ഗൗണ്ടമണി, സെന്തില്‍ എന്നിവര്‍ തന്റെ മിക്ക സിനിമകളിലും ഭാഗമായിരുന്നെന്ന് ജയറാം പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജയറാം.
‘1992ലാണ് ആദ്യത്തെ തമിഴ്‌സിനിമ ചെയ്യുന്നത്. ഗോകുലം എന്ന സിനിമയില്‍ നായകനായിട്ടായിരുന്നു. പിന്നീട് പുരുഷ ലക്ഷണം, മുറൈ മാമന്‍, പ്രിയങ്ക തുടങ്ങി കുറച്ചധികം സിനിമകള്‍ ചെയ്തു. മലയാളത്തില്‍ ഒരേ ടൈപ്പ് സിനിമകള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ തമിഴില്‍ വ്യത്യസ്തമായ സിനിമകളായിരുന്നു കിട്ടിയത്. പക്ഷേ ഒരു സ്റ്റേജെത്തിയപ്പോള്‍ രണ്ടും ബാലന്‍സ് ചെയ്തുകൊണ്ട് പോകാന്‍ പാടുപെട്ടു. ആ ഒരു കാരണം കൊണ്ട് തമിഴില്‍ ചെറിയൊരു ഗ്യാപ്പിട്ടു.
പിന്നീട് 2000ത്തിന് ശേഷം തമിഴില്‍ സജീവമായി. കെ.എസ്. രവികുമാര്‍, കമല്‍ ഹാസന്‍ ഇവരുമായിട്ടുള്ള സൗഹൃദമാണ് രണ്ടാം വരവില്‍ തമിഴില്‍ ഗുണം ചെയ്തത്. അതുപോലെ മലയാളത്തില്‍ ജഗദീഷ്, ഇന്നസെന്റേട്ടന്‍, ജഗതി ചേട്ടന്‍ എന്നിവരെയൊക്കെ എന്റെ ടീമിലുണ്ടാകുന്നതുപോലെ തമിഴില്‍ ഗൗണ്ടമണിയും സെന്തിലുമായിരുന്നു പല സിനിമയിലും ഉണ്ടായിരുന്നത്. അവരുടെ കൂടെയുള്ള കോമ്പിനേഷന്‍ സീനുകള്‍ നല്ല രസമായിരുന്നു,’ ജയറാം പറയുന്നു.
Content Highlight: Jayaram shares his memories of Tamil movies