പണ്ട് ഓട്ടോഗ്രാഫ് വാങ്ങിയിരുന്നെന്ന് മമ്മൂക്കയോട് പറഞ്ഞപ്പോൾ; മറുപടി ഇതായിരുന്നു: ജയറാം
Entertainment news
പണ്ട് ഓട്ടോഗ്രാഫ് വാങ്ങിയിരുന്നെന്ന് മമ്മൂക്കയോട് പറഞ്ഞപ്പോൾ; മറുപടി ഇതായിരുന്നു: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th January 2024, 8:37 am

മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ജയറാം. മമ്മൂട്ടിയുടെ മഹായാനം സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി കാണുന്നതെന്ന് ജയറാം പറഞ്ഞു. തന്റെ ആദ്യ ചിത്രമായ അപരന്റെ തിയേറ്റർ വിസിറ്റ് കഴിഞ്ഞ് വരുമ്പോൾ കുന്നംകുളത്ത് വെച്ചാണ് മമ്മൂട്ടിയെ കണ്ടതെന്നും ജയറാം പറയുന്നു.

എന്നാൽ തന്നെ കണ്ടപ്പോൾ മമ്മൂക്കയ്ക്ക് മനസിലായെന്നും തന്റെ മിമിക്രിയൊക്കെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞെന്നും ജയറാം കൂട്ടിച്ചേർത്തു. കലാഭവന്റെ മിമിക്രി നടക്കുന്ന ടൗൺഹാളിൽ വെച്ച് താൻ മമ്മൂട്ടിയോട് ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹത്തോട് അപ്പോൾ പറഞ്ഞെന്നും ജയറാം ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.

‘മമ്മൂക്കയെ ഞാൻ ആദ്യമായിട്ട് കാണുന്നത് മഹായാനം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലത്തു വെച്ചാണ്. പത്മരാജൻ സാറിന്റെ കൂടെ അപരന്റെ പ്രമോഷൻ പോലെ തിയേറ്റർ വിസിറ്റിന് പോയപ്പോൾ കുന്നംകുളത്ത് ലൊക്കേഷനിൽ വെച്ചാണ് മമ്മൂക്കയെ കാണുന്നത്. അന്ന് തിയേറ്റർ വിസിറ്റ് ഉണ്ട്. എന്നെയും കൊണ്ട് പത്മരാജൻ സാർ എല്ലാ തിയേറ്ററിലും പോയി.

തൃശ്ശൂർ തിയേറ്റർ കഴിഞ്ഞ് പോകുന്ന വഴിക്കാണ് ‘ഇവിടെ മമ്മൂട്ടിയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്, എനിക്കൊന്നു കാണണം’ എന്ന് പത്മരാജൻ സാർ പറഞ്ഞു. മമ്മൂക്ക ലൊക്കേഷനിലേക്ക് വരാൻ പറഞ്ഞു. അങ്ങനെ പോകുന്ന വഴിക്ക് ജസ്റ്റ് ഒന്ന് കയറിയപ്പോഴാണ് മമ്മൂക്കയെ കാണുന്നത്. ‘ജയറാം അല്ലേ പേര്, എവിടെ വീട്? പെരുമ്പാവൂർ ആണോ?’ ഞാൻ പറഞ്ഞു അതെയെന്ന്. ‘ഞാൻ കണ്ടിട്ടുണ്ട്. കലാഭവന്റെ മിമിക്രിയൊക്കെ കണ്ടിട്ടുണ്ട്’ എന്ന് മമ്മൂക്ക പറഞ്ഞു.

കലാഭവന്റെ മിമിക്രി നടക്കുന്ന ടൗൺഹാളിൽ എന്ന് പറഞ്ഞപ്പോൾ ‘അന്ന് താൻ ഉണ്ടായിരുന്നോ’ എന്ന് മമ്മൂക്ക ചോദിച്ചു. ഞാനുണ്ടായിരുന്നു. ഞാൻ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് ഒക്കെ ടൗൺ ഹാളിൽ വെച്ച് വാങ്ങിച്ചിരുന്നു എന്നൊക്കെ പറഞ്ഞു. ആ ഗംഭീരമാവട്ടെ ഓൾ ദ ബെസ്റ്റ് എന്ന് പറഞ്ഞാണ് മമ്മൂക്ക അന്ന് എന്നെ പറഞ്ഞയച്ചത്,’ ജയറാം പറഞ്ഞു.

Content Highlight: Jayaram shares his first meeting with mammootty