| Thursday, 5th August 2021, 5:03 pm

ആ ഷോട്ട് കഴിഞ്ഞതും മമ്മൂക്ക കൊച്ചുകുഞ്ഞുങ്ങളെ പോലെയിരുന്ന് പൊട്ടിക്കരയുന്നു; അര്‍ത്ഥം ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സത്യന്‍ അന്തിക്കാട് ചിത്രമായ അര്‍ത്ഥത്തില്‍ മമ്മൂട്ടിയുമൊത്ത് അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചെത്തിയ നടന്‍ ജയറാമിന്റെ വീഡിയോ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. വളരെ സെന്‍സിറ്റീവായ ഒരു വ്യക്തിത്വത്തിനുടമയാണ് മമ്മൂട്ടി എന്ന് വ്യക്തമാക്കുന്ന ഷൂട്ടിംഗ് ഓര്‍മ്മകളാണ് ജയറാം പങ്കുവെച്ചത്.

‘അര്‍ത്ഥം സിനിമയില്‍ ഞാന്‍ ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്ന ഒരു സീനുണ്ട്. അതില്‍ മമ്മൂക്ക വന്ന് എന്നെ രക്ഷപ്പെടുത്തുന്നതാണ് രംഗം. ഇന്നൊക്കെയാണെങ്കില്‍ ഗ്രീന്‍ മാറ്റ് ഒക്കെ വെച്ച് ഷൂട്ട് ചെയ്യാം.

എന്നാല്‍ അന്ന് അത്രയ്ക്ക് സാങ്കേതിക സൗകര്യങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ ശരിക്കുള്ള റെയില്‍വേ ട്രാക്കിലാണ് ഷൂട്ട് ചെയ്തത്. ട്രെയിന്‍ വരുമ്പോള്‍ മമ്മൂക്ക എന്നെയും വലിച്ച് കൊണ്ട് ഒരു വശത്തേക്ക് ചാടുന്നതായിരുന്നു സീന്‍.

കൊല്ലം-ചെങ്കോട്ട ഭാഗത്താണ് ഈ സീനിന്റെ ഷൂട്ട്. അന്ന് ഷൂട്ടിംഗ് നടക്കുന്നുവെന്ന് കേട്ട് ആയിരക്കണക്കിന് ജനങ്ങളും അവിടെ തടിച്ചുകൂടിയിരുന്നു. ഏകദേശം ഏഴ് മണിക്കാണ് ട്രെയിന്‍ പാസ് ചെയ്യുന്നത്. അപ്പോള്‍ സീന്‍ എടുക്കാമെന്നായിരുന്നു പ്ലാന്‍.

എല്ലാവരും ഉച്ചയോടെ തന്നെ എത്തിയിരുന്നു. വൈകുന്നേരം ആയപ്പോള്‍ സത്യന്‍ അന്തിക്കാട് സീന്‍ വിവരിച്ച് തന്നു. ട്രാക്കില്‍ ഞാന്‍ കിടക്കുകയാണ്. അപ്പോള്‍ മമ്മൂക്ക എന്ന പിടിച്ചെഴുന്നേല്‍പ്പിച്ച് ഒരു അടിപിടിയുണ്ടായി വലിച്ച് ഒരു വശത്തേക്ക് ചാടണം.

തൊട്ടടുത്ത് ട്രെയിന്‍ എത്തുമ്പോഴേക്ക് ചാടണമെന്നും സത്യേട്ടന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു ‘മമ്മൂക്ക എന്റെ ജീവന്‍ നിങ്ങളുടെ കൈയ്യിലാണ്, കൃത്യസമയത്ത് മാറ്റിയില്ലെങ്കില്‍ എന്റെ പരിപാടി തീരും കേട്ടോ’ എന്ന്.

മമ്മൂക്ക വളരെ കോണ്‍ഫിഡന്റ് ആയി എല്ലാം ഒക്കെയാകും എന്നൊക്കെ പറഞ്ഞ് നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ എഞ്ചിന്‍ ഡ്രൈവര്‍ വന്ന് ഞങ്ങളോട് പറഞ്ഞു, രാത്രിയാണ് ട്രെയിനിന് ഹെഡ്‌ലൈറ്റ് മാത്രെ ഉണ്ടാകുകയുള്ളു. ഹെഡ്‌ലൈറ്റ് എത്ര ദൂരെയാണെന്ന് ഒരു മനുഷ്യന് കാല്‍ക്കുലേറ്റ് ചെയ്യാന്‍ പറ്റില്ല.

ശബ്ദവും കേള്‍ക്കും. ചിലപ്പോള്‍ തൊട്ടടുത്ത് എത്തുമ്പോഴായിരിക്കും അറിയുക എന്നൊക്കെ പറഞ്ഞു. ഇതുകേട്ടതും മമ്മൂക്ക ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. ഷോട്ട് റെഡിയെന്ന് സത്യേട്ടന്‍ പറഞ്ഞു.

ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്കയുടെ കൈയ്യൊക്ക വിറയ്ക്കാന്‍ തുടങ്ങി. ഞാന്‍ ചോദിച്ചു എന്താ മമ്മൂക്ക ഓക്കെയല്ലെ. എയ് ഒന്നുമില്ല. നീ നിന്നോളണേ എന്നൊക്കെ പറഞ്ഞ് പുള്ളി എന്റെ കൈയ്യില്‍ പിടിച്ചു.

അങ്ങനെ ഷോട്ട് എടുത്തു. ട്രെയിന്‍ തൊട്ടടുത്ത് എത്തിയപ്പോഴേക്കും എന്നെയും കൊണ്ട് ട്രാക്കിന് പുറത്തേക്ക് മമ്മൂക്ക ചാടി. ഇതുകഴിഞ്ഞതും ജനങ്ങള്‍ കൈയ്യടിക്കാന്‍ തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക കൊച്ചുകുഞ്ഞിനെപോലെ ഇരുന്ന് പൊട്ടിക്കരയുന്നു. അതാണ് ആ മനുഷ്യന്റെ മനസ്സ്,’ ജയറാം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Jayaram Shares Experience About Mammootty In Artham Movie

We use cookies to give you the best possible experience. Learn more