പൊന്നിയിൻ സെൽവനിൽ അഭിനയിക്കുമ്പോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് ജയറാം. എല്ലാവർക്കും വ്യായാമം ചെയ്യാനായിട്ട് ഓരോ റൂം ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ മസിൽ വേണ്ടാത്തത് തനിക്ക് മാത്രമായിരുന്നെന്നും ജയറാം പറഞ്ഞു.
ബാക്കിയുള്ള നടന്മാരെല്ലാം റൂമിൽ ട്രെയിനേഴ്സ് വർക്ക്ഔട്ട് ചെയ്യിപ്പിക്കുമ്പോൾ തന്റെ റൂമിലേക്ക് മണിരത്നം പറഞ്ഞ ഫുഡും ബിയറുമൊക്കെ വരുമെന്നും ജയറാം കൂട്ടിച്ചേർത്തു. വർക്ക്ഔട്ട് ചെയ്യുന്നവരുടെ അടുത്ത് പോയി ബിയർ കുടിച്ച് അവരെ സങ്കടപെടുത്തുമെന്നും ജയറാം രസകരമായി ക്ലബ്ബ് എഫ്.എമ്മിനോട് പറഞ്ഞു.
‘അവിടെ പോകുമ്പോൾ എല്ലാവർക്കും വ്യായാമം ചെയ്യാനായിട്ട് ഓരോ റൂം അറേഞ്ച് ചെയ്തിട്ടുണ്ട്. കാർത്തിക്കിനും കിഷോറിനും അവരുടെ ഗ്രൂപ്പിലുള്ള റിയാസ്ഖാൻ പൊതുവേ അതിലുള്ള എല്ലാവർക്കും മസിൽ വേണം. മസിൽ വേണ്ടാത്തതായി ഞാൻ മാത്രമേയുള്ളൂ. തായ്‌ലന്റിലൊക്കെ ആയിരുന്നു ആദ്യ ഷൂട്ട്. ഹോട്ടലിലേക്ക് കയറി ചെല്ലുമ്പോൾ ഹ ഹോ എന്ന ശബ്‌ദമാണ് കേൾക്കുക.
ഓരോ റൂമിൽ നിന്ന് ഫുൾ വ്യായാമം നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് ട്രെയിനേഴ്സ് വർക്ക്ഔട്ട് ചെയ്യിപ്പിക്കുകയാണ്. എന്റെ റൂമിലേക്ക് മാത്രം മണിരത്നം സാറുടെ ഓർഡർ പ്രകാരമുള്ള കുറെ അധികം ഫുഡ് വരും.
ബിരിയാണി തുടങ്ങിയ ഭക്ഷണങ്ങൾ, കൂട്ടത്തിൽ രണ്ട് ബിയറും. അതും കൂടെ അടിച്ചോ എന്നാലേ വയർ വേഗം വീർക്കുകയുള്ളൂയെന്ന്. അങ്ങനെ ചാടിച്ചതാണ്. അത്രയും കഷ്ടപ്പെട്ട് വർക്കൗട്ട് ചെയ്യുന്ന സ്ഥലത്ത് പോയിട്ട്, ഞാൻ പതുക്കെ ബിയർ ഒക്കെ പൊട്ടിച്ച് എന്നാ സൗഖ്യമാ എന്ന് പറഞ്ഞ് കുടിക്കും. എണീറ്റ് പോകോ, എന്നവർ പറയും, അവർക്ക് ഭ്രാന്ത് എടുക്കും (ചിരി),’ ജയറാം പറയുന്നു.
ജയറാമിനെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച ഒരു മെഡിക്കൽ ത്രില്ലറാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലർ. അഞ്ചാം പാതിരക്ക് ശേഷം മിഥുൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാം ഓസ്ലർ. അതേസമയം, അബ്രഹാം ഓസ്ലറിൽ ജയറാമിന് പുറമെ അനശ്വര രാജനും അർജുൻ അശോകനും സൈജു കുറുപ്പും ജഗദീഷും ഒന്നിക്കുന്നുണ്ട്.
ഇർഷാദ് എം. ഹസനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഡോ. രൺധീർ കൃഷ്ണൻ ആണ്. ജനുവരി 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.