| Saturday, 13th January 2024, 4:09 pm

പ്രോപ്പറായിട്ടുള്ള സ്‌ക്രിപ്റ്റ് പോലുമില്ലാതെ ചെയ്ത സിനിമയായിരുന്നു അത് ; ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടനടനാണ് ജയറാം. പദ്മരാജന്റെ അപരനിലൂടെ നായകനായി വന്ന ജയറാം മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം മലയാളത്തില്‍ നായകനായി എത്തിയ സിനിമയാണ് അബ്രഹാം ഓസ്ലര്‍. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

തമിഴില്‍ കമല്‍ ഹാസന്റെ കൂടെ അഭിനയിച്ച ഓര്‍മ പങ്കുവെക്കുകയാണ് താരം. ‘ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത് 1989ല്‍ ചാണക്യന്‍ എന്ന സിനിമയിലൂടെയാണ്. ടി.കെ.രാജീവ്കുമാറിന്റെ ആദ്യ സിനിമ കൂടെയായിരുന്നു അത്. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും തുടരുന്നു. എന്നാല്‍ ചാണക്യന് ശേഷം ഞങ്ങള്‍ ഒരുമിക്കുന്നത് 2000ല്‍ തെനാലി എന്ന തമിഴ് സിനിമയിലാണ്. ആ 11 വര്‍ഷത്തെ ഗ്യാപിലും ഞങ്ങള്‍ സൗഹൃദത്തിലായിരുന്നു.

അതിന് ശേഷം ഞങ്ങള്‍ ചെയ്ത സിനിമയായിരുന്നു പഞ്ചതന്ത്രം. ഈ രണ്ട് സിനിമകളും എക്കാലത്തെയും മികച്ച കോമഡി സിനിമകളാണ്. പഞ്ചതന്ത്രത്തിനൊന്നും പ്രോപ്പറായിട്ടുള്ള സ്‌ക്രിപ്റ്റ് പോലും ഉണ്ടായിരുന്നില്ല. ക്രേസി മോഹന്‍ എന്ന അസാധ്യ റൈറ്ററാണ് അതിന്റെ പിന്നില്‍. അദ്ദേഹവും കമലല്‍ ഹാസനും കൂടി ചേരുമ്പോള്‍ കോമഡികള്‍ വന്നുകൊണ്ടേയിരിക്കും’ ജയറാം പറഞ്ഞു.

തെനാലിയില്‍ ജയറാം ചെയ്ത ഡോക്ടര്‍ കൈലാഷ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ചില സീനുകളില്‍ കമലിനെക്കാള്‍ സ്‌കോര്‍ ചെയ്തതും ജയറാം തന്നെ. പഞ്ചതന്ത്രത്തിലെ അയ്യപ്പന്‍ നായരും ജയറാം മികച്ച രീതിയില്‍ ചെയ്തു. ഉത്തമ വില്ലന്‍, മന്മഥന്‍ അമ്പ് എന്നീ സിനിമകളിലും ഇവര്‍ ഒന്നിച്ചിരുന്നു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഓസ്ലറില്‍ മമ്മൂട്ടിയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സൈജു കുറുപ്പ്, അനശ്വര രാജന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മിഥുന്‍ മുകുന്ദന്‍ സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ.രണ്‍ധീര്‍ കൃഷ്ണനാണ്.

Content Highlight: Jayaram share his experience about Panchathanthiram movie

We use cookies to give you the best possible experience. Learn more