| Wednesday, 10th January 2024, 5:25 pm

'അബ്രഹാം ഓസ്ലറില്‍ മമ്മൂക്കയുണ്ടെന്ന് വിചാരിക്കുക; എങ്കില്‍...' ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അബ്രഹാം ഓസ്ലര്‍ സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും അവ ജനങ്ങളെ പറ്റിക്കുന്നത് പോലെയുള്ള കാര്യങ്ങളല്ലെന്നും നടന്‍ ജയറാം. തന്റെ സിനിമയില്‍ എന്താണ് ഉള്ളതെന്ന് ജനങ്ങള്‍ക്ക് അറിയാവുന്നതാണെന്നും ഒരു മെഡിക്കല്‍ ത്രില്ലറായത് കൊണ്ട് ചില കാര്യങ്ങള്‍ തങ്ങള്‍ക്ക് മറച്ചു വച്ചേ പറ്റുള്ളൂവെന്നും താരം പറഞ്ഞു. അബ്രഹാം ഓസ്ലറിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം.

‘അബ്രഹാം ഓസ്ലര്‍ എന്ന ആ സിനിമയില്‍ ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. എന്നുവെച്ച് ജനങ്ങളെ പറ്റിക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നല്ല. ഈ സിനിമക്ക് അകത്ത് എന്താണ് ഉള്ളതെന്ന് ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. എന്നാലും സിനിമയില്‍ സസ്പെന്‍സുണ്ട്. പിന്നെ ഒരു മെഡിക്കല്‍ ത്രില്ലറായത് കൊണ്ട് ചില കാര്യങ്ങള്‍ മറച്ചു വച്ചേ പറ്റുള്ളൂ,’ ജയറാം പറഞ്ഞു.

ജയറാം എന്തെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ചിത്രത്തില്‍ മമ്മൂട്ടിയുണ്ടോ എന്ന കാര്യത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ചിത്രത്തില്‍ ഉണ്ടെങ്കില്‍ തന്നെ ആ കാര്യം പറയാതിരിക്കുന്നതല്ലേ നല്ലതെന്നും മമ്മൂട്ടിയുണ്ടോ ഇല്ലയോ എന്നറിയാതെ വന്ന് സിനിമ കാണണമെന്നും എന്തിനാണ് വെറുതെ കാര്യം പറഞ്ഞ് സസ്‌പെന്‍സ് കളയുന്നതെന്നും ജയറാം ചോദിച്ചു.

‘ഇനി ഈ ചിത്രത്തില്‍ മമ്മൂക്ക ഉണ്ടെന്ന് തന്നെ വിചാരിക്കുക, അത് പറയാതിരിക്കുന്നതല്ലേ നല്ലത്. മമ്മൂക്കയുണ്ടോ ഇല്ലയോ എന്നറിയാതെ വന്നിട്ട് സിനിമ കാണണം. എന്തിനാണ് വെറുതെ പറഞ്ഞിട്ട് പ്രേക്ഷകരുടെ സസ്‌പെന്‍സ് കളയുന്നത്,’ ജയറാം പറയുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറിലെ ‘ഡെവിള്‍സ് ഓള്‍ട്ടര്‍നേറ്റീവ്’ എന്ന മമ്മൂട്ടിയുടെ ശബ്ദത്തെ പറ്റി ചോദിച്ചപ്പോള്‍ താരം ചിരിച്ചതല്ലാതെ മറുപടി ഒന്നും തന്നെ പറഞ്ഞില്ല. ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ജനുവരി പതിനൊന്നിനാണ് അബ്രഹാം ഓസ്ലര്‍ തിയേറ്ററിലെത്തുന്നത്. ജയറാമിന് പുറമെ ചിത്രത്തില്‍ അനശ്വര രാജനും അര്‍ജുന്‍ അശോകനും സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.


Content Highlight: Jayaram Says If Mammootty Is In Abraham Ozler

We use cookies to give you the best possible experience. Learn more