പത്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആദ്യ സിനിമയായ അപരനിലെ സഹ അഭിനേതാവായ പാര്‍വതിയാണ് (അശ്വതി) അദ്ദേഹത്തിന്റെ ജീവിത സഖി.
തന്റെ പ്രണയത്തിലെ ഹംസമായിരുന്നു സംവിധായകന്‍ കമലെന്ന് പറയുകയാണ് ജയറാം. പ്രണയിക്കുന്ന സമയത്ത് കമലിന്റെ സിനിമകളാണ് കൂടുതലും ചെയ്തിരിക്കുന്നതെന്ന് ജയറാം പറഞ്ഞു. തന്റെ അമ്മായി അമ്മക്ക് കമലിനോട് ദേഷ്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം.
‘ഞങ്ങളുടെ പ്രേമത്തിന്റെ സമയത്ത് ഏറ്റവും കൂടുതല്‍ ചെയ്തിരിക്കുന്നത് കമലിന്റെ സിനിമകളാണ്. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍, ശുഭയാത്ര, അങ്ങനെ ആ സമയത്തുള്ള സിനിമകളെല്ലാം കമലിന്റെ കൂടെ ഉള്ളതായിരുന്നു. അതുകൊണ്ട് തന്നെ കമലിക്കയായിരുന്നു ഞങ്ങളുടെ പ്രണയത്തിന്റെ ഹംസം. അതുകൊണ്ട് തന്നെ എന്റെ മദര്‍ ഇന്‍ ലോയ്ക്ക്, അശ്വതിയുടെ അമ്മക്ക് ഏറ്റവും കൂടുതല്‍ ദേഷ്യം ഉണ്ടായിരുന്നു ഡയറക്റ്ററായിരുന്നു കമല്‍.
എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ മിണ്ടി പോകരുതെന്ന് പറഞ്ഞ് കമലുമായി വലിയ കച്ചറയെല്ലാം നടന്നിട്ടുണ്ട്. ഞങ്ങളുടെ സിനിമയുടെ ഷൂട്ടെല്ലാം നടക്കുമ്പോള്‍ കട്ട് പറഞ്ഞ ഉടനെ അവളെ എന്റെ കണ്‍വെട്ടത്തില്‍ നിന്ന് മാറ്റും. അശ്വതിയേയും കൂട്ടി അവളുടെ അമ്മ വേറെ എവിടെയെങ്കിലും പോയി ഇരിക്കുമായിരുന്നു.
ശുഭയാത്ര എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ ഞാന്‍ കമലിനോട് പ്ലീസ് ഞങ്ങള്‍ സംസാരിക്കാന്‍ എന്തെങ്കിലും ഒരു മാര്‍ഗം ഒപ്പിച്ച് തരണമെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ കമല്‍ എന്താ ചെയ്തതെന്ന് വെച്ചാല്‍, ഷൂട്ട് ഇനിയും ഉണ്ടെന്ന് പറഞ്ഞ് ഒരു മാരുതി ഒമിനിയില്‍ ഞങ്ങളെ കേറ്റി ഒന്ന് കറങ്ങിയിട്ട് വാ എന്ന് പറഞ്ഞ് വിട്ടു. ഷൂട്ട് ബോംബെയില്‍ ആയിരുന്നു. എങ്ങോട്ടാ അവരെ വിട്ടതെന്ന് ചോദിച്ച് അമ്മ വന്ന് പ്രശ്‌നമുണ്ടാക്കി. നിങ്ങള്‍ കാരണം എന്തോരം ചീത്തയാണ് ഞാന്‍ കേട്ടതെന്ന് കമല്‍ പറയും,’ ജയറാം പറയുന്നു.