| Thursday, 7th December 2023, 12:22 pm

എന്തുകൊണ്ട് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നില്ലെന്ന് ബി.ജെ.പി പറയണം, ഞങ്ങളുടെ കാര്യം വന്നപ്പോള്‍ എന്തൊക്കെ ബഹളമായിരുന്നു: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തെ തുടര്‍ന്ന് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിപ്പിക്കുന്നതിലുള്ള യഥാര്‍ത്ഥ കാരണം ബി.ജെ.പി വ്യക്തമാക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

ഡിസംബര്‍ 3ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 24 മണിക്കൂറിനുള്ളില്‍ തെലങ്കാനയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ മാധ്യമസ്ഥാപനങ്ങളടക്കം വിമര്‍ശിച്ചിരുന്നുവെന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചിരുന്നു.

എന്നാല്‍ ഒരു ദിവസം മുമ്പ് തന്നെ തങ്ങള്‍ തെലങ്കാന മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരുന്നെന്ന് ഡിസംബര്‍ 7ന് തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ചുമതലയേല്‍ക്കുന്നതിനെ ഉദ്ധരിച്ചുകൊണ്ട് ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാന്‍ പോലും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം തീര്‍ച്ചയായും നിരാശാജനകമാണെന്നും എന്നാല്‍ പാര്‍ട്ടിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും ആത്മപരിശോധനയ്ക്ക് ശേഷം കൂടുതല്‍ ശക്തമാകുമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗത്തിന് ശേഷം ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. ഇതൊരു താത്കാലിക തിരിച്ചടിയാണെന്നും, പക്ഷേ ഇത് തങ്ങളുടെ തീരുമാനത്തെ ശക്തിപ്പെടുത്തുകയേയുള്ളുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Content Highlight: Jayaram Ramesh wants the B.J.P to clarify the reason for delaying the Chief Minister’s announcement

Latest Stories

We use cookies to give you the best possible experience. Learn more