|

ഇത് വാട്സ് ആപ്പ് യൂണിവേഴ്സിറ്റി പ്രചരണം; ചെങ്കോല്‍ അധികാര കൈമാറ്റത്തിന്റെ ചിഹ്നമെന്ന് നെഹ്റുവോ രാജാജിയോ വിശേഷിപ്പിച്ചിട്ടില്ല: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അധികാര കൈമാറ്റത്തിന്റെ ചിഹ്നമായാണ് ബ്രിട്ടിഷുകാര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന് ചെങ്കോല്‍ കൈമാറിയതെന്ന ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ വാദത്തെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.

മൗണ്ട് ബാറ്റണോ രാജാജിയോ നെഹ്റുവോ ചെങ്കോലിനെ ബ്രിട്ടീഷ് അധികാരം ഇന്ത്യയിലേക്ക് കൈമാറുന്നതിന്റെ പ്രതീകമായി വിശേഷിപ്പിച്ചതിന് യാതൊരു തെളിവുമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെറ്റായ പ്രചരണമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ മദ്രാസ് പ്രവിശ്യയിലെ ഒരു മത സ്ഥാപനം വിഭാവനം ചെയ്തതും മദ്രാസ് നഗരത്തില്‍ നിര്‍മിച്ചതുമായ ചെങ്കോല്‍ 1947 ഓഗസ്റ്റിലാണ് നെഹ്റുവിന് സമ്മാനിച്ചതെന്നും ഇത് പിന്നീട് അലഹബാദ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നുവെന്നും രമേശ് പറഞ്ഞു.

ചെങ്കോലിനെ പ്രധാനമന്ത്രിയും അവരുടെ അനുയായികളും തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേട്ടത്തിനായി ഇപ്പോള്‍ ഉപയോഗിക്കുകയാണെന്നും രമേശ് കുറ്റപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ എന്തുകൊണ്ട് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ ചോദ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചെങ്കോല്‍ വിഷത്തില്‍ കോണ്‍ഗ്രസിന് മറുപടിയുമായി അമിത് ഷായും രംഗത്തെത്തി. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്ത്യന്‍ പാരമ്പര്യത്തെയും സംസ്‌കാരയും വെറുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. അധികാരകൈമാറ്റത്തിന്റെ ചിഹ്നമായി തമിഴ്‌നാട്ടിലെ ശൈവ മഠ പണ്ഡിറ്റാണ് നെഹ്‌റുവിന് ചെങ്കോല്‍ കൈമാറിയതെന്നും എന്നാല്‍ അവര്‍ അതിനെ ഊന്നുവടിയായി മ്യൂസിയത്തിലേക്ക് അയച്ചെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ മറുപടി.

ഇന്ത്യയുടെ പരമ്പരാഗത അധികാര കൈമാറ്റത്തിന്റെ സ്മരണയ്ക്കാണ് ചെങ്കോല്‍ സ്ഥാപിക്കുന്നത്. ഈ ചെങ്കോല്‍ ബ്രിട്ടിഷുകാരില്‍ നിന്ന് ഇന്ത്യന്‍ നേതാക്കള്‍ക്ക് അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണെന്നായിരുന്നു അമിത് ഷാ പറഞ്ഞിരുന്നത്.

CONTENTHIGHLIGHT: jayaram ramesh against amit shah statement on senghol