| Wednesday, 26th April 2023, 3:42 pm

ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി നിരോധിച്ച സംഘടനയോട് കൂറ് പുലര്‍ത്തുന്നയാളാണ് ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി; കോണ്‍ഗ്രസിനെതിരെ നടത്തിയത് ലജ്ജാകരമായ ഭീഷണി: ജയറാം രമേശ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാനാണ് കോണ്‍ഗ്രസ് എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളതെന്നും അവര്‍ ഭരണത്തിലെത്തിയാല്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടാകുമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ലജ്ജാകരമായ, ഭീഷണിയുടെ സ്വഭാവത്തിലുള്ള പ്രസ്താവനയാണ് അമിത് ഷാ നടത്തിയതെന്ന് ജയറാം രമേശ് പറഞ്ഞു.

ചൊവ്വാഴ്ച കര്‍ണാടകയിലെ ബലഗാവി ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആക്രമണവുമായി ഷാ രംഗത്തെത്തിയത്.

സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചാല്‍ കര്‍ണാടകയില്‍ പ്രീണന രാഷ്ട്രീയം ശക്തമാകുമെന്നും അഴിമതിയും കെടുകാര്യസ്ഥതയും വര്‍ധിക്കുമെന്നുമായിരുന്നു ഷാ പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന്റെ വികസനം റിവേഴ്സ് ഗിയറിലേക്ക് മാറുമെന്നും ബി.ജെ.പി വിട്ടവരെ പാര്‍ട്ടിയിലെടുത്ത് സീറ്റ് നല്‍കിയതിലൂടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെട്ടതെന്നും ഷാ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രമേശ് രംഗത്ത് വന്നിരിക്കുന്നത്.

‘ഇത് വളരെ ലജ്ജാകരമായ, ഭീഷണിയുടെ സ്വഭാവമുള്ള പ്രസ്താവനയാണ്. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി നിരോധിച്ച ഒരു സംഘടനയോട് കൂറ് പുലര്‍ത്തുന്ന ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി, തെരഞ്ഞെടുപ്പിലെ തോല്‍വി മുന്നില്‍ക്കണ്ട് ഇപ്പോള്‍ ഭീഷണി മുഴക്കുകയാണ്,’ ജയറാം രമേശ് പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പ് ഒരു എം.എല്‍.എയെ തെരഞ്ഞെടുക്കാനായുള്ള ഒന്നായി മാത്രം കാണരുതെന്നും സംസ്ഥാനത്തിന്റെ ഭാവിയെ നരേന്ദ്ര മോദിയുടെ കൈകളിലേല്‍പ്പിക്കാനുള്ള അവസരമാണെന്നും വികസനത്തിനും സത്യസന്ധതക്കും വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നതെന്നും ഷാ പറഞ്ഞിരുന്നു. ആറരക്കോടിയോളം വരുന്ന കര്‍ണാടക ജനതയെ അപമാനിക്കുന്ന പ്രസ്താവനയാണ് ഷാ നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ലിംഗായത്ത് വിഭാഗത്തെ എല്ലാക്കാലത്തും അപമാനിച്ചവരാണ് കോണ്‍ഗ്രസെന്നും ഇന്നുവരെ ലിംഗായത്ത് സമുദായത്തില്‍ നിന്ന് രണ്ട് മുഖ്യമന്ത്രിമാര്‍ മാത്രമേ കോണ്‍ഗ്രസിനുണ്ടായിട്ടുള്ളൂ എന്നും ഷാ പറഞ്ഞിരുന്നു. ഇവരെ രണ്ട് പേരെയും പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും ആഭ്യന്തര മന്ത്രി ആരോപിച്ചിരുന്നു.

ലിംഗായത്ത് സമുദായത്തിലെ പ്രധാന നേതാക്കളായിരുന്ന ജഗദീഷ് ഷെട്ടാറും ലക്ഷ്മണ്‍ സാവഡിയും നേരത്തെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഷെട്ടാറിന്റെയും ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവഡിയുടെയും വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മെയ് പത്തിനാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13നാണ് വോട്ടെണ്ണല്‍.

Content Highlights: jayaram ramesh against amit shah

We use cookies to give you the best possible experience. Learn more