കേരളത്തില്‍ ഒരാള്‍ സി.പി.ഐ.എം അനുകൂലി ആയിരിക്കുന്നതാണോ അതോ സി.പി.ഐ.എം വിമര്‍ശകന്‍ ആയിരിക്കുന്നതാണോ എളുപ്പം? മാധ്യമ ശ്രദ്ധ, കരിയര്‍ എന്നിവയൊക്കെ വെച്ച് നോക്കിയാല്‍ രണ്ടാമത്തത് ആണ് നല്ലത് എന്ന് ഏകദേശം ഉറപ്പാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോഞ്ച് ചെയ്യപ്പെട്ട് വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ വിമര്‍ശകരുടെ കരിയര്‍ നിരീക്ഷിച്ചതില്‍ നിന്ന് എത്തിച്ചേര്‍ന്ന നിഗമനമാണ് ഇത്. അതുപോലെ തന്നെ ഈ ഗ്രൂപ്പിന്റെ എതിര്‍വശത്ത് നില്‍ക്കുന്നവരുടെ കരിയറും ഒന്ന് നോക്കുന്നതില്‍ കുഴപ്പമില്ല എന്ന അക്കാദമിക് താല്‍പര്യം മുന്‍ നിര്‍ത്തിയാണ് ഈ കുറിപ്പ് എഴുതുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റ് ആണ് ഇതിന് പിന്നിലെ പ്രകോപനം.
ആ പോസ്റ്റിലേക്ക് പോകുന്നതിന് മുന്‍പ് ചില മുന്നറിയിപ്പുകള്‍.
ഫേസ്ബുക്കില്‍ കിരണ്‍ തോമസ് എന്ന വെബ് ഹാന്‍ഡിലില്‍ നിന്ന് വരുന്ന ചില പ്രതികരണങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ഇത് ആ എഫ്.ബി. സ്റ്റാറ്റസുകള്‍ എഴുതിയ വ്യക്തിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അല്ലേയല്ല. ആ വിധത്തില്‍ വിമര്‍ശനങ്ങള്‍ വ്യക്തികേന്ദ്രീകൃതമാകുന്നത് പരമാവധി ഒഴിവാക്കണം എന്ന നിലപാടാണ് എനിക്കുള്ളത്. പക്ഷെ സോഷ്യല്‍ മീഡിയയുടെ അടിസ്ഥാന സ്വഭാവം അതിന് തടസം ആണെന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്യുന്നു.
ഇനി വിഷയത്തിലേക്ക്
കിരണ്‍ തോമസ് എഴുതുന്നു(ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ജഡ്ജിമാര്‍ നടത്തിയ ചില പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ കിരണ്‍ ചില മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ്).
“”ഭരണഘടന അനുസരിച്ച് മക്കളെ വളര്‍ത്തണമെന്ന സന്ദേശമാണ് അഖില/ഹാദിയ കേസ് കേരളത്തിലെ മാതാപിതാക്കള്‍ക്ക് തരുന്നത് . പഠിക്കാനായി കോളേജിലേക്ക് അയക്കുന്ന നിങ്ങളുടെ കുട്ടികളെ മതപരിവര്‍ത്തനം ചെയ്യാനും, വീട്ടില്‍ നിന്ന് കടത്തിക്കൊണ്ടുപോയി ട്രാഫിക്ക് ചെയ്യാനും, അവരുടെ വിവാഹം ഓണ്‍്‌ലൈന്‍ പോര്‍ട്ടല്‍ വഴി നടത്തിക്കൊടുക്കാനും, അതിന് നേരെ നിങ്ങള്‍ ഉന്നയിക്കുന്ന ചെറിയ പരാതിപോലും വ്യാജ സത്യവാങ്ങുകള്‍ കൊടുപ്പിച്ച് നിയമപരമായി നേരിടാനുമൊക്കെ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ സജ്ജമായി ഇരിപ്പുണ്ട്. 18 വയസു കഴിഞ്ഞ നിങ്ങളുടെ മക്കള്‍ ഈ ട്രാപ്പില്‍ വീണാല്‍ അവര്‍ തീവ്ര മതവാദികള്‍ ആകുകയൂം തീവ്രവാദി സ്വഭാവുമുള്ള ആളെക്കൊണ്ട് തീവ്രസ്വഭാവമുള്ള സംഘടനയുടെ നേതാക്കള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുന്നത് കാണേണ്ടി വരികയും ചെയ്യും. ഇതെല്ലാം ഭരണഘടന അനുവദിക്കുന്നതാകുന്നത് കൊണ്ട് നിങ്ങള്‍ക്കൊന്ന് ഉറക്കെക്കരയാന്‍ പോലുമുള്ള അവകാശം പോലും ആരും അനുവദിച്ച് തരുകയുമില്ല.
അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഭരണഘടന ഇങ്ങനെയൊക്കെ ആണെങ്കില്‍ നമ്മള്‍ എന്തുചെയ്യുമെന്ന്. എന്നാല്‍ ഇതേ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നമ്മള്‍ കരുതലോടെ ഉപയോഗിച്ചാല്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ പറ്റും. അമിതമായി തങ്ങളുടെ മതത്തെപ്പറ്റി പറയുന്നവരില്‍ നിന്ന് അകന്ന് നില്ക്കാന്‍ ചെറുപ്പത്തിലെ കുട്ടികളെ പഠിപ്പിക്കുന്നതില്‍ നിന്ന് ഭരണഘടന നമ്മെ തടയുന്നില്ല. ചെറുപ്പത്തിലെ നിങ്ങളുടെ മതം മാത്രമാണ് നല്ലതെന്നും ബാക്കി ഒക്കെ മോശമാണെന്നും പഠിപ്പിക്കുന്നതില്‍ നിന്ന് ഭരണഘടന തടയുന്നില്ല. മറ്റ് മതങ്ങളിലെ മാത്രം മണ്ടത്തരങ്ങളും ലോജിക്ക് ഇല്ലായ്മയും മക്കളെ പഠിക്കുന്നതില്‍ നിന്ന് ഭരണഘടന നിങ്ങളെ തടയുന്നില്ല. അതുകൊണ്ട് ഇത്തരം ഫ്രിഞ്ച് ഗ്രൂപ്പുകളില്‍ നിന്ന് നിങ്ങളുടെ മക്കള്‍ പഠനം കഴിയുന്നത് വരെ അകന്നു നില്‍ക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ ഭരണഘടനപരമായി എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യുക. ഭരണഘടന ഉപയോഗിച്ച് മത തീവ്രവാദികള്‍ കളിക്കുന്ന കളി ഭരണഘടന ഉപയോഗിച്ച് നേരിടുകയല്ലാതെ മറ്റ് വഴികളില്ല””.
ഇത്രയുമാണ് കിരണിന്റെ പോസ്റ്റ്. അതില്‍ വന്ന പ്രതികരണങ്ങളില്‍ ഒന്ന് താഴെ കൊടുക്കുന്നു.
സന്ധ്യമയങ്ങും നേരം ചുവപ്പും കാവിയാകും…
കിരണിന്റെ പോസ്റ്റ് ആണോ അതോ അതിനടിയില്‍ വന്ന ഈ കമന്റ്റ് ആണോ കൂടുതല്‍ അപകടകരം എന്ന് ആലോചിക്കുന്നതില്‍ കഴമ്പില്ല എന്നറിയാം. എന്നാലും രണ്ടാമത്തെ കമന്റ്റ് ഇന്ന് മേല്‍കൈ നേടാന്‍ ശ്രമിക്കുന്ന ഒരു വ്യജനിലപാടാണ് എന്നുള്ളതുകൊണ്ട് ഇവ രണ്ടും ചേര്‍ത്ത് വെക്കെണ്ടിവരുന്നത്. ഇടതുപക്ഷത്തെ,അതിന്റെ രാഷ്ട്രീയ നിലപാടുകളെ, അതില്‍ അംഗങ്ങളായി ഇരിക്കുന്ന മനുഷ്യരെ ഈ വിധത്തില്‍ തെറ്റായി പ്രതിനിധാനം ചെയ്യുന്നതില്‍ മത്സരിക്കുന്ന ഒരു രാഷ്ട്രീയം ഇവിടെയുണ്ട്.
നമ്മുടെ ആരുടേയും ജീവിതാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്താത്ത കാര്യമാണ് ഇടതുപക്ഷം ഇന്ത്യയിലെ വലതുപക്ഷത്തിന്റെ സാംസ്‌കാരികയുക്തികള്‍ പിന്തുടരുന്നു എന്നത്. ഹിന്ദുത്വ ഫാസിസത്തിനെതിരെ നിരന്തരമായി തെരുവിലും രാഷ്ട്രീയ ഇടങ്ങളിലും പ്രത്യയശാസ്ത്രതലത്തിലും പൊരുതുന്ന ഏറ്റവും പ്രധാന രാഷ്ട്രീയം ഇടതുപക്ഷത്തിന്റെതാണ്. പക്ഷെ എന്തുകൊണ്ടാണ് ഇത്തരം ഒരു ആരോപണം ഇടതുപക്ഷത്തിനെതിരെ ഉയര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യം പ്രധാനമാണ്.
ആ ചോദ്യത്തിന്റെ ഉത്തരമായി പലകാര്യങ്ങള്‍ പറയാന്‍ നമുക്ക് പറ്റും.അത്തരം ഒരു ആരോപണം ഉന്നയിക്കു വ്യക്തിയുടെ/പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയവും മറ്റും പരിഗണിച്ചുകൊണ്ട് മാത്രമേ അത്തരം ആരോപങ്ങളെ ചര്‍ച്ച ചെയ്യാനാവു. പക്ഷെ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു സാഹചര്യം, കിരണ്‍ തോമസ് ഉന്നയിക്കുന്ന ആരോപണം ഇടതുപക്ഷ നിലപാടായി പരിഗണിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, എന്തുകൊണ്ടാണ് കിരണ്‍ തോമസ് ഉന്നയിക്കുന്ന,വളരെ നിലവാരം കുറഞ്ഞ ഒരു ആരോപണം വളരെ അനായാസം ഇടതുപക്ഷത്തിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയുന്നത്? അല്ലെങ്കില്‍ എന്തുകൊണ്ട് കിരണ്‍ തോമസിയന്‍ നിലപാടുകള്‍ ഇടത് നിലപാടുകള്‍ ആയി മനസിലാക്കപ്പെടുന്നു?
മേലെ സൂചിപ്പിച്ചപോലെ ഈ എഴുത്തില്‍ നിരന്തരമായി ഒരു വ്യക്തിയുടെ പേര് പരാമര്‍ശിക്കേണ്ടി വരുന്നത് യഥാര്‍ത്ഥത്തില്‍ എന്നെ വിഷമിപ്പിക്കുന്നുണ്ട്. പക്ഷെ ഈ എഴുത്തിന്റെ വിഷയപരമായ പ്രത്യേകത മറ്റൊരു വിധത്തിലും ഈ വിഷയത്തെ സമീപിക്കാന്‍ എന്നെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ വ്യക്തിപരമായി താല്പര്യം ഇല്ലങ്കില്‍ പോലും ഞാന്‍ അതിന് തുനിയുകയാണ്.
താന്‍ കമ്യൂണിസ്റ്റ് അല്ല/ഇടത്പക്ഷം അല്ല/തനിക്ക് ഇടതുവിരുധമായ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പ്രവര്‍ത്തന പാരമ്പര്യം ഉണ്ട്/മതത്തിന്റെ് കാര്യത്തില്‍ കണ്‍സര്‍വേറ്റീവ് ആയ നിലപാടുകള്‍ ഉണ്ട് എന്നിങ്ങനെ സ്വയം വെളിവാക്കുന്ന വ്യക്തി/അയാളുടെ നിലപാടുകള്‍ എങ്ങനെ ഇടത് നിലപാടായി പൊതുസമൂഹത്തില്‍ വായിക്കപ്പെടുന്നു? അതിന് എനിക്ക് ചരിത്രപരമായ ഒരു വിശദീകരണം മാത്രമേ നല്‍കാനുള്ളൂ.
കേരളത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി പ്രത്യയശാസ്ത്രസമരം എന്ന പേരില്‍ ഒരു മാധ്യമകേന്ദ്രീകൃതപോരാട്ടംനടന്നിരുന്നു.(മാധ്യമകേന്ദ്രീകൃത പോരാട്ടം എന്ന് വിശേഷിപ്പിക്കാന്‍ കാരണം അതില്‍ ഉന്നയിക്കപ്പെട്ട പ്രമേയങ്ങള്‍ അപ്രസക്തമായതിനാല്‍ അല്ല. മറിച്ച് അത്തരമൊരു പ്രത്യശാസ്ത്ര സമരം വ്യത്യസ്തമായ രീതിയില്‍ ഇടതുപക്ഷത്തിന് നടത്താന്‍ കഴിയുമായിരുന്നു എന്നതിനാലാണ്).ഈ കാലഘട്ടവും മലയാള ദൃശ്യ മാധ്യമ രംഗം പിച്ച വെച്ച്, പടര്‍ന്ന് പന്തലിച്ച കാലവും സമാന്തരമായാണ് സംഭവിച്ചത്.
കേവലം മൂന്ന് കോടി ജനം മാത്രം സംസാരിക്കുന്ന ഭാഷയില്‍ ഒരു ചെറിയ ഭൂപ്രദേശത്ത് ഇരുപത്തിനാല് മണിക്കൂര്‍ നേരവും വാര്‍ത്ത ചാനല്‍ നടത്തികൊണ്ട് പോകുക എളുപ്പമായിരുന്നില്ല. അതുകൊണ്ട് ഏതെങ്കിലും വിധത്തില്‍ വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുന്ന, ഏത് നിസ്സാര സംഭവത്തിലും ഒരു ഗൂഢാലോചന മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന, എത്രസംസാരിച്ചാലും മതിവരാത്ത കുറച്ചധികം മനുഷ്യര്‍ക്ക്് ഇവിടെ നിരന്തരമായി തൊഴില്‍ ലഭിച്ചു.
ഈ കാര്‍ണിവെല്ലില്‍ പങ്കെടുത്ത മനുഷ്യരെ കുറ്റപ്പെടുത്തുകയല്ല. അവരുടെ ആത്മാര്‍ത്ഥതയെ, നിശ്ചയങ്ങളെ സംശയിക്കുന്നത് ശരിയായിരിക്കില്ല. എന്തായാലും മേല്‍സൂചിപ്പിച്ച “വ്യാജ” രാഷ്ട്രീയ ആഭ്യന്തരയുദ്ധത്തില്‍ വിജയീപക്ഷം എന്നൊന്ന് പൊതുബോധത്തിന്റെ മുന്നില്‍ ഉണ്ട്. ആ പക്ഷത്തിനായി മാധ്യമ ഇടപെടല്‍ നടത്തിയവര്‍ പൊതുസമൂഹത്തിന്റെ കണ്ണില്‍ സ്ഥിരമായി തന്നെ കമ്യൂണിസ്റ്റുകളും ഇടതുപക്ഷവും ആയി രൂപം മാറി.
ഈയൊരു വിധത്തില്‍ ഇടതുപക്ഷം ആവുന്നതിന്റെ ഒരു മുഖ്യപ്രശ്‌നം എന്താണെന്ന് വെച്ചാല്‍, രാഷ്ട്രീയമായി ഇടതുപക്ഷം ആവാനുള്ള ചില അടിസ്ഥാന പ്രമാണങ്ങളില്‍ അത്തരം വ്യക്തികള്‍ ഏതെങ്കിലും വിധത്തില്‍ പ്രതിബദ്ധത ഉള്ളവര്‍ ആയിരിക്കില്ല എന്നതാണ്. അത്തരമൊരു “ഇടതു”പക്ഷത്തിന്, ഇടതുപക്ഷത്തിന്റെതായ സാമൂഹിക/ സാംസ്‌കാരിക/ സാമ്പത്തിക നിലപാടുകള്‍ ഉണ്ടാവുകയില്ല.
അത്തരം “ഇടതു”പക്ഷത്തിന് മധ്യവര്ഗപ സിനിസിസത്തില്‍ അഭിരമിക്കാന്‍ കഴിയും. സോഷ്യല്‍ മീഡിയയിലെ ചോദ്യ-മറുചോദ്യ ആനന്ദ ഉത്സവത്തില്‍ മതി മറക്കാന്‍ കഴിയും. പോസ്റ്റ് ഉദാരവത്കരണകാലഘട്ടത്തിന്റെ ഉല്‍പന്നമാണ്, ആ കാലഘട്ടം കൊണ്ടുവന്ന ആനന്ദങ്ങളുടെ ഗുണഭോക്താവാണ് അയാള്‍. ഇടതുപക്ഷം ഒരു മീഡിയ കേന്ദ്രീക്രിതമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്ത് അവിടെ ഇടപെടാന്‍ സ്വാഭാവികമായും ഈ “ഇടത്”പക്ഷത്തിന് കഴിയും.
ഇതിലൂടെ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാല്‍ ദേശാഭിമാനിയുടെ എഡിറ്റ് പേജിലോ, പീപ്പിള്‍സ് ഡെമോക്രസിയിലോ ചിന്ത വാരികയിലോ വരുന്നതല്ല ഇടതുപക്ഷനിലപാടായി പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുക, മറിച്ച് ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍, അതിലെ കേവലയുക്തികള്‍, താല്കാലിക പരിഹാരങ്ങള്‍, അതിലെ പരിഹാസങ്ങളും ജനാതിപത്യ വിരുദ്ധതയും ഒക്കെ ഇടതുപക്ഷ സമീപങ്ങള്‍ ആയി മനസിലാക്കപ്പെടുന്നു.
ഈ വിധത്തിലാണ് ഇടതുരാഷ്ട്രീയം ആന്തരികമായി പാപ്പരാവുന്നത്.(പെട്ടന്ന് ഓര്‍മ്മ വരുന്നത് മാക്‌സിസ്റ്റ് ചിന്തയില്‍ അഗാധമായ അറിവുണ്ടായിരുന്ന ഡോ.ടി.കെ.രാമചന്ദ്രന്‍, മേല്‍ സൂചിപ്പിച്ച പ്രത്യശാസ്ത്ര കലാപകാലത്ത് ടി.വി.യില്‍ വന്നതാണ്. തനിക്ക് യാതൊരു പിടിയും ഇല്ലാത്ത ഒരു സൈദ്ധാന്തിക വിഷയം എടുത്ത് അവതാരകന്‍ ഒരു ചോദ്യം ചോദിക്കുന്നു. ടി.കെ. അതിന്റെ മറുപടിയായി എന്തെങ്കിലും പറഞ്ഞുതുടങ്ങുമ്പോഴേക്കും ക്ഷമ നശിച്ച അവതാരകന്‍ വളവളാ വര്‍ത്തമാനം പറയുന്ന ഏതെങ്കിലും രാജേശ്വരിയുടെ അടുത്ത് എത്തിയിട്ടുണ്ടാവും).
നമുക്ക് സമകാലികമായ ഒരു ഉദാഹരണം നോക്കാം. താഴെ കൊടുത്തിരിക്കുന്ന ഫേസ്ബുക്ക് അപ്‌ഡേറ്റ് മുന്നോട്ട് വെക്കുന്ന ഇടതുബോധം എന്താണ്?
[“എനിക്കീ CPM പ്രവര്‍ത്തകരുടെ കാര്യമോര്‍ത്ത് സഹതാപം തോന്നുന്നു. സംസ്ഥാനത്തെ വിഭാഗീയതയൊക്കെ ഒന്ന് ഒതുങ്ങി വന്നപ്പോഴേക്കും ഇതാ കേന്ദ്രത്തില്‍ വിഭാഗീയത. ഞാന്‍ കോണ്‍ഗ്രസ് പക്ഷമാണെല്‍ മറ്റുള്ളവര്‍ ബി.ജെ.പി പക്ഷമാണെന്ന് ജനറല്‍ സെക്രട്ടറി.
ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തവര്‍ സിപിഎമ്മില്‍ നിന്ന് ഗെയിം കളിക്കാന്‍ തുടങ്ങിയാല്‍ പെട്ടെന്ന് പ്രതിരോധത്തിലാകുന്ന സംവിധാനമാണ് സിപിഎമ്മിനുള്ളത്. പണ്ടൊക്കെ വിമതരെ ചെവിക്ക് പിടിച്ച് പുറത്താക്കാമായിരുന്നു. ഇന്നത് പറ്റാതെയായി അതോടേ വിമതരെ താങ്ങിക്കൊണ്ട് നടക്കുകയും വേണം അവരുടെ ഗോളടികള്‍ സഹിക്കുകയും വേണമെന്ന് അവസ്ഥയിലാണ് പാര്‍ട്ടി.
യെച്ചൂരിക്ക് നാളെ പുല്ലു പോലെ കോണ്‍ഗ്രസില്‍ പോയി ചേരാം അതിന്റെ പഴി കാരാട്ടിന്റെ പിടലിക്ക് വച്ച് കൊടുക്കാന്‍ വളരെ എളുപ്പവുമാണ് അതുകൊണ്ട് യച്ചൂരി കളി തുടങ്ങിയിട്ടെ ഉള്ളൂ പക്ഷെ കേരള ഘടകത്തിനിട്ടായിരിക്കും മറുപണി എന്നതാണ് ഇതിന്റെ ആന്റിക്ലൈമാക്‌സ്””]
ഏതുതരം ഇടതുബോധത്തില്‍ നിന്നാണ് ഇത്തരം ഒരു നിലപാട് എടുക്കാന്‍ കഴിയുക? സി.പി.ഐ.എം-ന്റെ ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ്സില്‍ ചേരുന്ന കാര്യമൊക്കെയാണ് അഭ്യൂഹിച്ചിരിക്കുന്നത് എന്നോര്‍ക്കണം. എ.കെ.ജി.ക്ക് എതിരെ ഉയര്‍ന്ന ഒരു ആരോപണത്തെ സൈബര്‍ ലോകത്തെ സഖാക്കള്‍ നേരിട്ട രീതി നമ്മള്‍ കണ്ടതാണ്. എന്നാല്‍ സി.പി.ഐ.എം.ന്റെ ജനറല്‍ സെക്രട്ടറിക്ക് എതിരെ ഉന്നയിക്കാന്‍ കഴിയുന്നതില്‍ ഏറ്റവും ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെടുമ്പോള്‍ ഐസിനെക്കാള്‍ തണുത്ത നിശബ്ദതയാണ് നാം നേരിടുന്നത്. ഈ സ്റ്റാറ്റസ് മോബ് ലിഞ്ച് ചെയ്യപ്പെടണം എന്നല്ല എന്റെ നിര്‍ദേശം. മറിച്ച് ഇന്ത്യയിലെ നിലവിലുള്ള ഭരണകൂടത്തോടുള്ള സമീപനം എന്തായിരിക്കണം എന്ന , വലിയ ഭാവികാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ള , കാര്യത്തില്‍ ഉള്ള വിയോജിപ്പിനെയാണ് ഈ വിധത്തില്‍ ട്രിവിയലൈസ് ചെയ്യുന്നത് എന്നതാണ് പ്രശ്‌നം.
ഇത്തരം ഫേസ്ബുക്ക് സ്റ്റാറ്റസുകേളാട് പ്രതികരിക്കല്‍ എളുപ്പമല്ല. കാരണം ഫേസ്ബുക്ക് സംഭാഷങ്ങള്‍ , ടി.വി.അന്തിചര്‍ച്ചപോലെ തന്നെ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ മാധ്യമം അല്ല എന്നത് തന്നെ തന്നെ കാരണം. നിരന്തരമായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കും മറുപടികള്‍ക്കുമിടയില്‍ കൂടി ചര്‍ച്ച ചെയ്യുന്ന വിഷയം ഒഴുകി അഴുക്ക് ചാലില്‍ എത്തും. തത്സമയ ഫീഡ്ബാക്ക് എന്ന സാധ്യത നിലനില്‍ക്കുമ്പോള്‍ തന്നെ, വിഷയത്തില്‍ നിന്ന് വഴുതി മാറാന്‍, വാചാടോപങ്ങളില്‍ അഭിരമിക്കാന്‍ ഒക്കെ അനന്തമായ സാധ്യതകള്‍ നല്‍കുന്ന മാധ്യമം ആണ് സോഷ്യല്‍ മീഡിയ.
മറ്റൊന്ന്, ഏതൊരു ചോദ്യത്തെയും anti-intellectualism എന്ന പരിച ഉപയോഗിച്ച് തടുക്കാന്‍ ഏറ്റവും എളുപ്പം സോഷ്യല്‍ മീഡിയയില്‍ സാധിക്കും. അതുകൊണ്ടുള്ള ഗുണം ഗൌരവതരമായ ഒന്നും പറയുകയോ ചെയ്യുകയോ ചെയ്യേണ്ട കാര്യമില്ല എന്നതാണ്. ഏത് വിഷയവും നിസ്സാരവത്കരണത്തിലൂടെ മറികടക്കാന്‍ പറ്റും.അതിപ്പോള്‍ ഉദാരവത്കരണം ആയാലും സോഷ്യല്‍ ഡെമോക്രസി ആയാലും ദേശീയ ബൂര്‍്ഷ്വാസിയോടുള്ള സമീപനമായാലും ഒരേതരത്തിലുള്ള വര്‍ത്തമാനം പറഞ്ഞോണ്ടിരിക്കാം എന്നതാണ് നിസ്സാരവത്കരണത്തിലൂടെ, anti-intellectualism ത്തിലൂടെ സാധിച്ചെടുക്കുന്ന കാര്യം.
ഇതവിടെ നില്‍ക്കട്ടെ നമുക്ക് ആദ്യത്തെ നവ്യമായ ഭരണഘടന വ്യഖ്യാനത്തിലേക്ക് തിരിച്ചു പോകാം. ആ സ്റ്റേറ്റ്‌മെന്റ് എടുത്ത് വെച്ച്, അത് എത്രത്തോളം ഭരണഘടന വിരുദ്ധം ആണെന്ന് തെളിയിക്കേണ്ട ആവശ്യം പോലുമില്ല. കാരണം അതില്‍ തെറ്റുകള്‍ മാത്രമേ ഉള്ളൂ. ഭരണഘടന എന്നത് ഒരു ചത്ത ഡോക്യുമെന്റ് അല്ല ഇതുവരെ. അതിന്റെ ആമുഖം തന്നെ വ്യക്തമാകുന്നുണ്ട് അതിന്റെ ആത്മാവ്. ജനാധിപത്യം, സോഷ്യലിസം. മതേതരത്വം എന്നിവയാണ് നമ്മുടെ ഭരണഘടനയുടെ ഗൈഡിംഗ് പ്രിന്‍സിപ്പല്‍. ആ സ്പിരിറ്റുമായി ഒരുതരത്തിലും യോജിക്കുന്ന വര്‍ത്തമാനം അല്ല ഈ സ്റ്റാറ്റസ്. അതുകൊണ്ട് തന്നെ തികച്ചും വ്യക്തമായ ഈ കാര്യം ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ പ്രസക്തമായ വേറൊരു ഘടകം ഇവിടെ പരിഗണിക്കേണ്ടതുണ്ട്.
കിരണിന്റെ ഈ പോസ്റ്റിനെ നയിക്കുന്നത് വളരെ അപകടകരമായ ഒരു ബൈനറിയാണ്. ആ ബൈനറി ഗുഡ് മൈനോരിറ്റി Vs ബാഡ്‌മൈനോരിറ്റി എന്നതാണ്. ഇവിടെ ഒരു മാതൃക മൈനോരിറ്റി നിലനില്‍ക്കുന്നു. അത് ക്രിസ്ത്യന്‍ ന്യൂനപക്ഷമാണ്. അവര്‍ എല്ലാ തരത്തിലും ഇന്ത്യന്‍ ദേശീയതയോട് integrated ആണ്. വിദ്യാഭ്യാസത്തിന്റെയും പൌരബോധത്തിന്റെയും സാംസ്‌കാരിക അഭിരുചികളുടെയും മനോഭാവങ്ങളുടെയും എല്ലാം തലത്തില്‍ സമഗ്രമായ രീതിയില്‍ സമായോജനം നേടിക്കഴിഞ്ഞ ഒരു ഗുഡ് മൈനോരിറ്റി.
അവര്‍ എക്‌സ്‌ക്ലൂഷന്റെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നേരിടുന്നില്ല. മറിച്ച് ഭരണതലത്തില്‍ ആയാലും, ഉദ്യോഗതലത്തില്‍ ആയാലും, രാഷ്ട്രീയത്തില്‍ ആയാലും വലിയ അളവില്‍ പദവികളും പങ്കാളിത്വവും പ്രാതിനിത്യവും അനുഭവിക്കുന്ന ഗുഡ്‌മൈനോരിറ്റി. ഈ ബൈനറിയുടെ മറ്റേ അറ്റത്തുള്ള മുസ്ലീംമൈനോരിറ്റി എതുരൂപത്തിലാണ് മേല്‍ സൂചിപ്പിച്ച ആഖ്യാനങ്ങളിലൂടെ രൂപപെടുന്നത്?
മുസ്‌ലിങ്ങളുടെ മുന്നില്‍ വെക്കപ്പെടുന്ന ചോയ്‌സ് ഇതാണ്. ഒന്നുകില്‍ നിങ്ങള്‍ക്കത് എ.പി.ജെ. അബ്ദുല്‍ കലാം കളിച്ച് ഗുഡ് മൈനോറിറ്റി ആവാം. അല്ലാത്തതെല്ലാം ബാഡ് മൈനോരിറ്റി ആണ്.
നാംസ്വാതന്ത്ര്യം നേടിയത്തിന് ശേഷമുള്ള അറുപത് എഴുപത് വര്‍ഷങ്ങളായി ഇവിടുത്തെ ന്യൂനപക്ഷ മുസ്ലീങ്ങള്‍ നേരിടുന്ന ഘടനാപരമായ വിവേചനങ്ങള്‍ പരിഗണിക്കുമ്പോള്‍ ആണ് മേല്‍സൂചിപ്പിച്ച ബൈനറിയുടെ അപകടം കൂടുതല്‍ വ്യക്തമാകുന്നത്. ഇത്തരമൊരു ബൈനറി ഇടത് രാഷ്ട്രീയത്തോട് ചെയ്യുന്ന ദ്രോഹം കടുത്തതാണ്.
ഒന്നാമതായി സബാള്‍ടന്‍ രാഷ്ട്രീയത്തോട് പ്രതികരിക്കുമ്പോള്‍ ആവശ്യമായ എമ്പതിയെ അത് ഇല്ലായ്മ ചെയ്യുന്നു എന്നതാണ്. കൈയ്യിലിരുപ്പ് മൊത്തം മോശമായ കൂട്ടത്തോട് അനുതാപം ആവശ്യമില്ലല്ലോ. അതുകൊണ്ട് അവരെ മെരുക്കാന്‍ ഭരണകൂടം ചെയ്യുന്ന/നീതിന്യായ വ്യവസ്ഥ ചെയ്യുന്ന/ നീതി നിര്‍വഹണ സംവിധാനം ചെയ്യുന്ന എല്ലാ കാര്യങ്ങളും നടപടികളും വിമര്‍ശനരഹിതമായി അംഗീകരിക്കപ്പെടുന്നത്.
രണ്ടാമതായി ഇടത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം സഖാക്കളെ അന്യായമായി ടാര്‍ഗറ്റ് ചെയ്യാന്‍ ഈ ബൈനറി ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതാണ്. സവിശേഷമായി മുസ്ലീങ്ങള്‍ ടാര്ഗറ്റ് ചെയ്യപ്പെടുന്ന പ്രശ്‌നത്തില്‍ ഏതെങ്കിലും രീതിയില്‍ പ്രതികരിക്കുന്നതില്‍ നിന്നും അവരെ സൈക്കോളജിക്കലി ഭീഷണിപ്പെടുത്തി നിശബ്ദനാക്കാനും അഥവാ ആ ഭീഷണിയെ അവഗണിക്കുന്നവരെ സഖാപ്പി ആക്കാനും സഹായിക്കുന്നത് മേല്‍ സൂചിപ്പിച്ച ബൈനറി തന്നെയാണ്.
ഒരുപക്ഷെ സോഷ്യല്‍ മീഡിയയില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ നടത്തിയ ഹൈപ്പര്‍ ഡ്രമാറ്റിക് മേലോഡ്രാമയായിരിക്കും കിരണിന്റെ പ്രകോപനഹേതു എന്ന് ഊഹിക്കാന്‍ ന്യായമുണ്ട്. ആ ഒരു ഡിസ്‌കോഴ്‌സിനോട് പ്രതികരിക്കാന്‍ ആ നിലവാരത്തിലേക്ക് താഴേണ്ടതുണ്ടോ എന്നാണ് എന്റെ് സംശയം. പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ഏകദിശയില്‍ മാത്രം തുറക്കപ്പെടുന്ന വാതില്‍ നയത്തിന്റെ ഭാഗമായി പല സാമൂഹിക-സാംസ്‌കാരിക അവകാശവാദങ്ങളും നടത്തും.
അവര്‍ക്ക് മനുഷ്യാവകാശങ്ങളെ പറ്റിയും, ഭരണഘടനയെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ പറ്റിയും ഒക്കെ അവസരവാദപരമായ നിലപാട് ഉണ്ടായിരിക്കാം. ഇതൊന്നും പക്ഷെ ഒരു ലെഫ്റ്റ് ലിബറല്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് വളരെ ജനാധിപത്യവിരുദ്ധമായ, ഉദാരരഹിതമായ, മുസ്ലീംഫോബിക് ആയ നിലപാടുകള്‍ സ്വീകരിക്കാന്‍ ന്യായീകരണം ആകുന്നില്ല.
ലിബറല്‍ അല്ലങ്കില്‍ ലെഫ്റ്റ് ലിബറല്‍ പക്ഷത്ത് നിന്നുകൊണ്ട് മുസ്ലീം രാഷ്ട്രീയത്തെ വീക്ഷിക്കുമ്പോള്‍ സംഭവിക്കുന്ന ചില ധാരണപിശകുകള്‍ പരിശോധിക്കപ്പെടെണ്ടതുണ്ട്. ഇടതുരക്ഷ്ട്രീയം വര്‍ഗപരമായ രാഷ്ട്രീയം ആണ്. അതിന്റെ പരികല്പ്പനകള്‍ രൂപപ്പെടുതിയിരിക്കുന്നത് വര്‍ഗ്ഗം എന്ന സങ്കല്‍പ്പനത്തെ അടിസ്ഥാനമാക്കിയാണ്.
എന്നാല്‍ മുസ്ലീം രാഷ്ട്രീയം അടിസ്ഥാനമാക്കുന്നത് സാമുദായികതയില്‍ ആണ്. ഇതൊരു വിമര്‍ശനം എന്ന നിലയില്‍ അല്ലാ ഉന്നയിക്കുന്നത്. മറിച്ച് അതിന്റെ കേന്ദ്ര സ്വഭാവം അതാണ് എന്ന് സൂചിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന് മാത്രം. പോസ്റ്റ് ലിബറലൈസേഷന്‍-പോസ്റ്റ് ബാബറി കോണ്ടെക്സ്റ്റ് സൃഷ്ടിച്ച അന്യവത്കരണത്തോടുള്ള മറുപടി അല്ലങ്കില്‍ പ്രതികരണം എന്ന നിലയില്‍ വേണം ഈ സാമുദായികതയെ കാണാന്‍ എന്ന് ഞാന്‍കരുതുന്നു. ഈ സാമുദായികത പലപ്പോഴുംഒരു സേഫ്റ്റി നെറ്റവര്‍ക്ക് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണഗതിയില്‍ ഭരണകൂടം ലഭ്യമാക്കേണ്ട അടിസ്ഥാന ആവശ്യങ്ങള്‍ ഇന്ന് നിയോ ലിബറല്‍ ഭരണകൂടത്തിന്‍ കീഴില്‍ ഇല്ലാതായി വരികയാണ്.
വിദ്യാഭ്യാസം, പാര്‍പ്പിടം, ആരോഗ്യം തുടങ്ങിയ ഏറ്റവും അടിസ്ഥാനപരമായ പൌര അവകാശങ്ങള്‍ക്കായി ഭരണകൂടത്തെ ആശ്രയിക്കാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതായി കൊണ്ടിരിക്കുന്നു.വ്യക്തികള്‍ക്ക് ലഭിക്കേണ്ട സാമൂഹിക ക്ഷേമനടപടികള്‍ ഇന്ന് സാമുദായസംഘടനകള്‍ആണ് ലഭ്യമാക്കുന്നത്. സി.എച്ച്.സെന്റര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ മര്‍ക്കസ് വിവിധ മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഈ രീതിയിലുള്ള , സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഭരണകൂടത്തിന്റെ പിന്മാറ്റത്തോടുള്ള പ്രതികരണം കൂടിയാണെന്ന് മനസിലാക്കണം.
ഈയൊരു വസ്തുത പരിഗണിച്ചുകൊണ്ടാണ് മുസ്ലീങ്ങളുടെ ഇടയിലെ സാമുദായികതയെ ഇടതുപക്ഷം മനസിലാക്കുന്നത്/മനസിലാക്കേണ്ടത് എന്നാണ് എന്റെ പക്ഷം. അതേസമയം മുസ്ലീങ്ങളുടെ ഇടയിലെ വര്‍ഗവ്യത്യാസങ്ങള്‍ മറയ്ക്കാന്‍ സാമുദായികതയെ ഉപയോഗപ്പെടുത്താം എന്നൊരുപ്രശ്‌നമുണ്ട്. ഈ വിധത്തില്‍ മുസ്ലീങ്ങളുടെ ഇടയിലുള്ള വിവിധ ആന്തരിക വ്യത്യാസങ്ങളെ മറികടന്ന് ഏകശിലാരൂപത്തില്‍ ഉള്ള മുസ്ലീം ഐഡന്റ്‌റിറ്റി രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് സഹായകരമാവുകായാണ് മേല്‍സൂചിപ്പിച്ച മാതിരിയുള്ള ബാഡ് മൈനോരിറ്റി നിര്‍മ്മി തികള്‍. വിചിത്രം എന്ന് തന്നെ പറയാം, ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് സംഘപരിവാര്‍ ആണെന്നുള്ളതാണ്.
ഇസ്ലാമോഫോബിയ എന്നത് അതിന്റെ അമിത ഉപയോഗം കൊണ്ട് പ്രശ്‌നഭരിതമായ സംഗതി കൂടിയാണ്. എല്ലാ വിമര്‍ശനങ്ങളെയും പ്രതിരോധിക്കാനുള്ള പരിചയായി ഇസ്ലാമോഫോബിയയെ ഉപയോഗിക്കുന്നതിന്റെ പ്രശ്‌നം കൂടിയാണത്. അതെ സമയം ഇസ്ലാമോഫോബിയ എന്നൊന്ന് ഇല്ല എന്ന് ശഠിക്കുന്നത്‌പോലെ അബദ്ധമായൊരുകാര്യം വേറെയില്ല താനും. അതുപോലെ തന്നെ കുഴപ്പം പിടിച്ച പണിയാണ് ഇസ്ലാമോഫോബിയയെ വെറുമൊരു സാംസ്‌കാരിക നിര്‍മ്മിതിയായി കണക്കാക്കുക എന്നതും.
ഒരു യൂറോപ്പിയന്‍ ഉദാഹരണം എടുത്താല്‍, വലതുപക്ഷം അവിടുത്തെ വര്‍ക്കിംഗ് ക്ലാസ് അനുഭവിക്കുന്ന വിവേചനങ്ങള്‍, സാമ്പത്തിക പ്രയാസങ്ങള്‍ എന്നിവ മറച്ചുവെക്കാന്‍, സാധാരണക്കാരെ കുടിയേറ്റക്കാര്‍ക്ക് എതിരെ തിരിച്ച് വിടുന്നതാണ് നാം കാണുന്നത്. യൂറോപ്പിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണം ഭരണകൂടത്തിന്റെ നയങ്ങളല്ല മറിച്ച് കുടിയേറ്റക്കാരായ മുസ്ലീങ്ങള്‍ ആണെന്ന പ്രചരണമാണ് യൂറോപ്പില്‍ ഇസ്ലാമോഫോബിയയെ വളര്‍ത്തുന്ന ഒരു ഘടകം.
ഇതില്‍ നമുക്കും ഒരു മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. രവിന്ദ്ര സച്ചാര്‍ കമ്മീഷന്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ സാമൂഹിക- സാംസ്‌കാരിക അവസ്ഥ വ്യക്തമാക്കിയിട്ടുള്ളതാണ്. അത്തരത്തിലുള്ള പിന്നോക്കാവസ്ഥ,അവസരങ്ങളുടെ കുറവ്, തൊഴില്‍ അവസരങ്ങള്‍, വിദ്യാഭ്യാസം എന്നിവക്കായുള്ള സമരങ്ങള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനുപകരം ഇസ്ലാമോഫോബിക് ആയ പ്രചരണങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഞാന്‍ വായിച്ച പല ഫേസ്ബുക്ക് സ്റ്റാറ്റസുകളും ഈ വിധത്തില്‍ പ്രശ്‌നഭരിതമായി അനുഭവപ്പെട്ടു എന്നത് കൊണ്ടാണ് ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കേണ്ടി വരുന്നത്.