പദ്മരാജന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച ജയറാം തന്റെ ഏറ്റവും പുതിയ അന്യഭാഷാ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.
സിനിമാ പ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. കാന്താര 2ല്‍ പ്രധാനപ്പെട്ട വേഷത്തില്‍ താനും ഉണ്ടാകുമെന്ന് പറയുകയാണ് ജയറാം. അഞ്ചും ആറും പേജുള്ള കന്നഡ ഡയലോഗ് ഒരു പ്രോംപ്റ്റിങ്ങും ഇല്ലാതെ തനിക്ക് കാണാപാഠം പഠിച്ച് പറയാന്‍ കഴിയുമെന്നും അപ്പോഴെല്ലാം താന്‍ മനസില്‍ പ്രാര്‍ത്ഥിക്കുന്നത് ഗുരുനാഥന്‍ പത്മരാജന്‍ സാറിനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചറിലും ഇതേ പോലെ ഡയലോഗ് പറയുമ്പോള്‍ സംവിധായകന്‍ ശങ്കര്‍ തെലുങ്ക് പ്രശ്‌നമാകുമോ എന്ന് തന്റെയടുത്ത് ചോദിക്കുമെന്നും അപ്പോള്‍ തെലുങ്കില്‍ തന്നെ പറയാമെന്ന് താന്‍ പറയാറുണ്ടെന്നും ജയറാം പറയുന്നു. ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ തെലുങ്ക് സിനിമകള്‍ ചെയ്യാറുണ്ട്, കന്നഡ സിനിമകള്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ കന്നഡത്തില്‍ കാന്താര 2 എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം ഞാന്‍ ചെയ്യുന്നുണ്ട്. അഞ്ച് പേജ് ആറ് പേജ് കന്നഡ ഡയലോഗ് ഒരു പ്രോംപ്റ്റിങ്ങും ഇല്ലാതെ കൃത്യമായിട്ട് കാണാപാഠം എനിക്ക് പറയാന്‍ സാധിക്കുമ്പോള്‍ മനസുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് എന്റെ ഗുരുനാഥന്‍ പത്മരാജന്‍ സാറിനെയാണ്.
ആ ഗുരുത്വം കറക്റ്റ് ആയിട്ട് എനിക്ക് വരും, ഒരു തെറ്റുപോലും ഇല്ലാതെ എനിക്ക് ഡയലോഗ് അത്രെയും പറയാന്‍ സാധിക്കും. തെലുങ്കിലും അതുപോലെതന്നെ. എന്റെ അടുത്തതായിട്ട് ഇറങ്ങാന്‍ പോകുന്ന രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചറിലും ഇതേ പോലെ ഡയലോഗ് പറയുമ്പോള്‍ ശങ്കര്‍ എന്റെ അടുത്ത് തെലുങ്ക് പ്രശ്‌നമാകുമോ എന്ന് ചോദിക്കും, ഞാന്‍ പറയും തെലുങ്കില്‍ തന്നെ പറയാമെന്ന്.
എനിക്ക് പഠിക്കാന്‍ കുറച്ച് സമയം മതി. പഠിച്ച് കഴിഞ്ഞ് ഡയലോഗ് പറയാന്‍ നേരം ഞാന്‍ ഒരു മിനുട്ട് മനസില്‍ എന്റെ ഗുരുവിനെ ഓര്‍ക്കും. ധൈര്യമായിട്ട് പറയടാ എന്ന് സാര്‍ ഉള്ളില്‍ നിന്ന് പറയുന്നത് പോലെ എനിക്ക് തോന്നും,’ ജയറാം പറയുന്നു.
Content Highlight: Jayaram Conforms He is Part Of Kannada Film Kantara 2