Advertisement
Movie Day
പത്ത് വര്‍ഷമായി സത്യേട്ടന്‍ വിളിക്കും വിളിക്കുമെന്ന് കരുതി ഇരുന്നു, ഈ കോള്‍ വന്നപ്പോള്‍ നേരെ പൂജാ മുറിയിലേക്ക് ഓടി: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 25, 09:38 am
Monday, 25th April 2022, 3:08 pm

മീര ജാസ്മിനേയും ജയറാമിനേയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മകള്‍. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് മകള്‍. അതുപോലെ തന്നെ വളരെനാളുകള്‍ക്ക് ശേഷം മലയാളത്തിലേക്കുള്ള ജയറാമിന്റെ മടങ്ങിവരവുകൂടിയാണ് ഈ ചിത്രം. ജയറാം-മീര-സത്യന്‍ അന്തിക്കാട് കോമ്പിനേഷനില്‍ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

പുതിയ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്റെ കോള്‍ വന്നപ്പോഴുള്ള സന്തോഷത്തെ കുറിച്ച് പറയുകയാണ് ജയറാം. എഫ്.ടി.ക്യൂ വിത്ത് രേഖമേനോന്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജയറാമും സത്യന്‍ അന്തിക്കാടും.

പത്ത് വര്‍ഷമായി സത്യേട്ടന്‍ വിളിക്കും വിളിക്കുമെന്ന് കരുതി താന്‍ ഇരുന്നെന്നും ഈ കോള്‍ വന്നപ്പോള്‍ നേരെ പൂജാ മുറിയിലേക്ക് ഓടുകയാണെന്നുമായിരുന്നു അഭിമുഖത്തില്‍ ജയറാം പറഞ്ഞത്.

ഞാന്‍ പത്ത് വര്‍ഷമായി സത്യേട്ടന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. അവസാനം ഈ വിളി വന്ന് ഇതാണ് കാര്യമെന്ന് അറിഞ്ഞപ്പോള്‍ നേരെ പൂജാ മുറിയിലേക്കാണ് ഓടിയത്.

ഈ സിനിമയില്‍ ഞാന്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോഴാണ് പൂജാ മുറിയിലേക്ക് ഓടിയത്. കഥ കേട്ടതൊക്കെ പിന്നീടാണ്. കഥ കേള്‍ക്കലൊന്നും ഇല്ലല്ലോ. സത്യേട്ടന്റെ ഒരു സിനിമയുടെ കഥയും ഞാന്‍ കേട്ടിട്ടില്ല, ജയറാം പറഞ്ഞു.

അങ്ങനെ കേള്‍ക്കുന്നത് വലിയ സന്തോഷമാണെന്നും കോണ്‍ഫിഡന്‍സാണെന്നുമായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി. അച്ചുവിന്റെ അമ്മ ചെയ്യാനായി ഞാന്‍ ഉര്‍വശിയെ വിളിച്ച സമയം. എട്ട് വര്‍ഷമായി ഉര്‍വശി സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന സമയമാണ്. മീര ജാസ്മിന്റെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഉര്‍വശി പറഞ്ഞ മറുപടി സത്യേട്ടന്റെ സിനിമ ആണെങ്കില്‍ ഞാന്‍ സുകുമാരി ചേച്ചിയുടെ അമ്മയായി വരെ അഭിനയിക്കാന്‍ തയ്യാറാണെന്നായിരുന്നു.

അതൊരു വിശ്വാസമാണ്. അതുപോലെ മകള്‍ എന്ന സിനിമയില്‍ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് ജയറാമിനോട് പറഞ്ഞപ്പോള്‍ ചക്കിയുടേയും കാളിദാസിന്റേയും അച്ഛനല്ലേ ഞാന്‍ പിന്നെ അച്ഛനായി അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു ജയറാമും ചോദിച്ചത്. ഇമേജും വേഷവും ഇവര്‍ക്ക് പ്രശ്‌നമല്ല. ആ സിനിമയുടെ ഭാഗമാകുക എന്നത് ഇവര്‍ക്ക് വലിയ സന്തോഷമായി മാറുന്നു. അത് ഒരു ഭാഗ്യമാണ്.

മീര സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സമയമാണ്. ജയറാം മലയാള സിനിമ ചെയ്തിട്ട് എത്രയോ കാലമായിരുന്നു. എന്നാല്‍ ഞാന്‍ വിളിച്ചപ്പോള്‍ ഇവര്‍ രണ്ടുപേരും ഓടി വന്നു. മീരയ്ക്ക് ഞാന്‍ വോയ്‌സ് മെസ്സേജ് അയക്കുകയാണ് ഉണ്ടായത്. അപ്പോള്‍ മീര പറഞ്ഞത് കുറച്ചുനാള്‍ മുന്‍പ് സത്യന്‍ അങ്കിളിന്റെ സെറ്റ് ഞാന്‍ മിസ്സ് ചെയ്യുന്നുണ്ടല്ലോയെന്ന് തനിക്ക് തോന്നിയിരുന്നെന്നാണ്. ഇനി വിളിച്ചാല്‍ തീര്‍ച്ചയായും പോകണമെന്ന് കരുതിയിരുന്നെന്നും അവള്‍ പറഞ്ഞു.

ജയറാമും ഒരുപക്ഷേ അങ്ങനെ തന്നെയായിരിക്കും കരുതിയിട്ടുണ്ടാകുക. ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതിന്റെ സാമ്പത്തിക മൂല്യം മാത്രമായിരിക്കില്ല ഇവര്‍ കണക്കാക്കുക. ആ ഒരു എന്‍ജോയ്‌മെന്റുണ്ടല്ലോ അതാണ് ഇവരെല്ലാം കൂടി വരുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം, സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Jayaram and Sathyan Anthikkad about Makal Movie