മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ മാമുക്കോയ വിടവാങ്ങി. അദ്ദേഹത്തിനൊപ്പമുള്ള അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് നടന്മാരായ ജയറാമും സായ് കുമാറും. മാമുക്കോയയെ പോലെയുള്ള നടന്മാരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ പുണ്യമാണെന്നാണ് ജയറാം പറഞ്ഞത്.
‘ആ കാലത്തൊക്കെ മാമുക്കോയ, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഇവരൊന്നുമില്ലാത്ത എന്റെ സിനിമകള്‍ ചുരുക്കമാണ്. ഇത്തരത്തിലുള്ള നടന്മാരുടെ കൂടെ അഭിനയിക്കാന്‍ അവസരം തന്നതിന് സത്യന്‍ അന്തിക്കാടിന് ഞാന്‍ നന്ദി പറയുന്നു. എന്റെ ഏറ്റവും വലിയ പുണ്യം എന്ന് കരുതുന്നത് ഇതൊക്കെയാണ്.
ഇവരൊക്കെയുള്ള സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത് കല്യാണം കൂടാന്‍ പോകുന്നത് പോലെയായിരുന്നു. 45 ദിവസം ഇവരുടെയൊക്കെ കൂടെ ചെലവഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം, അനുഭവങ്ങള്‍, എത്രമാത്രം ചിരിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഇതൊക്കെ മതിയല്ലോ സിനിമയിലെ ഓര്‍മകള്‍. ആ പേജുകളിലെ ലാസ്റ്റ് പേരാണ് ഇപ്പോള്‍ വെട്ടിപ്പോയത്,’ ജയറാം പറഞ്ഞു.
സിനിമയിലേക്ക് ഒരുപാട് കഷ്ടപ്പെട്ട് വന്നയാളാണ് മാമുക്കോയയെന്നും അദ്ദേഹത്തെ പോലെയുള്ളവരുടെ കഥ കേള്‍ക്കുമ്പോഴാണ് കൂടുതല്‍ നന്നായി സിനിമകള്‍ ചെയ്യണമെന്ന തോന്നലുണ്ടാകുന്നതെന്നും സായ് കുമാര്‍ പറഞ്ഞു.
‘ഞാനൊന്നും ഒരുപാട് കഷ്ടപ്പെടാതെയാണ് സിനിമയിലേക്ക് വന്നത്. അതിന്റേതായ കുഴപ്പങ്ങള്‍ എനിക്കുണ്ടായിരുന്നു. മമുക്കോയയൊക്കെ പറയുമ്പോഴാണ് അത് ഞാനൊക്കെ ചെയ്ത തെറ്റാണല്ലോ എന്ന് മനസിലാക്കുന്നത്. ഒരുമിച്ചിരിക്കുന്ന സമയത്ത് അദ്ദേഹവുമായി ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമായിരുന്നു.
അവരുടെ കഥ കേള്‍ക്കുമ്പോഴാണ് വീണ്ടും നന്നാക്കണം വീണ്ടും നന്നാക്കണമെന്ന തോന്നല്‍ നമുക്കുണ്ടാകുന്നത്. അവരൊക്കെ അനുഭവിച്ച ത്യാഗങ്ങളുടെ ഒരംശം പോലും നമ്മളൊന്നും അറിഞ്ഞിട്ടില്ല. എല്ലാ വിഷയങ്ങളിലും അത്രയും അനുഭവ സമ്പത്തുള്ളവരാണ് അവരൊക്കെ. ഇന്നസെന്റേട്ടനും മാമുക്കോയയുമൊക്കെ നമുക്ക് പാഠങ്ങളാണ്,’ സായ് കുമാര്‍ പറഞ്ഞു.
content highlight: jayaram and sai kumar share memories of mamukkoya