| Saturday, 20th January 2024, 11:04 pm

അദ്ദേഹം എന്നെകുറിച്ച് പറയുന്ന കാസറ്റ് എവിടെയോ മിസായിപ്പോയി; ഞാനത് സൂക്ഷിച്ച് വെച്ചിരുന്നു: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യേശുദാസിന്റെ കൂടെ മിമിക്രി ചെയ്യാൻ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ജയറാം. യേശുദാസ് താൻ മിമിക്രി അവതരിപ്പിക്കുന്നതിന് മുൻപ് തനിക്ക് നൽകിയ ഇൻട്രോ ഒരു കാസറ്റിൽ ഉണ്ടായിരുന്നെന്ന് ജയറാം പറഞ്ഞു. ഒരു സ്റ്റേജിൽ താൻ മിമിക്രി അവതരിപ്പിക്കുന്നത് യേശുദാസ് കണ്ടപ്പോൾ അദ്ദേഹത്തിന്റെ കൂടെ പരിപാടിക്ക് വരാൻ പറഞ്ഞെന്നും ജയറാം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ദാസേട്ടൻ എന്നെകുറിച്ച് പറയുന്നത് പഴയ ഓഡിയോ കാസറ്റിൽ ഉണ്ടായിരുന്നു. അതിന്റെ കാസറ്റ് ഞാൻ കുറെ വർഷം സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ‘ഇനി ഒരു അഞ്ചു നിമിഷം വിശ്രമമാണ്, എനിക്കും നിങ്ങൾക്കും, പക്ഷെ പോകണം എന്നില്ല കേട്ടോ. നിങ്ങളെ കുടുകുടെ ചിരിപ്പിക്കാൻ വേണ്ടിയിട്ട് നാട്ടിൽ നിന്ന് ഒരാൾ വന്നിട്ടുണ്ട്. ജയറാം എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം തീർച്ചയായിട്ടും നിങ്ങളെ ചിരിപ്പിക്കും’ എന്നൊക്കെയാണ് ദാസേട്ടൻ പറഞ്ഞത്. ആ കാസറ്റ് എന്റെ കയ്യിൽ ഉണ്ടായിരുന്നു. എവിടെയോ അത് മിസായിപ്പോയി,’ ജയറാം പറഞ്ഞു

യേശുദാസിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവവും ജയറാം അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. ‘കുട്ടിക്കാലത്ത് ഞാൻ എൻ്റെ മുറിയിൽ ഒട്ടിച്ചു വെക്കുന്ന ഫോട്ടോയൊക്കെ ദാസേട്ടന്റെതാണ്. ദാസേട്ടനെ ജന്മത്ത് ഒരു പ്രാവിശ്യം കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. ഞാൻ യേശുദാസിന്റെ അത്രക്കും ഒരു ഭ്രാന്തനായിരുന്നു. പാലക്കാട് ചെമ്പൈ സംഗീതോത്സവത്തിന്റെ അവസാനത്തെ ദിവസം. ദാസേട്ടനായിരുന്നു പ്രോഗ്രാമിന്റെ ഉദ്ഘാടനം. അതെനിക്കറിയില്ലായിരുന്നു. അത് പെട്ടെന്ന് തീരുമാനിച്ചതാണ്.

മിമിക്രി അവതരിപ്പിക്കാൻ വേണ്ടി ഒരാളെന്നെ പാലക്കാടേക്ക് വിളിച്ചു കൊണ്ടു പോയി. പാലക്കാട് മിമിക്രിക്ക് കയറി, മിമിക്രി തുടങ്ങി ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും ഇതാ വരുന്നു കാർ ഇറങ്ങി, വെള്ളയും വെള്ളയും ഇട്ട് സാക്ഷാൽ യേശുദാസ്. ഞാനിങ്ങനെ നോക്കി നിൽക്കുകയാണ്. അപ്പോഴേക്കും കമ്മറ്റികാർ വന്ന് ‘ഇറങ്ങ്, ആ മിമിക്രിക്കാരെ പിടിച്ച് മാറ്റ്’ എന്ന് പറഞ്ഞു.

ദാസേട്ടൻ അവിടുന്ന് കേട്ടുകൊണ്ട് വരികയായിരുന്നു. ‘മാറ്റരുത് അവർ ഫുൾ കാണിക്കട്ടെ, എനിക്കും കാണണം’ എന്ന് പറഞ്ഞു. സ്റ്റേജിന്റെ മുൻപില് ദാസേട്ടനും പ്രഭ ചേച്ചിയും ദാസേട്ടന്റെ പോൾ എന്ന മാനേജറും ഉണ്ടായിരുന്നു. ദാസേട്ടനെ മുന്നിൽ കിട്ടുകയില്ലേ ഞാൻ അങ്ങോട്ട് വെച്ച് അലക്കി.

ദാസേട്ടൻ ഇരുന്ന് ചിരിക്കുകയാണ്. എനിക്കിപ്പോഴും ഓർമയുണ്ട് ഒരു ടർക്കി മുഖത്ത് പിടിച്ച് ചിരിച്ചത്. അതുകഴിഞ്ഞ് സ്റ്റേജിലേക്ക് കയറിവരുമ്പോൾ തന്നെ ഞാൻ കാൽ തൊട്ടു വന്ദിച്ചു. ‘എന്താ മോന്റെ പേര്’ എന്ന് ദാസേട്ടൻ ചോദിച്ചു. ഞാൻ പറഞ്ഞു ജയറാം എന്നാണ്. ‘എന്റെ കൂടെ പ്രോഗ്രാമിനൊക്കെ വരുന്നോ?’ എന്ന് ചോദിച്ചു. ഞാൻ പറയാം ദാസേട്ടാ. ‘പോളേ, ഇയാളുടെ അഡ്രസ്സ് വാങ്ങിച്ചോളൂ, അടുത്ത ആഴ്ച ബോംബയിൽ ഷണ്മുഖ ഓഡിറ്റോറിയത്തിൽ പരിപാടിയില്ലേ, അവിടേക്ക് വിളിച്ചോളൂ’ എന്നൊക്കെ പറഞ്ഞു പോയി. അടുത്ത ആഴ്ച ഷണ്മുഖ ഓഡിറ്റോറിയത്തിലേക്ക്  വണ്ടി വിട്ടു.

Content Highlight: Jayaram about yeshudas

Latest Stories

We use cookies to give you the best possible experience. Learn more