| Thursday, 18th January 2024, 8:14 am

ഷൂട്ട് കഴിഞ്ഞാൽ വിജയ് സാർ എന്നോട് റൂഫ് ടോപ്പിലേക്ക് വരാൻ പറയും; ചെന്നുകഴിഞ്ഞാൽ...:ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌യുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. താൻ കാണിക്കുന്ന മിമിക്രികളും തമാശകളും വിജയിക്ക് നല്ല ഇഷ്ടമാണെന്ന് ജയറാം പറഞ്ഞു. ‘ദി ഗ്രേറ്റെസ്റ്റ് ഓഫ് ഓൾ ടൈം’ ചിത്രത്തിന്റെ ഷൂട്ടിങ് തായ്‌ലൻഡിൽ വെച്ച് നടന്നപ്പോൾ ഷൂട്ട് കഴിഞ്ഞാൽ വിജയ് തന്നോട് കോമഡിയൊക്കെ ചെയ്ത് കാണിക്കാൻ പറയുമെന്നും അത് അദ്ദേഹത്തിന് വളരെ ഇഷ്ടമാണെന്നും ജയറാം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ കാണിക്കുന്ന ചില മിമിക്രികളും തമാശകളും അതൊക്കെ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. ഈ സിനിമയുടെ ഷൂട്ടിങ് തായ്‌ലാൻഡിലാണ് നടന്നത്. അതുകൊണ്ടുതന്നെ വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞാൽ സാർ തിരക്കില്ലെങ്കിൽ കുറച്ച് നേരം റൂഫ് ടോപ്പിലേക്ക് വരുമോ? എന്തെങ്കിലും സംസാരിച്ചിരിക്കാം. അത് വളരെയധികം രസകരമായിരിക്കും’ എന്ന് വിജയ് പറയും. ഞാൻ നേരെ മുകളിലേക്ക് പോകും. ഡയറക്ടർ വെങ്കിട് പ്രഭുവും വരും. ‘എന്തെങ്കിലും പറയൂ സാർ, കോമഡി എന്തെങ്കിലും പറയൂ’ എന്നൊക്കെ പറയും,’ ജയറാം പറഞ്ഞു.

തെലുങ്ക് നടൻ മഹേഷ് ബാബുവുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ചും ജയറാം അഭിമുഖത്തിൽ പറയുന്നുണ്ട്. അതുപോലെ മറ്റ് ഭാഷയിലുള്ള ഭൂരിഭാഗം ആളുകളും ചെന്നൈയിൽ പഠിച്ചത് കൊണ്ട് തമിഴ് അറിയാമെന്നും താൻ പറയുന്ന തമാശകളും അവർക്ക് ഇഷ്ടമാണെന്നും ജയറാം പറഞ്ഞു. ‘മഹേഷ് ആയിട്ട് നല്ല രസമായിരുന്നു. എല്ലായിടത്തും ചിരിക്കാൻ ഇഷ്ടമല്ലാത്ത ആരുമില്ല. എന്തെങ്കിലും തമാശ പറയുന്നത് കേൾക്കാൻ നല്ല ഇഷ്ട്ടമാണ്.

മഹേഷ് ബാബു ആണെങ്കിലും പ്ലസ് ടു വരെ ചെന്നൈയിലാണ് പഠിച്ചിട്ടുള്ളത്. അല്ലു അർജുൻ ആണെങ്കിലും രാംചരൺ ആണെങ്കിലും അവരെല്ലാവരും മദ്രാസിലാണ് താമസിച്ചിരുന്നത്. പിൽകാലത്താണ് അങ്ങോട്ടേക്ക് പോയത്. എല്ലാവർക്കും തമിഴ് അറിയാം, ഒരു കണക്കിന് മലയാളവും അറിയാം. തമിഴ് നന്നായിട്ട് അറിയാം.

ഇവരൊക്കെ ആയിട്ട് നമുക്ക് തമാശ പറയുകയാണെങ്കിൽ കഷ്ടപ്പെട്ട് തെലുങ്കിൽ പറയേണ്ട കാര്യമില്ല. കന്നടയിൽ പോയി കഴിഞ്ഞാൽ ശിവരാജ് കുമാറും അവിടെത്തന്നെയാണ് പഠിച്ചിട്ടുള്ളത്. അവരുടെ ഫാദർ ഒക്കെ അവിടെ ആയിരുന്നല്ലോ. സിനിമയുടെ അടിത്തറ ചെന്നൈയിൽ ആയിരുന്നല്ലോ. തമിഴ് നന്നായിട്ട് പറയാൻ കഴിയുന്നതുകൊണ്ട് തമാശകളൊക്കെ പറയാൻ പറ്റും. അവരും അത് എൻജോയ് ചെയ്യാറുണ്ട്,’ ജയറാം പറയുന്നു.

Content Highlight: Jayaram about vijay

We use cookies to give you the best possible experience. Learn more