| Tuesday, 10th May 2022, 1:39 pm

ഉര്‍വശിയ്ക്ക് 'ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ' എന്ന് ചോദിച്ചവരുണ്ട്; സ്ത്രീയെ അടിക്കുന്ന രംഗം വേണ്ടെന്നത് സത്യേട്ടന്റെ തീരുമാനമായിരുന്നു: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട്-ജയറാം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് മകള്‍. മലയാളികള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന കൂട്ടുകെട്ടുകൂടിയാണ് ഇരുവരുടേയും. ജയറാം-സത്യന്‍ കൂട്ടുകെട്ട് ഒന്നിക്കുമ്പോഴെല്ലാം ഒരു വിജയം ഉറപ്പാണ്. അത്തരത്തിലുള്ള നിരവധി ചിത്രങ്ങള്‍ ഒരു കാലഘട്ടത്തില്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.

പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ദുബായ്ക്കാരന്‍ പവിത്രനായിട്ടാണ് ജയറാം സത്യന്‍ അന്തിക്കാടിന്റെ സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മഴവില്‍ക്കാവടിയിലെ വേലായുധന്‍കുട്ടി പോലുള്ള മികച്ച കഥാപാത്രങ്ങള്‍ ജയറാമിന് നല്‍കാനും സത്യന്‍ അന്തിക്കാടിനായി.

സത്യന്‍ അന്തിക്കാട് സിനിമകളിലെ തന്റെ കഥാപാത്രങ്ങളുടെ കരുത്തിനെ കുറിച്ച് പറയുകയാണ് നടന്‍ ജയറാം. അതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറയുന്നത്.

പൊന്‍മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സത്യന്‍ അന്തിക്കാട് പുലര്‍ത്തിയ സൂക്ഷ്മതയെ കുറിച്ചും നിലപാടിനെ കുറിച്ചുമാണ് ജയറാം പറയുന്നത്.

‘സത്യേട്ടന്റെ സിനിമകളിലൂടെ മലയാളി സ്വന്തം ജീവിതവും കുടുബാന്തരീക്ഷവും കണ്ട് അത്ഭുതപ്പെടുകയാണ്. തമാശകള്‍ പലതും കുറിക്കുകൊള്ളുന്നതാണ്. കഥാപാത്രത്തിന്റെ കണ്ണിലെ നനവ് കണ്ണീരായി പ്രേക്ഷകരിലേക്ക് ഒലിച്ചിറങ്ങും. സംവിധായകന്റെ വായനയും എഴുത്തും സാഹിത്യനിരീക്ഷണവുമെല്ലാം കഥാപാത്രങ്ങള്‍ക്ക് കരുത്ത് നല്‍കുന്നതായി തോന്നിയിട്ടുണ്ട്.

ഒരു സംഭവം പറയാം: ‘പൊന്‍മുട്ട യിടുന്ന താറാവി’ന്റെ അവസാനരംഗം. ഒരുപാട് പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കി നാടാകെ ഇളക്കിമറിച്ചശേഷം (അവസാനസീനില്‍) ഉര്‍വശിയുടെ കഥാപാത്രം (സ്‌നേഹലത) ബെഡ്‌റൂമില്‍ ഇരിക്കുന്നു. അവിടേക്ക് ഞാന്‍ അവതരിപ്പിക്കുന്ന പവിത്രന്‍ വന്നുകയറുന്നു.

ഒരടി ഇപ്പോള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് സിനിമ കാണുന്നവരും കട്ടിലില്‍ ഇരിക്കുന്ന സ്‌നേഹലതയും. എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍ത്തന്നെ ‘വാ പോകാം’ എന്നുപറഞ്ഞ് ബാഗുമെടുത്ത് സ്‌നേഹലതയേയും കൂട്ടി നടക്കുന്നു.

ചിത്രീകരണസമയത്തും, തീയേറ്ററില്‍ സിനിമ കണ്ടവരും ‘ഒരെണ്ണം കൊടുക്കാമായിരുന്നില്ലേ… എന്നു ചോദിച്ചിട്ടുണ്ട്. പക്ഷെ, സത്യേട്ടന്‍ പറഞ്ഞത് ”വേണ്ട… എന്റെ സിനിമയില്‍ ജയറാം അത് ചെയ്യേണ്ട. സ്ത്രീയെ അടിക്കുന്ന രംഗം ഉള്‍പ്പെടുത്തേണ്ട എന്നാണ്. വേറെ സിനിമയില്‍ ജയറാം ചെയ്‌തേക്കാം പക്ഷെ നമുക്കത് വേണ്ട.” ഇത്തരം ചില കാര്യങ്ങള്‍ കൊണ്ടു കൂടെയാകാം സത്യേട്ടന്റെ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്,’ ജയറാം പറഞ്ഞു.

തന്റെ സിനിമകളില്‍ ജയറാമിനെ കാണാന്‍ ഇഷ്ടമാണെന്ന് തന്നോടുതന്നെ പലരും പറഞ്ഞിട്ടുണ്ടെന്നും അതെന്തു കൊണ്ടാണെന്ന് ചോദിച്ചാല്‍ കൃത്യമായൊരുത്തരം നല്‍കാനറിയില്ലെന്നുമായിരുന്നു ഇതേ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞത്. അതൊരു മാജിക്കാകാം. ഞങ്ങള്‍ തമ്മിലുള്ള മാനസിക ഐക്യം സിനിമകള്‍ക്ക് ഗുണം ചെയ്യുന്നുണ്ടാകും.

ലളിതച്ചേച്ചി പറയാറുണ്ട് സത്യന്‍ സീന്‍ വിവരിക്കുമ്പോള്‍ അഭിനയിച്ചു കാണിക്കാറില്ല പക്ഷെ സത്യന്‍ വായിക്കുമ്പോള്‍ എങ്ങനെ ചെയ്യണമെന്ന് കൃത്യമായി മനസ്സിലാകുമെന്ന്. ജയറാമിനും അത് പിടികിട്ടുന്നുണ്ടാകും.

മോണിറ്ററുണ്ടെങ്കിലും ക്യാമറയ്ക്കു പിന്നില്‍ നിന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്നത്. എന്റെ അഭിനേതാക്കളുടെ പ്രകടനം നേരിട്ട് അടുത്തുനിന്ന് കാണുവാനാണെനിക്കിഷ്ടം. അതിന്റെയെല്ലാം നേട്ടം സീനുകള്‍ക്ക് ലഭിക്കുന്നുണ്ടാകും, സത്യന്‍ അന്തിക്കാട് പറഞ്ഞു.

ജയറാമുമായി അടുത്ത സൗഹൃദം ഉണ്ടാകുമ്പോഴും സൗഹൃദം കൊണ്ട് മാത്രം തുടര്‍ച്ചയായി ഒരാളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കഴിയില്ലെന്നും അയാള്‍ക്ക് അതിനുള്ള കഴിവുണ്ടാകണമെന്നും ജയറാമിനതുണ്ടെന്നും അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Jayaram About Sathyan Anthikkad Ponmuttayidunna Tharavu Movie and Urvashi

We use cookies to give you the best possible experience. Learn more