പത്മരാജൻ മലയാളത്തിന് സമ്മാനിച്ച നടനാണ് ജയറാം. അപരൻ എന്ന മികച്ച സിനിമയിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം അധികം വൈകാതെ തന്നെ കുടുംബപ്രേക്ഷകരുടെ പ്രിയനടനായി മാറിയിരുന്നു. പത്മരാജന്റെ തന്നെ മൂന്നാംപക്കം എന്ന സിനിമയിലും ജയറാം അഭിനയിച്ചിട്ടുണ്ട്. പത്മരാജനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം.
പത്മരാജനെ താൻ വളർത്തച്ഛന്റെ സ്ഥാനത്താണ് കാണുന്നതെന്നും അദ്ദേഹം തന്നെ ജനിക്കാതെ പോയ മൂത്ത മകനായിട്ടാണ് കാണുന്നതെന്നും ജയറാം പറയുന്നു. പത്മരാജന്റെ രണ്ട് മക്കൾക്കും താൻ ജേഷ്ഠനെ പോലെയാണെന്നും ജയറാം കൂട്ടിച്ചേർത്തു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയിരുന്നു അദ്ദേഹം.
‘ഞാനൊരു വളർത്തച്ഛന്റെ സ്ഥാനത്ത് കാണുന്ന ഒരാളാണ് പത്മരാജൻ സാർ. എനിക്ക് ജനിക്കാതെ പോയ മൂത്ത മകനാണ് ജയറാം എന്ന് സാർ പറയാറുണ്ട് . ചേച്ചിയും പറയാറുണ്ട് അവരുടെ മൂത്ത മകനാണെന്ന്. മക്കൾ അനന്തപത്മനാഭനും മാധുവിനും രണ്ടുപേർക്കും ഞാൻ ചേട്ടനെ പോലെയാണ്. ആ വീടിൻറെ മുറ്റത്ത് നിന്നാണ് എന്റെ തുടക്കം.
1987ൽ ഞാൻ അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് പോയി നിന്ന എന്നെ വിളിച്ച് അകത്തേക്ക് കയറ്റി. അവിടുന്ന് സ്റ്റിൽസ് എടുക്കുന്നത് തൊട്ടാണ് തുടങ്ങുന്നത്. അന്ന് കുറേ ഫോട്ടോ എടുത്തു. പിന്നീട് ഇന്ന ദിവസം വിളിച്ചാൽ മതിയെന്ന് പറഞ്ഞു.
അപ്പോൾ എനിക്ക് വിശ്വാസമില്ല എന്നെ വിളിക്കുമെന്ന്. ചെറിയൊരു വേഷത്തിന് വേണ്ടി ആയിരിക്കും വിളിക്കുക എന്നാണ് കരുതിയത്. നായകൻ ആണെന്ന് എനിക്ക് അറിയില്ലല്ലോ.
അദ്ദേഹം എന്നെ വിളിക്കുമ്പോഴാണ് മനസിലാകുന്നത് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും എന്നെയാണ് നായകനാക്കുന്നത് എന്ന്. ആദ്യം തന്നെ പത്മരാജൻ സാർ രണ്ട് സിനിമയ്ക്ക് ഒരുമിച്ച് വിളിച്ച പോലെ. പല സംവിധായകനും എന്നെ ഒരു സിനിമയായിട്ട് നിർത്തിയിട്ടില്ല. അവരൊക്കെ പിന്നീട് എന്നെ വെച്ച് കുറെ സിനിമകൾ റിപ്പീറ്റ് ആയി ചെയ്തിട്ടുണ്ട്,’ ജയറാം പറഞ്ഞു.
Content Highlight: Jayaram About Relation With Pathmarajan