പുതിയ തലമുറയിലെ ആളുകളുമായുള്ള തന്റെ ഇടപെടലിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. പുതിയ ആളുകളുടെ കൂടെ അഭിനയിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റുമെന്നും താൻ കാരവനിൽ പോയി ഇരിക്കാറില്ലെന്നും ജയറാം പറഞ്ഞു. താൻ ഒരു കസേരയിട്ട് സെറ്റിലാണ് ഇരിക്കുകയെന്നും മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ പഠിക്കാനാണെന്നും ജയറാം കൂട്ടിച്ചേർത്തു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയറാം.
‘പുതിയ പുതിയ ആളുകളുടെ കൂടെ അഭിനയിക്കുമ്പോൾ നമുക്ക് എന്തൊക്കെ പഠിക്കാൻ പറ്റും. ഓരോ ദിവസവും പുതിയ ഡയറക്ടർമാരുടെയും ടെക്നീഷ്യൻമാരുടെയും കുട്ടികളുടെയും കൂടെ വർക്ക് ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയും. ഞാൻ മറ്റു ഭാഷകളിൽ പോകുമ്പോഴും അങ്ങനെയാണ്.
ഞാനൊരിക്കലും ആ കാരവനിൽ പോയി ഇരിക്കാറില്ല അധികസമയവും ഞാൻ സെറ്റിൽ ഒരു കസേരയിട്ട് അവിടെയാണ് ഇരിക്കുക. മറ്റുള്ളവർ എന്താണ് ചെയ്യുന്നത് എന്ന് നോക്കി മനസിലാക്കാൻ വേണ്ടിയിട്ടാണ്. നമ്മൾ കാലഹരണപ്പെട്ടു പോയിട്ട് അതിന്റെ അകത്തുകൂടി കയറിയിരുന്നിട്ട് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല,’ ജയറാം പറഞ്ഞു.
അബ്രഹാം ഓസ്ലർ ഒരു ആക്ഷൻ പടമല്ലെന്നും ജയറാം അഭിമുഖത്തിൽ പറയുന്നുണ്ട്. ‘അബ്രഹാം എന്ന് കേൾക്കുമ്പോൾ ഒരു ആക്ഷൻ പടം പോലെ തോന്നുന്നുണ്ടോ? അങ്ങനെ വിചാരിക്കരുത്. പെട്ടെന്ന് തോക്കും ഇടിയും സ്ലോ മോഷനും ഒക്കെ ആകുമ്പോൾ അങ്ങനെ തോന്നും. മിഥുൻ ആദ്യം എന്നോട് കഥ പറഞ്ഞപ്പോൾ അബ്രഹാം ഓസ്ലർ എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ചോദിച്ചു ഇത് ആക്ഷൻ പടമാണോയെന്ന്.
‘ഇതിൽ വെടിയില്ല ഹൈ സ്പീഡിലുള്ള നടത്തമല്ല, ആവശ്യമില്ലാത്ത സ്ലോമോഷനുകൾ ഇല്ല, പഞ്ച് ഡയലോഗുകളില്ല, കുഴപ്പമില്ലല്ലോ’ എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു കുഴപ്പവുമില്ല എന്ന്. ഇതൊരു മെഡിക്കൽ ത്രില്ലർ ആണ്. ആദ്യം തൊട്ട് അവസാനം വരെ പ്രേക്ഷകർക്ക് പിടികൊടുക്കാതെ അങ്ങനെ എത്തിക്കുന്ന ഒരു സിനിമയാണ്,’ ജയറാം പറയുന്നു.
Content Highlight: Jayaram about new generation in cinema