പത്മരാജൻ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച ജയറാം ഒരിടവേളക്ക് ശേഷം മലയാളത്തില്‍ നായകനായെത്തിയ ചിത്രമായിരുന്നു ഓസ്‌ലർ. മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. കഴിഞ്ഞ വർഷം റിലീസായ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും ഈ വർഷത്തെ ആദ്യ റിലീസുകളിൽ ഒന്നായ ശങ്കർ ചിത്രം ഗെയിം ചേഞ്ചറിലും ജയറാം തന്റെ സാന്നിധ്യമറിയിച്ചു.
ഒരുകാലത്ത് മലയാളത്തിൽ തുടരെത്തുടരെ ഹിറ്റുകൾ സമ്മാനിച്ച നായകനാണ് ജയറാം. ഒരുപാട് സംവിധായകരോടൊപ്പം സിനിമകൾ ചെയ്തിട്ടുള്ള ജയറാം രാജസേനനെ കുറിച്ച് സംസാരിക്കുകയാണ്.
നിരവധി ഹിറ്റ് ചിത്രങ്ങൾ പിറന്ന ഹിറ്റ് കോമ്പോയാണ് ജയറാം – രാജസേനൻ. ഒരു ഘട്ടത്തിൽ തനിക്ക് റീ ലൈഫ് തന്ന സംവിധായകനാണ് രാജസേനനെന്നും മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം കേരളത്തിന്റെ അതിർത്തി കടന്നുവരെ സഞ്ചരിച്ചിരുന്നുവെന്നും ജയറാം പറയുന്നു.
‘വളരെ ദുർഘടമായ ഒരു ഘട്ടത്തിൽ എനിക്കൊരു റീ ലൈഫ് തന്ന സംവിധായകനാണ് രാജസേനൻ. സേനന്റെ കടിഞ്ഞൂൽ കല്യാണം, അയലത്തെ അദ്ദേഹം തുടങ്ങിയ സിനിമകളെല്ലാം കുടുംബ പ്രേക്ഷകർക്കിടയിലേക്ക് എന്നെ സ്വീകാര്യനാക്കാൻ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അങ്ങനെ വന്ന് വന്ന് എനിക്ക് വാലിയൊരു ഉയർച്ച തന്ന സിനിമയാണ് മേലെപ്പറമ്പിൽ ആൺവീട്.
അന്ന് കേരളത്തിന്റെ അതിർത്തി വിട്ട് വരെ ആ സിനിമ സഞ്ചരിച്ചു എന്നത് വലിയൊരു കാര്യമാണ്. അവിടുന്ന് അങ്ങോട്ട് അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി തുടങ്ങിയ ചിത്രങ്ങളെല്ലാം വലിയ രീതിയിൽ എന്റെ താരപദവിയെ തുടർച്ചയായി ഉയരാൻ സഹായിച്ച സിനിമകളാണ്,’ ജയറാം പറയുന്നു.
Content Highlight: Jayaram About Melle pramabil Aanveed Movie Success