പത്മരാജൻ മലയാളികള്‍ക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് ജയറാം. ആദ്യ ചിത്രമായ അപരനിലൂടെ തന്നെ മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി മാറിയ ജയറാം 100ലധികം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച ജയറാം ഒരിടവേളക്ക് ശേഷം മലയാളത്തില്‍ നായകനായെത്തിയ ചിത്രമായിരുന്നു ഓസ്ലര്‍. മമ്മൂട്ടി അതിഥിവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയിരുന്നു. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും ജയറാം തന്റെ സാന്നിധ്യമറിയിച്ചു.
ഉലകനായകൻ കമൽ ഹാസനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. താൻ കമൽഹാസന്റെ വലിയ ആരാധകനാണെന്നും അദ്ദേഹത്തിന്റെ ഫേവറിറ്റായ ഒരു സിനിമ പറയുകയെന്നത് ബുദ്ധിമുട്ടാണെന്നും ജയറാം പറയുന്നു. സിനിമയിൽ വരുന്നതിന് മുമ്പേ താൻ കമൽ ഫാനാണെന്നും പണ്ടൊരിക്കൽ അദ്ദേഹത്തിന്റെ സിനിമയുടെ ഷൂട്ട് നേരിട്ട് കണ്ടിട്ടുണ്ടെന്നും ജയറാം പറയുന്നു.
‘കമലഹാസൻ സാറിന്റെ ഫേവറീറ്റ് സിനിമ പറയുകയെന്ന് പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്റെ കരിയറിലെ മൊത്തം സിനിമയും ഞാൻ പറയേണ്ടി വരും. കാരണം ഞാൻ അത്ര ഭ്രാന്തനാണ്.
ഞാൻ മലയാള സിനിമയിൽ വരുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ഫാനാണ്. എന്റെ നാട്ടിൽ സാറിന്റെ ഒരു സിനിമയുടെ ഷൂട്ടിങ് നടന്നപ്പോൾ അത് കാണാൻ ചെന്ന എന്നെ മതിലിന്റെ മുകളിൽ നിന്ന് പൊലീസ് ഓടിപ്പിച്ചിട്ടുണ്ട്. ഈറ്റയായിരുന്നു ആ സിനിമ.
കോതമംഗലത്തെ ഒരു മാർക്കറ്റ് സെറ്റിനകത്ത് സാറിനെയും സീമ ചേച്ചിയേയും അന്ന് ദൂരെ കണ്ടിരുന്നു. അന്ന് ഞങ്ങൾ സ്കൂൾ വിട്ട് മതിലിന്റെ മുകളിൽ കയറിയപ്പോൾ പൊലീസ് അടിച്ചോടിച്ചു. ഞാൻ പിന്നീട് സാറോട് അത് പറഞ്ഞിരുന്നു,’ജയറാം പറയുന്നു.
അതേസമയം സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ സിനിമകളിലൊന്നാണ് തഗ് ലൈഫ്. 37 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ക്കു തന്നെ വന്‍ ഹൈപ്പാണ് തഗ് ലൈഫിന് ലഭിച്ചത്. 10 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. കമൽ ഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമിറങ്ങിയ ടീസറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Content Highlight: Jayaram About kamal hassan and his films