Advertisement
Entertainment
എന്തൊരു ക്ലൈമാക്‌സാണ് ആ മലയാള ചിത്രത്തിന്റേത്, എനിക്ക് നല്ല ടെൻഷനായിരുന്നു: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 14, 11:52 am
Saturday, 14th December 2024, 5:22 pm

തന്റെ സിനിമകളിലൂടെ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്ന സംവിധായകനാണ് പത്മരാജൻ. വ്യത്യസ്ത സിനിമകൾ സമ്മാനിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ്.

ഞാൻ ഗന്ധർവ്വൻ, തൂവാനത്തുമ്പികൾ, ഒരിടത്തൊരു ഫയൽമാൻ തുടങ്ങി ഒന്നിനൊന്ന് വേറിട്ട സിനിമകൾ സമ്മാനിച്ച അദ്ദേഹം ജയറാം, സുരേഷ്‌ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമയാണ് ഇന്നലെ. ശോഭനയായിരുന്നു ചിത്രത്തിൽ നായിക.

ഇന്നലെയുടെ ക്ലൈമാക്സിനെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. ചിത്രം റിലീസാവുന്ന ദിവസം താൻ പത്മരാജന്റെ വീട്ടിൽ ആയിരുന്നുവെന്നും ക്ലൈമാക്സിനെ കുറിച്ച് തനിക്ക് ടെൻഷൻ ഉണ്ടായിരുന്നുവെന്നും ജയറാം പറയുന്നു. ക്ലൈമാക്സിലെ സുരേഷ് ഗോപിയുടെ പ്രകടനം കണ്ട് താൻ കെട്ടിപ്പിടിച്ചിട്ടുണ്ടെന്നും ജയറാം പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്തൊരു ക്ലൈമാക്സ് ആണ് ഇന്നലെയുടേത്. അത് ഞാൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്. ഇന്നലെ റിലീസാവുന്ന ദിവസം ഞാൻ പത്മരാജൻ സാറിന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. സാർ എന്നോട് ചോദിച്ചു, ടെൻഷൻ ഉണ്ടോയെന്ന്. ഞാൻ പറഞ്ഞു, നല്ല ടെൻഷൻ ഉണ്ടെന്ന്. സിനിമയുടെ ക്ലൈമാക്സിൽ ശോഭന നിന്റെ കൂടെ വരണമെന്ന് ഒരു അമ്പത് ശതമാനം ആളുകൾ ആഗ്രഹിച്ചാൽ പടം ഓടും.

സുരേഷ്‌ഗോപിയുടെ കൂടെ പോകണമെന്ന് ആഗ്രഹിച്ചാൽ ചിലപ്പോൾ അത് വേറെ രീതിയിലേക്ക് പോവാമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷെ പ്രേക്ഷകർ കൂടുതലും എന്റെ കൂടെ വരണമെന്നായിരിക്കാം ആഗ്രഹിച്ചിട്ടുള്ളത്. പക്ഷെ അന്ന് സിനിമ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് തോന്നിയത്, അയ്യോ പാവം ഇയാളുടെ കൂടെ പോവട്ടെയെന്നായിരുന്നു. കാരണം അവസാനം സുരേഷിന്റെ ഒരു റിയാക്ഷൻ ഉണ്ട്. അത് ബ്രില്യന്റാണ്.

നിങ്ങൾ ഉദ്ദേശിച്ചയാൾ ഇതല്ലല്ലോയെന്ന് ഞാൻ ചോദിക്കുമ്പോൾ ഒരു ഫോട്ടോ എടുത്ത് ഞാൻ കാണാതെ ഡയറിയിൽ വെച്ച് അല്ലായെന്ന് പറയും. ഹോ അത് എക്സലന്റാണ്. ആ ഷോട്ട് കഴിഞ്ഞ ശേഷം ഞാൻ സുരേഷിനെ കെട്ടിപ്പിടിച്ചിട്ടുണ്ട്,’ജയറാം പറയുന്നു.

Content Highlight: Jayaram about Innale Movie Climax