| Saturday, 13th January 2024, 11:54 am

ചെന്നൈയിൽ എന്നോടൊപ്പം ഷട്ടിൽ കളിക്കാനെത്തുന്നത് ആ പ്രമുഖ താരങ്ങൾ: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശരീര ഭാരം കണ്ട്രോൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജയറാം. താൻ വലിയ ഭക്ഷണ പ്രിയനല്ലെന്നും വാരി വലിച്ച് കഴിക്കില്ലെന്നും ജയറാം പറഞ്ഞു. തനിക്ക് ഷട്ടിൽ കളിക്കാൻ ഭയങ്കര ഇഷ്ടമാണെന്നും ചെന്നൈയിൽ ഉള്ളപ്പോൾ അജിത്തും ശാലിനിയും പ്രഭു ദേവയും മീനയുമെല്ലാം വരാറുണ്ടെന്നും ജയറാം പറയുന്നുണ്ട്. പ്രഭു ദേവ അസ്സലായിട്ട് കളിക്കുമെന്നും ജയറാം കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ശരീരം ഞാൻ വിചാരിച്ചാൽ പെട്ടെന്ന് മാറും കേട്ടോ. നല്ല ഡയറ്റും എക്സസൈസും നോക്കിയാൽ മതി. ഞാൻ പൊതുവേ അങ്ങനെ വലിയ ഭക്ഷണപ്രിയൻ ഒന്നുമല്ല. അങ്ങനെയുള്ളവർക്കാണ് കുറക്കാൻ ഭയങ്കര ബുദ്ധിമുട്ട്. ബിരിയാണി ഇല്ലാതെ പറ്റില്ല, ചിക്കാനോ മട്ടനോ ഇല്ലാതെ പറ്റില്ല, പൊറോട്ട വേണം എന്നൊക്കെയുണ്ടാകും, എനിക്കങ്ങനെയൊന്നുമില്ല.

വിശക്കുന്ന സമയത്ത് എന്തെങ്കിലും, അതും പാതിവയർ കഴിക്കുക. വലിച്ചുവാരി ഭക്ഷണം കഴിക്കാറില്ല. അതുകൊണ്ട് എനിക്ക് പെട്ടെന്ന് കുറക്കാൻ പറ്റും. അറിഞ്ഞ് വർക് ഔട്ട് ചെയ്താൽ മതി. രാവിലെ ഒരു മണിക്കൂറോ വൈകുന്നേരം ഒരു മണിക്കൂറോ ഓടുക.

ഷട്ടിൽ ഭയങ്കര ഇഷ്ടമുള്ള ഒരാളാണ്. ചെന്നൈയിലുള്ളപ്പോൾ അജിത്തും ശാലിനിയും ഇടയ്ക്ക് വരാറുണ്ട്. പ്രഭു ദേവ അസ്സലായിട്ട് കളിക്കും. ആക്ട്രസ് മീന വരാറുണ്ട്. മദ്രാസ് റെയ്സ് ക്ലബ്ബിൽ വെച്ചാണ് കളിക്കുന്നത്. അത് റെഗുലർ ആയിട്ട് പോകുന്നതാണ്. രണ്ടാഴ്ച നന്നായി ഷട്ടിൽ കളിച്ചാൽ ഞാൻ പെട്ടെന്ന് തടി കുറയും.

ഓസ്ലറിൽ ആദ്യം സാധാ രൂപത്തിലുള്ളത് എടുത്തു. പിന്നെ ഞാനൊരു 15 ദിവസം സമയം ചോദിച്ചു. പഴയപോലെയുള്ള രൂപമായി തിരിച്ചുവന്നു. തടിക്കാനാണ് എളുപ്പം. കുറക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ വൈകുണ്ഠപുരത്തിന്റെ സമയത്ത് അല്ലു അർജുന്റെ അച്ഛൻ ഒക്കെയാകുമ്പോൾ നല്ല ഭംഗിയൊക്കെ ആയിക്കോട്ടെ എന്ന് വിചാരിച്ചിട്ട് പത്തിരുപത് കിലോ കുറച്ച് ഡ്രിം ആയിട്ടിരിക്കുകയാണ്.

അപ്പോഴാണ് മണിരത്നം വിളിച്ചിട്ട് പറയുന്നത് ആറുമാസത്തിനുള്ളിൽ ഇത്രയും വയറു വേണം, അതുപോലെ മുഖം വീർത്തിരിക്കണം, അത് വേണം എന്നെല്ലാം പറയുന്നത്. അത് ഉണ്ടാക്കാൻ എളുപ്പമായിരുന്നു. അത് കഴിഞ്ഞിട്ട് കുറക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു. എനിക്കാകെ ഭ്രാന്തായിപ്പോയി ,’ജയറാം പറഞ്ഞു.

Content Highlight: Jayaram about his shattle play at chennai

We use cookies to give you the best possible experience. Learn more