മലയാളത്തിന്റെ ക്ലാസിക് സംവിധായകന്‍ പത്മരാജന്റെ ‘അപരന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടനാണ് ജയറാം. തന്റെ ആദ്യത്തെ സിനിമയില്‍ സംവിധായകന്‍ പത്മരാജന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയത് ദൈവാധീനമാണെന്ന് പറയുകയാണ് ഇപ്പോള്‍ ജയറാം. താന്‍ ഒരിക്കലും ചാന്‍സ് ചോദിച്ച് അങ്ങോട്ട് പോയിട്ടില്ലെന്നും താരം പറയുന്നു.
തന്റെ പുതിയ സിനിമയായ മകളുടെ പ്രമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്‍്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”സാധാരണ ഒരുപാട് പേര്‍ ഇവിടെ നിന്ന് ചാന്‍സ് ചോദിച്ച് മദ്രാസില്‍ പോയി ആ കാലത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അങ്ങനെയൊന്നും എനിക്കുണ്ടായിട്ടില്ല. ഞാന്‍ ചാന്‍സ് ചോദിച്ച് പോയിട്ടില്ല.
പക്ഷേ, സിനിമ എന്ന ആഗ്രഹം എന്റെ മനസ്സില്‍ 100 ശതമാനവും ഉണ്ടായിരുന്നു. പക്ഷേ ആ കാലത്ത് ഞാന്‍ മെഡിക്കല്‍ റപ്രസെന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെയുള്ള ഒരാളെ തേടി ഇങ്ങോട്ട് ഇത്രയും വലിയ സംവിധായകന്‍ വരുക എന്ന് പറയുന്നത് ഒരു വലിയ ദൈവാധീനം തന്നെയാണ്. അതിന്റെ ഒരു ആഹ്ലാദം എനിക്ക് ഇപ്പോഴും പറഞ്ഞറിയിക്കാന്‍ പറ്റില്ല,” ജയറാം പറഞ്ഞു.
”എന്റെ അടുത്ത സിനിമയില്‍ നീയാണെന്ന് പത്മരാജന്‍ സാര്‍ പറഞ്ഞതിന് ശേഷം എനിക്ക് നീന്താന്‍ അറിയുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. എനിക്ക് നീന്തല്‍ അത്യാവശ്യം അറിയാം, കാര്യമായിട്ട് അറിയില്ല എന്ന് ഞാന്‍ പറഞ്ഞു.
എങ്കില്‍ നീ നീന്തല്‍ പഠിക്കണം, പെരിയാറിന്റെ തീരത്ത് ജീവിക്കുന്ന ആളല്ലേ, നീന്തല്‍ അറിയില്ല എന്ന് പറഞ്ഞാല്‍ മോശമല്ലേ. കാരണം എന്റെ അടുത്ത പടത്തില്‍ നിനക്ക് കടലില്‍ നീന്താനുള്ളതാണ് എന്ന് പത്മരാജന്‍ സാര്‍ പറഞ്ഞപ്പോള്‍ അടുത്ത പടത്തിലോ എന്ന് ഞാന്‍ അതിശയത്തോടെ ചോദിച്ചു. എന്റെ അടുത്ത പടത്തില്‍ നീയാണ് നായകന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ ഭാഗ്യം എനിക്ക് കിട്ടി.
അപ്പോഴുള്ള എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. നമ്മുടെ മനസ്സില്‍ സിനിമ എന്ന ആഗ്രഹം 100 ശതമാനവും സത്യസന്ധമായിരുന്നത് കൊണ്ടാവാം അങ്ങനെ ഒരു അവസരം കിട്ടിയത്. നമ്മുടെ ആഗ്രഹം 100 ശതമാനവും സത്യസന്ധമാണെങ്കില്‍ അതില്‍ എത്തിപ്പെടാന്‍ പറ്റും എന്ന് തന്നെയാണ് എന്റെ ജീവിതം തെളിയിച്ചിട്ടുള്ളത്,” ജയറാം കൂട്ടിച്ചേര്‍ത്തു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന സിനിമയില്‍ ജയറാമും മീര ജാസ്മിനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ദേവിക സഞ്ജയ്, സിദ്ദിഖ്, ഇന്നസെന്റ്, കെ.പി.എ.സി ലളിത, ശ്രീനിവാസന്‍, നസ്‌ലന്‍ കെ. ഗഫൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. ഏപ്രില്‍ 29നാണ് ചിത്രത്തിന്റെ റിലീസ്.
ഇക്ബാല്‍ കുറ്റിപ്പുറമാണ് രചന. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. പശ്ചാത്തലസംഗീതം രാഹുല്‍ രാജ്. ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയാണ്.
Content Highlight: Jayaram about his first movie with Padmarajan