| Monday, 15th January 2024, 3:31 pm

അന്ന് കമൽ എന്നെയും അശ്വതിയെയും ഒരുമിച്ച് കാറിൽ കയറ്റി; അശ്വതിയുടെ അമ്മയുടെ വായിലുള്ളതെല്ലാം കമലിക്ക കേട്ടു: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകൻ കമലുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. തന്റെയും പാർവതിയുടെയും പ്രണയിക്കുന്ന കാലത്ത് കമലിന്റെ സിനിമകളാണ് ചെയ്തിരുന്നതെന്ന് ജയറാം പറഞ്ഞു. കമൽ തങ്ങളുടെ ഹംസമായിരുന്നെന്നും ജയറാം പറയുന്നുണ്ട്. പാർവതിയുടെ അമ്മയ്ക്ക് ഇഷ്ടമില്ലാത്ത സംവിധായകൻ കമൽ ആണെന്നും ജയറാം കൂട്ടിച്ചേർത്തു.

ശുഭയാത്ര സിനിമയുടെ സമയത്ത് ഷോട്ട് കഴിഞ്ഞാൽ പാർവതിയെ അമ്മ തന്റെ കണ്മുന്നിൽ നിന്നും മാറ്റുമെന്നും കാറിൽ കയറ്റി കൊണ്ടുപോവുമെന്നും ജയറാം പറഞ്ഞു. എന്നാൽ ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം തന്നെയും പാർവതിയെയും ഷൂട്ടിങ്ങിന് ആണെന്നും പറഞ്ഞ് കമൽ കാറിൽ കയറ്റി വിട്ടിട്ടുണ്ടെന്നും ജയറാം പറയുന്നു. എന്നാൽ അതിന് പാർവതിയുടെ അമ്മയുടെ വായിലുള്ള ചീത്ത മുഴുവൻ കമലിന് കേട്ടെന്നും ജയറാം ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഞങ്ങളുടെ പ്രേമത്തിന്റെ സമയത്ത് കമലിന്റെ സിനിമകളാണ് ഏറ്റവും കൂടുതൽ ചെയ്തത്. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ, ശുഭയാത്ര ആ സമയത്തുള്ള സിനിമകളൊക്കെ കമലിന്റെ കൂടെയാണ്. അതുകൊണ്ട് കമലിക്കയായിരുന്നു ഞങ്ങളുടെ ഹംസം. അതുകൊണ്ടുതന്നെ അശ്വതിയുടെ അമ്മയ്ക്ക് ഏറ്റവും കൂടുതൽ ദേഷ്യം ഉണ്ടായിരുന്ന ഡയറക്ടറാണ് കമൽ.

കമലിക്കയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുകഴിഞ്ഞാൽ മിണ്ടിപ്പോകരുത് എന്നൊക്കെ പറയും. കാരണം ശുഭയാത്ര എന്നുള്ള പടം നടക്കുമ്പോൾ ഷൂട്ടിങ്ങിന്റെ ഷോട്ട് കഴിയുമ്പോൾ അപ്പോൾ എന്റെ കൺവെട്ടത്തുനിന്ന് അശ്വതിയെ(പാർവതി) മാറ്റും. എന്റെ കൺമുമ്പിൽ നിൽക്കാൻ പാടില്ല എന്ന് പറഞ്ഞ് വേറെ കാറിൽ കൊണ്ടുപോകും.

ഷൂട്ടിങ് കഴിഞ്ഞതിന് ശേഷം ബോംബെയിൽ വെച്ചിട്ട് ഒരു മാരുതി ഒംനിയിൽ ഞങ്ങൾ രണ്ടുപേരെയും കയറ്റി ഷോട്ട് എടുക്കാൻ എന്ന് പറഞ്ഞ് വിട്ടു. ഒന്ന് കറങ്ങിയിട്ട് വരാൻ പറഞ്ഞു. അമ്മ പെട്ടെന്ന് വന്നപ്പോഴേക്കും ‘അവർ എവിടേക്കാണ് പോയത്’ എന്ന് ചോദിച്ചു. അത് അവർക്ക് ഷൂട്ടിങ് ഉണ്ടെന്ന് കമലിക്ക പറഞ്ഞെങ്കിലും ‘ഷൂട്ടിങ്ങിന് ക്യാമറ ഇവിടെ അല്ലേ, പിന്നെ എവിടേക്കാണ് താൻ എന്റെ മോളെ കയറ്റിവിട്ടത്’ അങ്ങനെ കുറെ ചീത്ത പറഞ്ഞു. ‘നിങ്ങൾ കാരണം എന്തോരം ചീത്തയാണ് ഞാൻ കേട്ടത് എന്നറിയോ, അവരുടെ വായിലിരിക്കുന്നത് മുഴുവൻ കേട്ട് എന്നൊക്കെ കമൽ പറഞ്ഞു. അതാണ് ഞങ്ങളുടെ കമലിക്ക,’ജയറാം പറഞ്ഞു.

Content Highlight: Jayaram about director kamal and his friendship

We use cookies to give you the best possible experience. Learn more