| Wednesday, 27th April 2022, 4:23 pm

വരനെ ആവശ്യമുണ്ട് സിനിമയില്‍ നായികയാകേണ്ടിയിരുന്നത് ചക്കിയായിരുന്നു; ആ വേഷമാണ് കല്യാണി ചെയ്തത്: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാര്‍വതിയ്ക്കും ജയറാമിനും കാളിദാസിനും ശേഷം മലയാള സിനിമയിലേക്ക് ചുവടുവക്കാനൊരുങ്ങുകയാണ് മകള്‍ മാളവിക. അധികം വൈകാതെ തന്നെ മാളവികയുടെ സിനിമാ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അത്തരത്തിലുള്ള ചില സൂചനകളും മാളവിക നല്‍കിയിരുന്നു. പോണ്ടിച്ചേരിയുടെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയ കളരിയില്‍ പങ്കെടുത്ത മാളവികയുടെ ചിത്രങ്ങളായിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശനത്തെ ഉറപ്പിച്ചത്.

ഇപ്പോള്‍ മകളുടെ സിനിമയിലെ അരങ്ങേറ്റത്തെ കുറിച്ച് ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മാളവികയ്ക്ക് നേരത്തെ തന്നെ മലയാളത്തില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു എന്നാണ് ജയറാം പറയുന്നത്.

‘സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലേക്ക് ആദ്യം വിളിച്ചത് ചക്കിയെ ആയിരുന്നു. ആ സമയത്ത് ദുല്‍ഖര്‍ പ്രൊഡ്യൂസ് ചെയ്യുമെന്ന് മാത്രമേ തീരുമാനിച്ചിരുന്നുള്ളൂ. അങ്ങനെ അനൂപ് മദ്രാസില്‍ വന്ന് ചക്കിയോട് കഥ പറഞ്ഞു. എല്ലാം നന്നായിട്ടുണ്ടെന്നും എന്നാല്‍ മെന്റലി ഒരു സിനിമ ചെയ്യാന്‍ താന്‍ പ്രിപ്പയര്‍ ആയിട്ടില്ലെന്നുമായിരുന്നു ചക്കിയുടെ മറുപടി.

കുറേ നിര്‍ബന്ധിച്ചു. അതിന് ശേഷമാണ് ആ വേഷം കല്യാണി ചെയ്തത്. അതിന് ശേഷം ജയം രവി ഒരു സിനിമയിലേക്ക് ചക്കിയെ വിളിച്ചിരുന്നു. ചക്കിയെ കുട്ടിക്കാലം മുതലേ ജയം രവിക്ക് അറിയാം. ചക്കി വരുന്നോ എന്ന് ചോദിച്ചിരുന്നു.

ഇപ്പോള്‍ തെലുങ്കിലും തമിഴിലുമൊക്കെയായി കുറേ കഥ കേട്ടിട്ടുണ്ട്. ഈ വര്‍ഷം തന്നെ ഏതെങ്കിലും ഒരു പടം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്, ജയറാം പറഞ്ഞു.

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന് മകള്‍ എന്ന് പേരിടാന്‍ കാരണമായത് തന്റെ മകളാണെന്ന് ജയറാം അടുത്തിടെ പറഞ്ഞിരുന്നു.

‘സാധാരണ സത്യന്‍ അന്തിക്കാട് സിനിമകള്‍ക്ക് വളരെ വൈകിയാണ് ടൈറ്റില്‍ ഇടുന്നത്. അത് മനഃപൂര്‍വമല്ല. അദ്ദേഹം കുറച്ച് ആലോചിച്ചാണ് പേരിടുന്നത്. ഈ സിനിമയുടെ അവസാന ദിവസം ഞാന്‍ ചോദിച്ചു, ‘പേര് ഒന്നും ആയില്ലേ?’. ‘ആയിട്ടില്ല, ഒന്നും കിട്ടാതിരിക്കില്ല’, സത്യന്‍ അന്തിക്കാട് മറുപടിയായി പറഞ്ഞു.

അന്ന് എന്റെ മകള്‍ ഷൂട്ടിങ് കാണാന്‍ അവിടെ വന്നിരുന്നു. കാക്കനാട് ആയിരുന്നു ലൊക്കേഷന്‍. മോള് വന്നതുകാരണം ഷൂട്ട് കാണാന്‍ കുറേ കുടുംബങ്ങളും അവിടെ എത്തിയിരുന്നു. ആരാ കൂടെ എന്ന് അവര്‍ ചോദിച്ചപ്പോള്‍, ‘മകളാണ്, എന്റെ മകള്‍’ എന്ന് ഞാന്‍ വിളിച്ചു പറഞ്ഞു. സത്യന്‍ അന്തിക്കാട് അത് കേട്ടു. എന്നിട്ട് എന്റെ അടുത്തുവന്നു പറഞ്ഞു, ‘ഇതാണ് നമ്മുടെ ടൈറ്റില്‍ മകള്‍’.

ഒരച്ഛന്‍ തന്റെ മകളെ ആളുകളുടെ മുന്നില്‍ അഭിമാനത്തോടെ പരിചയപ്പെടുത്തുന്നത് കണ്ടിട്ടാണ് അദ്ദേഹം ചിത്രത്തിനും ഈ പേരിട്ടത്. അങ്ങനെയാണ് ‘മകള്‍’ ഉണ്ടായത്.’ജയറാം പറഞ്ഞു.

മീര ജാസ്മിന്‍-ജയറാം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മകള്‍’. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ജയറാമും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2010ല്‍ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.

Content Highlight: Jayaram About Daughter Malavika and Kalyani Priyadarshan

We use cookies to give you the best possible experience. Learn more