| Sunday, 21st January 2024, 12:38 pm

അബ്രഹാം ഓസ്‌ലർ; 35 വർഷത്തിന് മുകളിൽ പ്രേക്ഷകർ എന്നിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷം പങ്കുവെക്കുകയാണ് നടൻ ജയറാം. മുപ്പത്തിയഞ്ചു വർഷമായി പ്രേക്ഷകർ തന്നിലർപ്പിച്ച വിശ്വാസം കൊണ്ടാകും അബ്രഹാം ഓസ്‌ലർ പോലൊരു മെഡിക്കൽ ത്രില്ലറിന് ഇത്രയേറെ സ്വീകരണം ലഭിച്ചതെന്ന് ജയറാം പറഞ്ഞു. താൻ തിയേറ്ററിൽ എത്തിയപ്പോൾ അമ്മമാരും പേരക്കുട്ടികളും അടക്കം ഒരു കുടുംബത്തിൽ നിന്ന് തന്നെ ഇരുപത് പേരാണ് ടിക്കറ്റ് എടുക്കുന്നതെന്നും ജയറാം പറഞ്ഞു. വളരെ കാലത്തിനുശേഷമാണ് തിയേറ്ററിൽ ഇത്തരമൊരു ചലനം ഉണ്ടാകുന്നതെന്ന് തിയേറ്റർ ജീവനക്കാർ തന്നെ പറഞ്ഞെന്നും ജയറാം മലയാള മനോരമയോട് പറഞ്ഞു.

’35 വർഷത്തിന് മുകളിലായി പ്രേക്ഷകർ എന്നിൽ അർപ്പിച്ചിട്ടുള്ള വിശ്വാസം കൊണ്ടാവാം ഓസ്‌ലർ പോലൊരു മെഡിക്കൽ ത്രില്ലർ ചിത്രത്തിന് ഇത്ര വലിയ സ്വീകരണം ലഭിച്ചത്. ഞാൻ പെരുമ്പാവൂരിലെ തിയേറ്ററിൽ എത്തിയപ്പോൾ 60 വയസ്സ് മുകളിലുള്ള അമ്മമാരും മക്കളും പേരക്കുട്ടികളും അടക്കം 20ലധികം ടിക്കറ്റുകൾ ആണ് ഓരോ കുടുംബവും ഈ ചിത്രം കാണാനായി എടുത്തത്.

തിയേറ്റർ ജീവനക്കാർ തന്നെ ഈ സന്തോഷം പങ്കുവെച്ചു. വളരെ കാലത്തിനുശേഷമാണ് തീയറ്ററിൽ ഇത്തരമൊരു ചലനം ഉണ്ടാകുന്നത്. കുടുംബചിത്രങ്ങൾ കൂടുതൽ ചെയ്തുകൊണ്ടാകാം ആളുകൾക്ക് ഇപ്പോഴും ഇത്രയധികം സ്നേഹം. കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷം,’ ജയറാം പറഞ്ഞു.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് അബ്രഹാം . അബ്രഹാം ഓസ്ലറിൽ മമ്മൂട്ടിയും കാമിയോ റോളിൽ എത്തുന്നുണ്ട്. ചിത്രത്തില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്. ഷെജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍, ശിവരാജ്, ആദം സാബിക് തുടങ്ങിയ പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജനുവരി 11ന് പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക പ്രതികരണത്തോടെ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

Content Highlight: Jayaram about abraham ozler movie’s  theater response

We use cookies to give you the best possible experience. Learn more