അബ്രഹാം ഓസ്ലർ എന്ന കഥാപാത്രമായി മാറിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ജയറാം. മിഥുൻ മാനുവൽ തോമസ് തന്നോട് കഥ പറഞ്ഞപ്പോൾ തന്നെ ത്രില്ലായെന്ന് ജയറാം പറഞ്ഞു. പിന്നീടാണ് മിഥുൻ ഓസ്ലർ എന്ന കഥാപാത്രത്തിന് രണ്ട് തരത്തിലുള്ള രൂപം വേണമെന്ന് പറഞ്ഞെന്നും ജയറാം കൂട്ടിച്ചേർത്തു. താൻ മറ്റു ഭാഷകളിൽ കുറച്ച് പടങ്ങൾ ചെയ്ത് തീർക്കാനുള്ളതുകൊണ്ട് കുറച്ച് സമയം ചോദിച്ചെന്നും മിഥുൻ എല്ലാം തീർത്തിട്ട് വന്നാൽ മതിയെന്ന് പറഞ്ഞെന്നും ജയറാം ഓർക്കുന്നു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇതൊരു ഡാർക്ക് ഷേഡുള്ള ഒരു ക്യാരക്ടർ ആണ്. ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയാണ്. ത്രില്ലറാണ്. അതുപോലെ ഒരു മെഡിക്കൽ ത്രില്ലർ എന്ന് വേണമെങ്കിൽ പറയാം. ഈ ഴോണറിലുള്ള സിനിമകൾ ഞാൻ ചെയ്തിട്ടില്ല. ഈ പത്ത് മുപ്പത്തഞ്ച് വർഷക്കാലം എന്നെ കൂടുതലും തേടി എത്തിയിട്ടുള്ളത് കുടുംബ പശ്ചാത്തലത്തിലുള്ള സിനിമകളും അതിനകത്തുള്ള തമാശകളുമാണ്.
സീരിയസ് ആയിട്ടുള്ള സിനിമകളും ചെയ്തിട്ടുണ്ട്. ഈ ഷേഡിലുള്ള സിനിമ ഞാൻ അധികം ചെയ്തിട്ടില്ല ചെയ്തതായിട്ടെനിക്ക് ഓർമ കിട്ടുന്നില്ല. മറ്റു ഭാഷകളിൽ എനിക്ക് പല ടൈപ്പ് ഓഫ് ക്യാരക്ടർ ചെയ്യാൻ കിട്ടുന്നുണ്ട്. അങ്ങനെ ഒരു സമയത്ത് മലയാളത്തിൽ നിന്ന് എന്നെ തേടിയെത്തിയത് ക്യാരക്ടർ ആണിത്.
മിഥുൻ ആദ്യം എന്റെ അടുത്ത് കഥ പറഞ്ഞപ്പോൾ തന്നെ ടോട്ടൽ എനിക്ക് നല്ല ത്രില്ലായിട്ട് തോന്നി. എന്നിട്ടാണ് ഞാൻ ചോദിച്ചത് ഈ രൂപം എങ്ങനെ വേണമെന്ന്. രണ്ട് ടൈപ്പിലുള്ള രൂപം വേണം എന്ന് മിഥുൻ പറഞ്ഞു. ഇപ്പോൾ അയാൾ ജീവിതത്തിൽ കടന്ന് പോയിട്ടുള്ള സാഹചര്യം കാരണം ആൾക്ക് ഉറക്കം ഇല്ലാതായിട്ട് രണ്ടുമൂന്നു വർഷമായി.
അയാൾ ഉറങ്ങാൻ വേണ്ടി മദ്യവും മരുന്നും ശ്രമിച്ചിട്ട് പോലും ഉറങ്ങാൻ പറ്റുന്നില്ല. ഹാലൂസിനേഷന്റെ വക്കിൽ ജീവിക്കുന്ന ഒരാളാണ്. കണ്ണിനടിയിൽ കറുപ്പും മുഖത്ത് ചുളിവുകളും അകാല വാർദ്ധക്യവും നടപ്പിലും എക്സൈസ് ഒന്നും ചെയ്യാത്ത ശരീരവും വയറും എല്ലാം കൂടി ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് പറഞ്ഞു.
എനിക്ക് ഇത്തിരി സമയം തന്നാൽ ഞാൻ അതേപോലെ വന്നോളാം എന്ന് പറഞ്ഞു. മറ്റു ഭാഷകളിൽ ഒക്കെ കുറച്ചു പടങ്ങൾ തീർക്കാൻ ഉണ്ടായിരുന്നു. മിഥുൻ പറഞ്ഞു സമയമെടുത്തു വന്നാൽ മതി നമുക്ക് അതിനനുസരിച്ച് തുടങ്ങാം എന്ന്. അതിൽ കണ്ടിന്യുറ്റി ഉള്ള പടങ്ങളൊക്കെ തീർത്തു. എന്റെ ശരീരം പെട്ടെന്ന് മാറും,’ ജയറാം പറഞ്ഞു.
Content Highlight: Jayaram about abraham ozler character