ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മുഴുനീള വേഷത്തിൽ എത്തിയ മലയാള സിനിമയായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‌ലർ. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ ഒരുക്കിയ ഓസ്‌ലറും തിയേറ്ററിൽ വലിയ വിജയമായി മാറി. അലക്സാണ്ടർ എന്ന കഥാപാത്രമായി മമ്മൂട്ടി ഒരു ഗസ്റ്റ് റോളിൽ എത്തിയതും സിനിമയെ വലിയ രീതിയിൽ സഹായിച്ചിരുന്നു. ജയറാമിന്റെ തിരിച്ചുവരവ് സിനിമയായിട്ടാണ് പ്രേക്ഷകർ അബ്രഹാം ഓസ്‌ലറിനെ കാണുന്നത്.
ഓസ്‌ലറിലെ കഥാപാത്രം മമ്മൂട്ടി ചോദിച്ച് വാങ്ങിയതാണെന്ന് ജയറാം പറയുന്നു. ഒരിക്കൽ മിഥുൻ മമ്മൂക്കയോട് കഥ പറഞ്ഞപ്പോൾ ചിത്രത്തിലെ അലക്സാണ്ടർ എന്ന കഥാപാത്രം തനിക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞെന്നും ജയറാം പറഞ്ഞു. മമ്മൂട്ടിയുടെ എൻട്രി സിനിമയ്ക്ക് വലിയ ഗുണമായെന്നും ഇപ്പോഴും അഭിനയത്തോട് അടങ്ങാത്ത ദാഹമുള്ള നടനാണ് മമ്മൂട്ടിയെന്നും ജയറാം പറഞ്ഞു.
‘ഇപ്പോഴും അഭിനയത്തോട് അടങ്ങാത്ത ദാഹമുള്ള നടനാണ് മമ്മൂക്ക. വ്യത്യസ്തമായ കഥാപാത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അദ്ദേഹം ചോദിച്ചുവാങ്ങും. ഓസ്‌ലറിലെ കഥാപാത്രമായും അദ്ദേഹമെത്തിയത് അങ്ങനെയാണ്.
ഓസ്‌ലറിലെ അലക്‌സാണ്ടർ എന്ന കഥാപാത്രം വലിയൊരു താരം ചെയ്യണമെന്ന് ആദ്യമേ തന്നെ ഞങ്ങളുറപ്പിച്ചിരുന്നു. പല ഓപ്ഷനുകൾ അതിനായി നോക്കുകയും ചെയ്തു. അതിനിടെ യാദൃച്ഛികമായാണ് മമ്മൂക്കയുമായുള്ള ഒരു മീറ്റിങ്ങിനിടെ മിഥുൻ, ഓസ്‌ലറിൻ്റെ കഥ അദ്ദേഹത്തോട് പറയുന്നത്.
കഥ പറഞ്ഞുതീർന്നപ്പോൾ അലക്സാണ്ടർ എന്ന കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് മമ്മൂക്ക ചോദിച്ചു. ഇതുവരെ തീരുമാനമായില്ലെന്ന് മിഥുൻ പറഞ്ഞപ്പോൾ ഞാൻ ചെയ്യട്ടെയെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. ആദ്യം മിഥുനൊന്ന് ഞെട്ടി. ‘അതുവേണ്ട മമ്മൂക്ക, നിങ്ങളൊക്കെ വന്നാൽ അത് വലിയ പണിയാകും’ എന്നു പറഞ്ഞ് മിഥുൻ ഒഴിഞ്ഞു. താൻ തമാശ പറഞ്ഞതല്ലെന്നും അലക്സാണ്ടർ എന്ന കഥാപാത്രം തനിക്ക് ഏറെ ഇഷ്ടമായെന്നും പറ്റുമെങ്കിൽ തരണമെന്നും മമ്മൂക്ക ആവർത്തിച്ചു.
മറുപടിപറയാതെ മിഥുൻ ഈ കാര്യം ഞങ്ങളോട് വന്നുപറഞ്ഞു. മമ്മൂക്ക തമാശയ്ക്ക് പറഞ്ഞതല്ലെങ്കിൽ നമുക്കൊന്ന് ആലോചിച്ചുടെ എന്നായി ഞങ്ങൾ. അങ്ങനെ വീണ്ടും മിഥുൻ ചെന്ന് മമ്മൂക്കയോട് താത്പര്യമറിയിച്ചതോടെയാണ് അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയത്. മമ്മൂക്കയുടെ എൻട്രി ഈ സിനിമയ്ക്ക് തിയേറ്ററിൽ വലിയ ഗുണംചെയ്തു,’ജയറാം പറയുന്നു.
അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്‌സ് , മമ്മൂട്ടി – വിനായകൻ ചിത്രം തുടങ്ങി ഒരുപിടി മികച്ച സിനിമകൾ മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുണ്ട്.
Content Highlight: Jayaram About Abraham Ozlar Movie And Mammootty