തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ആശിഷ് രാജിനെ അപമാനിച്ചെന്ന കേസില്‍ സസ്പെന്റ് ചെയ്ത മട്ടന്നൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എ.എസ്.ഐ കെ.എം മനോജ് കുമാറിന്റെ സസ്പെന്‍ഷന്‍ ആണ് പിന്‍വലിച്ചത്. മനോജ് കുമാറിനെ മട്ടന്നൂരില്‍ നിന്ന് മാലൂര്‍ സ്റ്റേഷനിലേക്കു സ്ഥലം മാറ്റുകയും ചെയ്തു.
നടപടി നേരിട്ടു പത്തു ദിവസം തികയും മുമ്പാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. ഇക്കഴിഞ്ഞ 18നായിരുന്നു സസ്പെന്‍ഷന്‍. ശനിയാഴ്ച സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെത്തുന്ന സാഹചര്യത്തിലാണ് ഈ തിരക്കിട്ട നടപടിയെന്നാണ് റിപ്പോര്‍ട്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികളോടൊപ്പം ടൂറിസ്റ്റ് ബസില്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ വന്നിറങ്ങിയ ആശിഷ് രാജ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം വേണമെന്നു പറഞ്ഞപ്പോള്‍ പൊലീസ് അത് അനുവദിക്കാതെ അപമര്യാദയായി പെരുമാറി എന്നാണു പരാതി.
പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ ഉണ്ടെന്നും സുരക്ഷ കണക്കിലെടുത്തു ശുചിമുറി സൗകര്യം നല്‍കാന്‍ കഴിയില്ലെന്നുമുള്ള പൊലീസുകാരുടെ മറുപടി കണക്കിലെടുക്കാതെ ബഹളമുണ്ടാക്കിയെന്നാണു പൊലീസ് വ്യക്തമാക്കിയത്.
ആശിഷ് രാജിനോട് മനോജ്കുമാര്‍ മോശമായി പെരുമാറിയിട്ടില്ലെന്നു അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ ഇ.അനുപമയും മൊഴി നല്‍കിയിരുന്നു.