കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ജയില്‍ മോചിതനായി. ഷുക്കൂര്‍ വധക്കേസില്‍ ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണിത്. 27 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ജയരാജന്‍ പുറത്തുവരുന്നത്. []
വൈകുന്നേരം 3.45ഓടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയരാജന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജയില്‍മോചിതനായ ജയരാജന് കണ്ണൂരിലും പരിസരപ്രദേശങ്ങളിലും സി.പി.ഐ.എം സ്വീകരണ പരിപാടികളൊരുക്കിയിട്ടുണ്ട്.
ജയരാജന് ജാമ്യം ലഭിച്ചതറിഞ്ഞ് കണ്ണൂര്‍ ജയിലിന് മുമ്പില്‍ ഉച്ചയ്ക്ക് തന്നെ പ്രമുഖ സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരുമെത്തിയിരുന്നു. പുറത്തിറങ്ങിയ ജയരാജനൊപ്പം പ്രകടനമായാണ് പ്രവര്‍ത്തകര്‍ നീങ്ങിയത്.
ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിനാണ് പി. ജയരാജന്‍ അറസ്റ്റിലായത്. അറസ്റ്റിനുശേഷം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും ജയരാജന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അത് തള്ളുകയായിരുന്നു. പൊതുപ്രവര്‍ത്തകനായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജയരാജന് ജാമ്യം നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.
ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അവധിക്കാല ബെഞ്ച് ജയരാജന് ജാമ്യം അനുവദിക്കുകയായിരുന്നു. 25,000 രൂപയ്ക്കും ഇതേ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലുമാണ് ജയരാജന് ജാമ്യം അനുവദിച്ചത്.
സംഭവം നടന്ന സ്ഥലത്ത് ജയരാജന്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതായി വിവരം ലഭിച്ചാല്‍ സര്‍ക്കാരിന് ആ സമയത്ത് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അടുത്ത മൂന്ന് ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ഇന്ന് തന്നെ ജയരാജന് പുറത്തിറങ്ങാനുള്ള സൗകര്യമൊരുക്കി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ന് തന്നെ അദ്ദേഹത്തെ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഷുക്കൂറിനെ വധിക്കാനായുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നിട്ടും വിവരം പുറത്തുപറഞ്ഞില്ലെന്നതാണ് ജയരാജനെതിരെയുള്ള കുറ്റം. ഐ.പി.സി 118ാം വകുപ്പ് പ്രകാരമുള്ള കേസാണ് അദ്ദേഹത്തിനെതിരെയുള്ളത്. കേസില്‍ 36ാം പ്രതിയാണ് ജയരാജന്‍.