| Monday, 4th November 2019, 11:32 pm

'മാവോയിസ്റ്റുകള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ ഉന്നം വെക്കുകയാണ്'; വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്നും ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബംഗാളില്‍ ചെയ്തത് പോലെ മാവോയിസ്റ്റുകള്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ ഉന്നം വെക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ഗിരിവര്‍ഗ്ഗ് മേഖലയില്‍ സി.പി.ഐ.എം സ്വാധീനത്തെ തകര്‍ക്കുന്നതിന് വലതുപക്ഷം നെക്‌സലേറ്റുകള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കിയിരുന്നുവെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആദിവാസികള്‍ക്കിടയില്‍ സി.പി.ഐ.എമ്മിന് സ്വാധീനമുള്ള നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം എല്‍.ഡി.എഫ് ഭരിക്കുന്ന കേരളത്തില്‍ വനമേഖലയില്‍ ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകള്‍ നടത്തുന്ന നുഴഞ്ഞു കയറ്റത്തെ കാണേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വലതുപക്ഷ മാധ്യമങ്ങള്‍ ഇന്ന് മാവോയിസ്റ്റുകളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. മാവോയിസ്റ്റുകളാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുന്നവരുടെ കേന്ദ്രങ്ങളില്‍ പെട്ടുപോകുന്നവര്‍ക്കെതിരെ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കരുതെന്നാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സമീപനമെന്നും ജയരാജന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.പി.ഐക്കെതിരെയും ജയരാജന്‍ വിമര്‍ശനം ഉന്നയിച്ചു. അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന ഭാഗത്ത് മണം പിടിച്ചു വന്നെന്നും വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്നും സി.പി.ഐയെ പരിഹസിച്ച് ജയരാജന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സെക്‌റ്റേറിയനിസം വളര്‍ന്നു വന്നത് എഴുപതുകളോടെയാണ്. എന്നാല്‍ ഇത് ഇന്ത്യയില്‍ മാത്രം സംഭവിച്ചതല്ല. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും ഈ അരാജക പ്രവണത ഉണ്ടായിട്ടുണ്ട്.ലെനിന്‍ ഇത് വിശകലനം ചെയ്തുകൊണ്ട് ഇങ്ങനെയാണ് പറഞ്ഞത് ‘മുതലാളിത്വത്തിന്റെ ഭീകരതകള്‍ മൂലം ഉണ്ടാകുന്ന ഒരു പെറ്റീ ബൂര്‍ഷ്വാ ചിത്തഭ്രമമാണിത് ‘ പെറ്റിബൂര്‍ഷ്വാ വിഭാഗങ്ങള്‍ക്കിടയില്‍ ഇന്ത്യയിലും ഈ അരാജക പ്രവണതകളെ പിന്തുടരുന്നവരെ കാണുന്നു. ആദ്യകാലത്ത് നക്സലൈറ്റുകള്‍ എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ മാവോയിസ്റ്റുകള്‍ എന്നാണ് അറിയപ്പെടുന്നത്.

നക്സലൈറ്റുകള്‍ എണ്‍പതുകളോടെ ശിഥിലീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ 2004 ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് ഗ്രൂപ്പും മാവോയിസ്റ്റു കമ്മ്യൂണിസ്റ്റ് സെന്ററും ലയിച്ചതിനു ശേഷം അവരുടെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കയാണ്. 1970-72 കാലത്ത് നക്സലൈറ്റുകള്‍ പലയിടത്തും CPIM നെയാണ് ലക്ഷ്യം വച്ചത്. CPIM നെ തകര്‍ക്കാന്‍ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം തന്നെ കടുത്ത കടന്നാക്രമണം നടത്തുന്ന ഘട്ടമായിരുന്നു ഇത്. അന്ന് നെക്്‌സലേറ്റുകള്‍ പശ്ചിമ ബംഗാളില്‍ മാത്രം 350 CPIM പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്.

ഗിരിവര്‍ഗ്ഗ് മേഖലയില്‍ സി.പി.ഐ.എം സ്വാധീനത്തെ തകര്‍ക്കുന്നതിന് വലതുപക്ഷം നെക്‌സലേറ്റുകള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കിയിരുന്നു. പിന്നീട് മാവോയിസ്റ്റുകളെന്ന് അറിയപ്പെടുന്ന വിഭാഗം വനങ്ങളില്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ശ്രീലങ്കയിലെ LTTE എന്ന സംഘടനയുടെ സഹായത്തോടെ ആയുധ പരിശീലനം നേടി ആയുധങ്ങള്‍ സംഭരിച്ചു. വനങ്ങളുടെ ഉള്‍പ്രദേശങ്ങളില്‍ തങ്ങി പൊലീസിനെയും സൈനിക വിഭാഗങ്ങളെയും ആക്രമിക്കുക എന്നതാണ് അവരുടെ ശൈലി. അക്രമം നടത്തി രക്ഷപ്പെട്ടാല്‍ ഭരണകൂട സംവിധാനം വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികളെ അടിച്ചമര്‍ത്തും.ആദിവാസികള്‍ തുടര്‍ന്ന് മാവോയിസ്റ്റുമായി ബന്ധം പുലര്‍ത്താന്‍ നിര്‍ബന്ധിക്കപ്പെടും.

ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആദിവാസികള്‍ക്കിടയില്‍ സി.പി.ഐ.എമ്മിന് സ്വാധീനം ഉള്ള നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം LDF ഭരിക്കുന്ന കേരളത്തില്‍ വനമേഖലയില്‍ ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകള്‍ നടത്തുന്ന നുഴഞ്ഞു കയറ്റത്തെ കാണേണ്ടത്. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വലതുപക്ഷ മാധ്യമങ്ങള്‍ ഇന്ന് മാവോയിസ്റ്റുകളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പക്ഷെ അത് കേരളത്തില്‍ മാത്രമാണ്.

1970 ഫെബ്രുവരി 18 നാണ് വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ നെക്‌സലേറ്റ് നേതാവ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടത്.ഒരു വീട്ടില്‍ നിന്നും പിടികൂടി ഭീകരമായി മര്‍ദിച്ച് കൈകാലുകള്‍ കെട്ടിയിട്ട് പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. UDF ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ഇന്ന് അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ‘വ്യാജ ഏറ്റുമുട്ടലാണ് ‘ എന്ന് പ്രചരിപ്പിക്കുന്നവര്‍ അന്ന് യഥാര്‍ത്ഥ ഏറ്റുമുട്ടലിലാണ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതെന്നാണ് അച്ച് നിരത്തിയത്. ഈ വൈരുദ്ധ്യം ചിന്തയശേഷിയുള്ളവര്‍ക്കാകെ മനസ്സിലാക്കാന്‍ കഴിയുന്നതാണ്.

യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗസമരമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വഴി.രാജ്യത്തൊട്ടാകെ കൃഷിക്കാരെയും തൊഴിലാളികളേയും സംഘടിപ്പിച്ചുകൊണ്ട് ഉജ്വലമായ സമരങ്ങള്‍ നടത്തിവരികയാണ്.ഒന്നാം മോദി ഗവണ്മെന്റിന്റെ കാലത്ത് രാജസ്ഥാനിലും മഹാരാഷ്ട്രയിലും കണ്ടത് പോലെയുള്ള സമരങ്ങള്‍ ഇനിയും ശക്തിപ്പെടാന്‍ പോവുകയാണ്. RCEP കരാറിലേക്ക് BJP ഗവണ്മെന്റ് നീങ്ങിയാല്‍ രാജ്യവ്യാപകമായകര്‍ഷകസമരം ഇരമ്പിക്കയറും എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തൊഴിലാളി വര്‍ഗ്ഗത്തിനെതിരായ ഭരണവര്‍ഗ്ഗ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധനിരയും ഉയര്‍ന്നുവരികയാണ്. 2020 ജനുവരിയില്‍ കൊടിയുടെ നിറം നോക്കാതെ അഖിലേന്ത്യാ പണിമുടക്കിന് തൊഴിലാളി വര്‍ഗ്ഗം തയ്യാറെടുത്തുവരികയാണ്. ഇങ്ങനെ രാജ്യത്തിന്റെ നാഡീഞരമ്പുകളെപ്പോലും നിശ്ചലമാക്കുന്ന അഖിലേന്ത്യാ പണിമുടക്കം നടത്തുന്ന ഘട്ടമാണിത്. കേന്ദ്രത്തിലധികാരത്തിലിരിക്കുന്ന BJP ഗവണ്മെന്റിനെതിരായി സ്ത്രീകളും യുവാക്കളും വിദ്യാര്‍ഥികളുമെല്ലാം പ്രക്ഷോഭത്തിന്റെ പാതയിലാണ്.

നവലിബറല്‍ നയങ്ങള്‍ക്ക് ബദലെന്താണെന്ന് കാണിച്ച് കേരളത്തിലെ LDF ഗവണ്മെന്റ് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക രാഷ്ട്രീയ രംഗത്തെ ഈ വര്‍ഗ്ഗ സമരങ്ങളാണ് വിപ്ലവകാരികള്‍ പിന്തുടരേണ്ടത്. അതിനുപകരം വ്യക്തിപരമായ ഭീകര പ്രവര്‍ത്തനത്തിനാണ് ഉന്മൂലന സിന്ധാന്തക്കാര്‍ ഉരുമ്പെടുന്നത്. ഇവിടെ നെല്ലും പതിരും വേര്‍തിരിച്ചറിയാനാവണം. നിര്‍ഭാഗ്യവശാല്‍ മാവോയിസ്റ്റുകളാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുവാന്‍ ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇതിലറിയാതെ പെട്ടുപോകുന്നവരുമുണ്ട്.

എന്നിരുന്നാലും അവര്‍ക്കെതിരെ UAPA പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കരുതെന്നാണ് LDF ഗവണ്മെന്റിന്റെ സമീപം. ഇത് മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതുമാണ് എന്നാല്‍ ഇതില്‍ മതിവരാത്ത കോണ്‍ഗ്രസ്സുകാര്‍ UAPA വിരുദ്ധ പ്രചരണവുമായി ജനങ്ങളെ കബളിപ്പിക്കാന്‍ രംഗത്തുണ്ട്.രണ്ടാം മോദി ഗവണ്മെന്റ് ഏത് പൗരനെയും ഭീകരനായി മുദ്രയടിച്ച് തടങ്കലിലിടാന്‍ നിയമം കൊണ്ടുവന്നപ്പോള്‍ എതിര്‍ക്കാത്ത കോണ്‍ഗ്രസ്സാണ് LDF ഗവണ്മെന്റിനെതിരെ പ്രസ്ഥാവനയുമായി പുറപ്പെട്ടിട്ടുള്ളത്.

എന്നാല്‍ കൗതുകകരമായിട്ടുള്ള കാര്യം അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന വനാന്തര്‍ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാല്‍ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു.

വ്യാജ ഏറ്റമുട്ടല്‍ കഥകള്‍ ഉത്തരേന്ത്യയിലാണ് നടക്കുന്നത് .അതാവട്ടെ പൊലീസ് കസ്റ്റഡിയിലുള്ള ആളുകളെ അര്‍ദ്ധരാത്രിയില്‍ ശേഷം വിജനമായ സ്ഥലത്ത് കൊണ്ടുപോയി വെടിവച്ചുകൊന്ന് ഏറ്റു മുട്ടല്‍ കഥ പ്രചരിപ്പിക്കലാണ് .ഇവിടെ കേരളത്തില്‍ ബംഗാളില്‍ ചെയ്തത് പോലെ LDF ഗവണ്മെന്റിനെ ഉന്നം വച്ചാണ് മാവോയിസ്റ്റുകള്‍ AK 47 തോക്കുകളുമായി വരുന്നത്. ഇത് കൃത്യമായി തിരിച്ചറിയാന്‍ എല്ലാവര്‍ക്കുമാവണം.

We use cookies to give you the best possible experience. Learn more