| Saturday, 22nd June 2019, 8:18 pm

'ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കുകയല്ല ജനപ്രതിനിധികള്‍ ചെയ്യേണ്ടത്'; ശ്യാമളയെ വേദിയിലിരുത്തി വിമര്‍ശിച്ച് പി.ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ വിമര്‍ശിച്ച് സി.പി.ഐ.എം. നേതാവ് പി. ജയരാജന്‍. ജനപ്രതിനിധികള്‍ക്ക് നഗരസഭ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായില്ലെന്നും പാറയില്‍ സാജന്റെ ഭാര്യ ബീനയുടെ പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ധര്‍മ്മശാലയില്‍ സി.പി.ഐ.എം. സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കാണ് പൂര്‍ണഅധികാരം. ജനപ്രതിനിധികള്‍ക്ക് അക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താനാകില്ല. എന്നാല്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് നടക്കുകയല്ല വേണ്ടത്’.

ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള വേദിയിലിരിക്കെയായിരുന്നു ജയരാജന്റെ വിമര്‍ശനം.

ആന്തൂരിലെ പ്രവാസിവ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.ഐ.എമ്മിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സി.പി.ഐ.എം വിശദീകരണയോഗം സംഘടിപ്പിച്ചത്.

പി.കെ. ശ്യാമളക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുപോലും എതിര്‍പ്പ് ശക്തമായതും നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

നേരത്തെ സംഭവത്തില്‍ ഉദ്യോഗസ്ഥരെ വിമര്‍ശിച്ചായിരുന്നു സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നത്. പ്രവാസിവ്യവസായിയുടെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ആവശ്യപ്പെട്ടിട്ടും നഗരസഭ സെക്രട്ടറി അനുവദിച്ചുനല്‍കിയില്ലെന്നും ലൈസന്‍സ് അനുവദിക്കുന്ന കാര്യം സെക്രട്ടറി മനപൂര്‍വ്വം വൈകിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more