| Wednesday, 24th April 2019, 10:49 am

വടകരയില്‍ കോണ്‍ഗ്രസ് കളിച്ചത് വൃത്തികെട്ട കളി: ആര്‍.എം.പി വോട്ടുകള്‍ സി.പി.ഐ.എമ്മിന് ലഭിച്ചെന്നും ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വടകരയില്‍ ആര്‍.എം.പി വോട്ടുകള്‍ പലതും സി.പി.ഐ.എമ്മിന് ലഭിച്ചിട്ടുണ്ടെന്ന് സ്ഥാനാര്‍ത്ഥി പി. ജയരാജന്‍. കൊലപാതക രാഷ്ട്രീയമൊന്നും വടകരയില്‍ ചര്‍ച്ചയായിട്ടില്ലെന്നും തന്നെ വ്യക്തിഹത്യ നടത്തുക വഴി കോണ്‍ഗ്രസ് വൃത്തികെട്ട കളിയാണ് കളിച്ചതെന്നും ജയരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

”കൊലപാതക രാഷ്ടീയമൊന്നുമല്ല വടകരയില്‍ ചര്‍ച്ചയായത്. പോളിങ് വര്‍ധനവിന്റെ അടിസ്ഥാനവും അതല്ല. യഥാര്‍ത്ഥത്തില്‍ ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളാണ് ജനങ്ങള്‍ വലിയ തോതില്‍ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ കാരണമായത്. അഞ്ച് വര്‍ഷത്തെ മോദി ഭരണം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനങ്ങളില്‍ വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ആ ആശങ്കയുള്ള വോട്ടര്‍മാര്‍ വലിയ തോതിലാണ് പോളിങ് ബൂത്തിലേക്ക് എത്തിയത്. കോണ്‍ഗ്രസ് വൃത്തികെട്ട കളിയാണ് കളിച്ചത്. ഇവിടുത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എന്നെ വ്യക്തിഹത്യ നടത്തുന്ന പ്രചരണമുണ്ടായത്. അതിന്റെ അടിസ്ഥാനത്തിലുള്ള പോളിങ് വര്‍ധനവല്ല ഇവിടെ ഉണ്ടായത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയും അപേക്ഷിച്ച് ഇന്ത്യയിലെ പോളിങ് ശതമാനം കൂടാന്‍ കാരണം രാജ്യത്ത് അഞ്ച് വര്‍ഷം മോദി ഭരണം നടത്തിയിട്ടുള്ള കടന്നാക്രമണങ്ങളും വര്‍ഗീയതയും കൊലപാതകങ്ങളുമാണ്. അതില്‍ ആശങ്കയുള്ള വോട്ടര്‍മാര്‍ മോദി ഭരണത്തെ പുറത്താക്കണമെന്ന ആഗ്രഹിക്കുന്നു.

ആര്‍.എം.പിയുടെ വോട്ടുകളൊക്കെ കൈപ്പത്തിചിഹ്നത്തില്‍ കുത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം അവരില്‍ നിന്ന് ചിലരെല്ലാം എല്‍.ഡി.എഫിന് വോട്ട് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് മാത്രമല്ല ആര്‍.എം.പിയുടെ സ്ഥാപക നേതാവ് പറഞ്ഞിട്ടുള്ള അതിന്റെ ഉദ്ദേശവും ലക്ഷ്യവുമൊക്കെ തകര്‍ക്കുന്നതാണ് എന്ന് അവര്‍ക്കിടയില്‍ തന്നെ ശക്തമായി അഭിപ്രായമുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കിടയില്‍ തന്നെ ആര്‍.എം.പിയുടെ വനിതാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തു. അതിനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുയകാണ്. എന്നെ കേസില്‍ പ്രതിയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തന്നെ കേസില്‍ പ്രതിയായിട്ട് കോടതിയില്‍ കയറേണ്ട അവസ്ഥയാണ്. യു.ഡി.എഫ് പ്രചരിപ്പിച്ച ചില നോട്ടീസുകള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് കടകവിരുദ്ധമായിട്ടുള്ള കാര്യമാണ്. അതുവെച്ച് നിയമനടപടി തുടരും. ”- ജയരാജന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more