എത്ര തിരക്കിലും ആരെയും ശ്രദ്ധിക്കാതെ വരുന്ന എം.ടി. എന്നെ കണ്ടാല്‍ അവിടെ നില്‍ക്കും: ജയരാജ് വാര്യര്‍
Entertainment news
എത്ര തിരക്കിലും ആരെയും ശ്രദ്ധിക്കാതെ വരുന്ന എം.ടി. എന്നെ കണ്ടാല്‍ അവിടെ നില്‍ക്കും: ജയരാജ് വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th May 2024, 10:19 am

മലയാളത്തിലെ മികച്ച ആര്‍ടിസ്റ്റുകളില്‍ ഒരാളാണ് ജയരാജ് വാര്യര്‍. നല്ല നടനെന്നതിലുപരി മിമിക്രിയും ക്യാരിക്കേച്ചറും തുള്ളലും തുടങ്ങി അനേകം കലകളില്‍ കൈവെച്ച കലാകാരന്‍ കൂടിയാണ് അദ്ദേഹം. എം.ടി. വാസുദേവന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി. കുറുപ്പ് തുടങ്ങിയ അനശ്വര സാഹിത്യകാരന്‍മാരെ ജയരാജ് വാര്യരോളും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന കലാകാരന്‍മാര്‍ കുറവാണ്.

ഇവരെയൊക്കെ സ്റ്റേജില്‍ അനുകരിച്ചത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ജയരാജ് വാര്യര്‍. സൈന സൗത്ത് പ്ലസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ അവതരിപ്പിച്ച ഈ മഹാന്‍മാരുമായെല്ലാം തനിക്ക് നല്ല രീതിയിലുള്ള ബന്ധമുണ്ടായിരുന്നതായി ജയരാജ് വാര്യര്‍ പറയുന്നു. എത്ര തിരക്കിലും ആരെയും ശ്രദ്ധിക്കാതെ വരുന്ന എം.ടി. തന്നെ കണ്ടാല്‍ അവിടെ നില്‍ക്കുകയും തന്നോട് വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സുകുമാര്‍ അഴീക്കോടിനൊപ്പം താന്‍ അനവധി യാത്രകള്‍ ചെയ്തിട്ടുണ്ടെന്നും ജയരാജ് വാര്യര്‍ പറഞ്ഞു. എം.ടി, സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി, ഭരത് ഗോപി തുടങ്ങിയവരോടൊക്കെയുള്ള ആരാധന കൊണ്ടാണ് താന്‍ അവരെയൊക്കെ അനുകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ പോസിറ്റീവായിട്ട് തന്നെയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അതു കൊണ്ട് തന്നെ എനിക്ക് ഇവരുമായിട്ടൊക്കെ ബന്ധവുമുണ്ടായി. എത്ര തിരക്കിലും ആരെയും ശ്രദ്ധിക്കാതെ വരുന്ന എം.ടി. സാര്‍ എന്നെ കണ്ടാല്‍ അവിടെ നില്‍ക്കും. ഇന്ന് ഇവിടെ പരിപാടിയുണ്ടോ എന്ന് ചോദിക്കും. ഞാന്‍ കാണാറുണ്ട് അവിടെയും ഇവിടെയുമൊക്കെ എന്ന് പറയും.

സാറിനെ ഇയാള്‍ ഇന്നലെ ഇവിടെ അവതരിപ്പിച്ചിരുന്നു എന്ന് അടുത്ത് നില്‍ക്കുന്ന ആള്‍ പറയും. അയാള്‍ ഇപ്പോള്‍ ഇതൊരു ഐറ്റമായി കൊണ്ട് നടക്കുകയാണ് എന്ന് അദ്ദേഹം പറയും. അതൊരു വലിയ അവാര്‍ഡല്ലേ? അഴീക്കോട് മാഷോടൊപ്പം ഞാന്‍ അനവധി സ്ഥലങ്ങളിലേക്ക് യാത്രപോയിട്ടുണ്ട്.

എം.ടി. സാര്‍, അഴീക്കോട് സാര്‍, ഒ.എന്‍.വി. സാര്‍ ഇവരൊക്കെ എഴുതിയതും അവര്‍ പറയുന്നതും എനിക്ക് മനപ്പാഠമാണ്. ഞാന്‍ അവരോടുള്ള ആരാധന കൊണ്ടാണ് അതൊക്കെ ചെയ്യുന്നത്. ആ ആരാധന ഭരത്‌ഗോപിയോടും വേണുച്ചേട്ടനോടുമുണ്ട്. രാഷ്ട്രീയ നേതാക്കളോടൊക്കെ എനിക്ക് ഇഷ്ടമാണ്. അതു കൊണ്ടാണ് ഞാന്‍ പെര്‍ഫോം ചെയ്യുന്നത്,’ ജയരാജ് വാര്യര്‍ പറഞ്ഞു.

content highlights:  Jayaraj Warrier talks about M.T. Vasudevan Nayar